മൂന്നാറിൽ നിന്ന് 44 കിലോമീറ്റർ മാത്രം അകലെയുള്ള കാർഷിക ഗ്രാമമാണ് വട്ടവട. പ്രകൃതി ഭംഗിയും തണുപ്പും കാരണം ഓരോ വർഷവും ലക്ഷക്കണക്കിന് സന്ദർശകരാണ് ഇവിടേക്കെത്തുന്നത്. ഏത് കാലാവസ്ഥയിലും മൂന്നാറിനേക്കാൾ നല്ല തണുപ്പായിരിക്കും ഇവിടം. മൂന്നാറിൽ നിന്ന് വട്ടവടയിലേക്ക് പോകുന്ന വഴിയും അതിമനോഹരമാണ്.
തേയില തോട്ടങ്ങൾക്കിടയിലൂടെ സഞ്ചരിച്ച് കുറച്ച് കിലോമീറ്ററുകൾ കഴിയുമ്പോൾ യൂക്കാലിപ്‌സ് മരങ്ങൾ കാണാം. ഈ വഴിയിലാണ് ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ് കുണ്ടള അണക്കെട്ട്, വ്യൂ പോയിന്റ് എന്നീ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുള്ളത്. പാമ്പാടും ഷോല നാഷണൽ പാർക്കിലൂടെയാണ് വട്ടവടയിലേക്കുള്ള യാത്ര. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുള്ളതിനാൽ ഇവിടെ വാഹനം നിർത്താനോ ചിത്രങ്ങൾ പകർത്താനോ പാടില്ല. പാമ്പാടും ഷോലയിൽ നിന്നും വളരെ കുറച്ച് ദൂരം മാത്രമേ വട്ടവടയിലേക്കുള്ലു.
അതിമനോഹര ഗ്രാമമായ വട്ടവടയിലെ ജനങ്ങൾ മലയാളവും തമിഴും കലർന്ന ഭാഷയാണ് സംസാരിക്കുന്നത്. തട്ടുതട്ടായി പഴവും പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളാണ് ഇവിടേക്ക് പോകാൻ ഉത്തമം. വട്ടവടയിൽ നിന്ന് കുറച്ച് ദൂരം സഞ്ചരിച്ചാൽ വട്ടവട ഗ്രാമം മുഴുവൻ കാണാൻ സാധിക്കുന്ന വ്യൂ പോയിന്റിലെത്താം. ഓഫ് റോഡ് യാത്രകൾക്കായി ജീപ്പ് സൗകര്യവും ലഭ്യമാണ്. കൂടാതെ വിഷാംശമില്ലാത്ത പച്ചക്കറികളും പഴങ്ങഴും വാങ്ങാം.
വട്ടവട ടൗണിൽ ഹണി മ്യൂസിയം ഉണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഹണി മ്യൂസിയം ആണിത്. ഗ്രാമത്തിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ ചിലന്തിയാർ വെള്ളച്ചാട്ടവും കാണാം. മനസും ശരീരവും കുളിർപ്പിക്കുന്ന അതിമനോഹര കാഴ്‌ചകളുള്ള വട്ടവടയിലെ അനുഭവങ്ങൾ നേരിട്ട് തന്നെ അറിയേണ്ടതാണ്.
Vattavada, an agricultural village near Munnar, attracts visitors with its cool climate, scenic landscapes and terraced farms. The route features attractions including Mattupetty Dam, Echo Point and Kundala Dam. Visitors can also explore viewpoints, jeep rides, the Honey Museum and Chilanthiyar Waterfalls while enjoying the village’s unique Malayalam-Tamil culture.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |