തിരുവനന്തപുരം: ബംഗാളിന് പിന്നാലെ കേരളത്തിൽ ജോലിച്ചെയ്യുന്ന അതിഥി തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിധയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലുള്ള ഒഡീഷ സ്വദേശികളെ ഘട്ടംഘട്ടമായി തിരികെ എത്തിച്ച് അവർക്ക് മികച്ച നൈപുണ്യ പരിശീലനവും തുടർന്ന് സ്വന്തം നാട്ടിൽ തന്നെ തൊഴിലും നൽകാനാണ് ഒഡിഷ സർക്കാർ പദ്ധതിയിടുന്നത്.
നേരത്തെ പശ്ചിമബംഗാളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കി ഇതരസംസ്ഥാനങ്ങളിലേക്കുള്ള തൊഴിലാളികളുടെ കുടിയേറ്റം കുറയ്ക്കാനുള്ള നീക്കം ബംഗാൾ സർക്കാർ ആരംഭിച്ചിരുന്നു. ഇതുമായിബന്ധപ്പെട്ട ആശങ്കകൾ ശക്തമാകുന്നതിനിടെയാണ് മലയാളികൾക്ക് ഇരുട്ടടിയായി ഒഡിഷയുടെ പുതിയ നീക്കം.
കേരളത്തിൽ ബംഗാളിൽ നിന്നുള്ളവർ കഴിഞ്ഞാൽ 20 ലക്ഷത്തോളം പേർ ഒഡിഷയിൽ നിന്നാണ്. നിർമാണ മേഖല ഉൾപ്പെടെയുള്ള തൊഴിൽ രംഗങ്ങളിൽ വലിയ സ്വാധീനമുള്ള ഒഡിഷ തൊഴിലാളികൾകൂടി കൂട്ടത്തോടെ മടങ്ങുന്നത് കേരളത്തിന് വലിയ പ്രതിസന്ധിയാകുമെന്ന ആശങ്ക ഇതോടെ ശക്തമായിരിക്കുകയാണ്.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഒഡിഷക്കാരുള്ളത്. ഏകദേശം 12 ശതമാനം പേരും ഇവിടെയാണ്. ഹോട്ടൽ, കൃഷി, കെട്ടിടനിർമാണ വ്യാവസായിക മേഖലകൾ എന്നിവ പൂർണമായും അതിഥി തൊഴിലാളികളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. അതിഥി തൊഴിലാളികൾ തിരികെ പോയാൽ അത് കേരളത്തിലെ നിർമാണ മേഖലയിൽ ഉൾപ്പെടെ വലിയ പ്രതിസന്ധിയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.
റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും. നെൽകൃഷിയെ ഉൾപ്പെടെ ഇത് ബാധിക്കുമെന്നാണ് നിലവിലെ ആശങ്ക. കയർ, കശുവണ്ടി മേഖലകളെയും ഇത് പ്രതികൂലമായി ബാധിച്ചേക്കും. കാരണം ഈ മേഖലകളിൽ കുറഞ്ഞ വേതനത്തിൽ ജോലിചെയ്യാൻ ആളില്ലാതാകും. സംസ്ഥാനത്ത് ഭൂരിഭാഗം ഹോട്ടലുകളിലെയും പാചകക്കാർ, സപ്ലയർമാർ എന്നിവർ അതിഥി തൊഴിലാളികളാണ്.
കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോയ ബംഗാൾ സ്വദേശികൾ തിരിച്ചെത്താൻ വൈകിയതിനെ തുടന്ന് കേരളം കടുത്ത തൊഴിലാളിക്ഷാമം നേരിട്ടിരുന്നു. തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതോടെ നിർമാണമേഖലയിലടക്കം കൂലി കുത്തനെ ഉയരുകയും സാധാരണ നിരക്കിന്റെ ഇരട്ടിയോളം കൂലി ആവശ്യപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു.
മലയാളികൾ കഠിനാധ്വാനം ആവശ്യമുള്ള ജോലികളിൽ നിന്ന് മാറിനിൽക്കുന്ന സാഹചര്യത്തിൽ ഒഡിഷ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ അസാന്നിദ്ധ്യം സംസ്ഥാനത്തെ സാമ്പത്തിക വളർച്ചയേയും സാരമായി ബാധിക്കാനിടയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Odisha has begun steps to bring back its migrant workers from Kerala, according to Odisha Deputy Chief Minister Pravati Parida. With nearly 2 million Odia workers employed in Kerala, especially in construction and other sectors, their mass return could create a significant labour shortage and economic challenge for Kerala.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |