യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളും തേടി യാത്രപോകുന്നവർ നിരവധിയാണ്. ഇത്തരത്തിൽ വ്യത്യസ്തവും ഒപ്പം ഒരുപിടി നല്ല അനുഭവങ്ങളും സമ്മാനിക്കാൻ കഴിയുന്ന ഒരിടം നമ്മുടെ കേരളത്തിലുണ്ട്. വിനോദസഞ്ചാരികളുടെ ഭൂപടത്തിൽ അധികമൊന്നും രേഖപ്പെടുത്താത്ത എന്നാൽ പ്രകൃതിഭംഗികൊണ്ടും തനിമകൊണ്ടും സഞ്ചാരികളെ ആകർഷിക്കുന്ന ഇടുക്കിയിലെ ഒരു കൊച്ചുമലയോര ഗ്രാമമായ പുളിക്കത്തടം.
കേൾക്കുമ്പോൾ അൽപ്പം അവിശ്വസനീയമായി തോന്നുമെങ്കിലും കേരളത്തിൽ കുടംപുളി മാത്രം കൃഷി ചെയ്യുന്ന ഒരു ഗ്രാമമാണിത്. തൊടുപുഴ-മൂലമറ്റം-വാഗമണ് റോഡിൽ നിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ പുളിക്കത്തടം ഗ്രാമമായി. ഈ പുളികളുടെ ലോകത്തിലേക്ക് മൂലമറ്രം ടൗൺ വഴി എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. മൂലമറ്രം ടൗണിൽ നിന്നും വാഗമൺ റൂട്ടിലേക്ക് തിരിഞ്ഞ്, ഇലപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ച്ചകളും പിന്നിട്ട് എടാട് ജംഗ്ഷനിൽ എത്തിച്ചേരുക. ഇവിടെ നിന്നുമാണ് പുളിക്കത്തടം ഗ്രാമത്തിലേക്കുള്ള ഇടുങ്ങിയതും കുത്തനെയുള്ളതുമായ പാത ആരംഭിക്കുന്നത്. ഓഫ്-റോഡ് യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഒരു വേറിട്ട അനുഭവമാകും ഈ യാത്ര.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മനോഹാരിത ആവോളമുണ്ട് ഈ ഗ്രാമത്തിന്. പച്ചപ്പട്ടണിഞ്ഞ് തണൽ വിരിച്ചു നിൽക്കുന്ന നൂറു കണക്കിന് പുളിമരങ്ങൾ. ഇതിനു സമീപം കളകളാരവം മുഴക്കി പാലരുവിയായി ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ. അങ്ങനെ പറയാനും കാണാനും ഏറെയുണ്ടിവിടെ. വലിപ്പമേറിയതും ഗുണമേന്മയുള്ളതുമായ ഇവിടുത്തെ കുടുംപുളികൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. കേവലം നാല്പതോളം കുടുംബങ്ങൾ മാത്രമുള്ള ഈ ഗ്രാമത്തിന് ശാന്തവും മനോഹരവുമായ അന്തരീക്ഷമാണ്. ഈ കുടുംബങ്ങളെ അന്നമൂട്ടുന്നത് കുടംപുളിയാണ്.
ജനുവരി, മാർച്ച് മാസങ്ങളിലാണ് ഇവിടെ കുടംപുളി പൂവിടുന്നത്. കടുത്ത വേനലിൽപ്പോലും ഇവിടുത്തെ പുളിമരങ്ങളുടെ ഇലകൾ പൊഴിയാറില്ലെന്നാണ് പറയപ്പെടുന്നത്. മഴക്കാലത്ത് അതീവ സുന്ദരിയാകുന്ന പുളിക്കത്തടം നഗരത്തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയോട് ഇണങ്ങി കുറച്ചു സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച ഇടമാണ്.
Pulickathadam, a small, lesser-known hill station village in Idukki, Kerala, is uniquely dedicated to the exclusive cultivation of Garcinia cambogia (kudampuli). This tranquil village, home to approximately 40 families reliant on the fruit, offers untouched natural beauty and an off-road experience for tourists. It provides a serene escape for those seeking nature away from urban bustle.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |