SignIn
Kerala Kaumudi Online
Tuesday, 01 September 2026 3.39 PM IST

പ്രകൃതിഭംഗിയും സാഹസികതയും നിറഞ്ഞ യാത്രാനുഭവം: സഞ്ചാരികളെ കാത്ത് നമ്മുടെ തൊട്ടടുത്തുള്ള ഒരു വനഗ്രാമം

kothayar
പ്രതീകാത്മക ചിത്രം

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന യാത്രകൾ എന്നും മനസിൽ മായാതെ കിടക്കും. അത്തരത്തിൽ മനസിനും കണ്ണിനും കുളിർമയേകുന്ന കാഴ്ചകൾകൊണ്ട് വ്യത്യസ്തമായ ഒരു സ്ഥലമുണ്ട്. പറ‌ഞ്ഞുവരുന്നത് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ അധികമാരും കടന്നുചെല്ലാത്ത വനഗ്രാമമായ 'കോതയാറിനെ' കുറിച്ചാണ്.

സാഹസികതയും പ്രകൃതിഭംഗിയും ഒരുപോലെ ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഇവിടം സമ്മാനിക്കുന്നത് ഒരു ദൃശ്യവിരുന്നാണ്. പച്ചപ്പും തണുത്ത കാറ്റും നിറഞ്ഞ ഈ വനഗ്രാമം തികച്ചും വ്യത്യസ്തമായ ഒരു യാത്രാനുഭവമായിരിക്കും. മാർത്താണ്ഡത്തുനിന്ന് കന്യാകുമാരി നാഷണൽ ഹൈവേ റൂട്ടിലൂടെ 38 കിലോമീറ്റർ സഞ്ചരിച്ചാൽ കോതയാറിൽ എത്തിച്ചേരാം. പ്രസിദ്ധമായ തൃപ്പരപ്പ് വെള്ളച്ചാട്ടവും അതിനടുത്തുള്ള പുരാതന ക്ഷേത്രവും അവിടെനിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ കോടമഞ്ഞിൽ മുങ്ങിനിൽക്കുന്ന നെട്ട റിസർവോയറിന്റെ മനോഹാരിതയും കടന്നാണ് കോതയാറിലേക്ക് പ്രവേശിക്കുന്നത്.

പ്രവേശനഫീസ് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നാൽ പിന്നീട് പൂർണമായും പച്ചപ്പും വനവും നിറഞ്ഞ വഴികളാണ്. വൈകിട്ട് ആറിനുശേഷം റോഡുകളിൽ ആനകൾ ഇറങ്ങാൻ സാദ്ധ്യതയുള്ളതിനാൽ ഉച്ചയ്ക്ക് മുൻപായി ഇവിടെയെത്തുന്നതാണ് നല്ലത്. നിബിഡവനവും പേച്ചിപ്പാറ ഡാമിന്റെ മനോഹരമായ ദൃശ്യങ്ങളും ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച കരുത്തുറ്റ പാലവുമൊക്കെ ഈ യാത്രയിലെ പ്രധാന ആകർഷണങ്ങളാണ്.

ഈറ്റയും കാട്ടുനാരുകളും ഉപയോഗിച്ച് നിർമിച്ച വനവാസികളുടെ പരമ്പരാഗത ആഭരണങ്ങളും അടയ്ക്കാമരത്തിന്റെ പാള കൊണ്ടുള്ള വസ്ത്രധാരണ രീതികളും കാട്ടാനകളിൽ നിന്ന് രക്ഷപ്പെടാൻ തോട്ടങ്ങളിൽ നിർമിച്ചിട്ടുള്ള കൂറ്റൻ ഏറുമാടങ്ങളും കോതയാറിന്റെ തനത് കാഴ്ചകളാണ്. കാട്ടുപോത്ത്, ആന, പുലി തുടങ്ങിയ വന്യജീവികളുടെ സാന്നിദ്ധ്യമുള്ള ഈ വനപാതയിലൂടെയുള്ള യാത്ര ഏറെ സാഹസികത നിറഞ്ഞതാണ്. മാത്രമല്ല കാടിനുള്ളിലെ മനോഹരമായ വെള്ളച്ചാട്ടങ്ങളാണ് മറ്റൊരു പ്രധാന ആകർഷണം. നഗര തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയെ തൊട്ടറിയാൻ പറ്റിയ മികച്ചൊരു ഇടമാണ് കോതയാർ.

English Summary

Kothayar, an untouched forest village in Tamil Nadu's Kanyakumari district, offers adventurers unique natural beauty and serenity. Accessible via a forest checkpost, it features dense forests, waterfalls, Pechipara Dam views, and British-era bridges. Visitors may encounter wildlife like elephants and leopards; arriving before noon is recommended for safety.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTHAYAR, KANYAKUMARI, HIDDEN VILLAGE IN TAMILNADU, TRAVEL, TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY