
സാമൂഹിക പരിഷ്കർത്താവ്, നിയമ നിർമ്മാതാവ്, വിദ്യാഭ്യാസ വിദഗ്ദ്ധൻ, സാമ്പത്തിക പരിഷ്കർത്താവ്, കാർഷിക വിപ്ലവകാരി, രാഷ്ട്രീയ പരിഷ്കർത്താവ് എന്നീ നിലകളിൽ ജനമനസുകളിൽ ചിരപ്രതിഷ്ഠനാണ് മഹാത്മാ അയ്യങ്കാളി. ഇരുട്ടിൽ ഉദയംകൊണ്ട സൂര്യൻ- ചുവന്ന സൂര്യൻ. ഉറഞ്ഞാടിയ ജാതിക്കോമരങ്ങളുടെ വാൾമുനയുടെ മൂർച്ച തേച്ചുകളഞ്ഞയാൾ.
തിരുവിതാംകൂറിന്റെ വിപ്ലവകാരി മാത്രമായിരുന്നില്ല അയ്യങ്കാളി. ഇന്ത്യയിൽ സാംസ്കാരികമായ മാറ്റത്തിന് ധ്വനിയുയർത്തിയോൻ. അദ്ദേഹത്തിന്റെ വില്ലുവണ്ടിസമരം കേരള രാഷ്ട്രീയത്തിൽ ധീരോദാത്തമായി, ചരിത്രമായി. 1898-1900 കാലഘട്ടങ്ങളിൽ ബാലരാമപുരം മുതൽ പള്ളിപ്പുറം വരെ അദ്ദേഹത്തിന്റെ സമരകാഹള പ്രദേശങ്ങളായി. ഈ പ്രദേശത്തെ മാടമ്പികളുമായി അദ്ദേഹവും കൂട്ടരും ആശയപരമായി ഏറ്റുമുട്ടി. തെരുവുകളിൽ രക്തം ചൊരിഞ്ഞെങ്കിലും സ്വന്തം സമുദായത്തിലും അധഃസ്ഥിത വിഭാഗങ്ങൾക്കിടയിലും മഹാത്മാ അയ്യങ്കാളി ആരാദ്ധ്യപുരുഷനായി.
മഹാനായ അയ്യങ്കാളിയെ ശിവാസ് വാഴമുട്ടം രചിച്ച 'ഇരുൾ കീറിവന്ന സൂര്യൻ - അയ്യങ്കാളി" എന്ന കാവ്യാത്മക ജീവചരിത്ര കൃതിയിലൂടെ അനുവാചകനെ പരിചയപ്പെടുത്തുകയാണ്. മലയാളിക്ക് ഈ കൃതി ശിവാസിന്റെ ശ്രദ്ധേയമായ സംഭാവനയാണ്. ഒരു വിപ്ളവ ചരിത്രഗാഥയായി ഈ കാവ്യാത്മക ജീവചരിത്രകൃതി ശാശ്വതമായി നിലനിൽക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അഷ്ട ശീർഷകങ്ങളിൽ അവസാനിക്കുന്ന ഈ കൃതിയുടെ അവസാനം ചേർത്തിട്ടുള്ള ചിത്രങ്ങളും ചരിത്ര സംഭവങ്ങളെ നമ്മുടെ മനസിൽ കോറിയിടുന്നവയാണ്.
കവിയും പ്രഭാഷകനും ഗാനരചയിതാവും ചരിത്രകാരനുമായ ശിവാസ് വാഴമുട്ടം അയ്യങ്കാളിയെക്കുറിച്ച് ഇത്തരത്തിലുള്ള ഒരു ജീവചരിത്ര കാവ്യം രചിച്ചത് അപൂർവത സൃഷ്ടിക്കുക മാത്രമല്ല ആദരണീയതയുടെ കിരീടംകൂടി മഹാനായ അയ്യങ്കാളിക്ക് ചാർത്തുകയാണ്. കൃതിയിലെ ഒന്നാം ഭാഗമായ 'ബാലനൊമ്പരങ്ങൾ" ഒരു സാമൂഹിക രാഷ്ട്രീയ പരിഷ്കർത്താവായ വിപ്ളവകാരിയായ അയ്യങ്കാളിയുടെ ബാലമനസിലെ ചിന്തകളും സാമൂഹിക അസമത്വത്തിന്റെ അസ്വസ്ഥചിന്തകളും അനുവാചകന് നൽകുന്നതാണ്.
രോഷകൗമാരത്തെക്കുറിച്ചാണ് രണ്ടാംഭാഗത്തിൽ പ്രതിപാദിക്കുന്നത്. മൂന്നാം ഭാഗമായ 'അവതാര താരക"ത്തിൽ വിദ്യാഭ്യാസ രംഗത്തുണ്ടായ അതിവിപ്ളവകരമായ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്ന മുഹൂർത്തങ്ങൾ സൃഷ്ടിച്ച അയ്യങ്കാളിയുടെ ചുവന്ന സൂര്യന്റെ പ്രകാശം ശിവാസ് വാഴമുട്ടത്തിന്റെ വരികളിലെവിടെയോ തെളിഞ്ഞുകാണാം. നാലാം ഭാഗത്തിന്റെ ശീർഷകം 'ഇരുൾ വിഴുങ്ങിയ ലോകം" എന്നാണ്. വിപ്ലവത്തിന്റെ ശംഖൊലി ഈ ഭാഗത്ത് വ്യക്തമായി കേൾക്കാം.
'തലയെടുപ്പുള്ള ഗജഭാവം" എന്ന അഞ്ചാംഭാഗത്തിൽ അയ്യങ്കാളിയുടെ മഹത്വത്തിന്റെ വ്യക്തിവൈഭവം ഒരു കൊടുമുടി പോലെ ചിത്രീകരിക്കാൻ കാവ്യക്കരുക്കൾ എങ്ങനെ വിനിയോഗിക്കാമെന്ന് ശിവാസ് വാഴമുട്ടം എന്ന കവിയുടെ വൈഭവം തെളിയിക്കുന്നു. ഏഴാം ഭാഗം 'സ്മരണാഞ്ജലി"യും അവസാനഭാഗം മഹാത്മാഗാന്ധി- അയ്യങ്കാളി സംഗമ സ്മരണയുടെ പ്രതിപാദ്യവുമാണ്. 1937- ൽ ഗാന്ധിജി വെങ്ങാനൂരിൽ മഹാനായ അയ്യങ്കാളിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആകൂടിക്കാഴ്ചയുടെ 88-ാം വാർഷികം ആഘോഷിച്ചപ്പോൾ കവിയായ ശിവാസ് വാഴമുട്ടം എഴുതി അവതരിപ്പിച്ച കവിതയാണ് എട്ടാമത്തെ ഭാഗമായി ചേർത്തിട്ടുള്ളത്.
പ്രസാധകർ: പ്രഭാത് ബുക്ക് ഹൗസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |