ന്യൂയോര്‍ക്ക്: ഏതൊരു കായികതാരത്തിനും തന്റെ കരിയറില്‍ നിര്‍ണായക സ്ഥാനമുള്ള മൈതാനമുണ്ടാകും. ചിലപ്പോള്‍ അത് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചതിനാലാകാം മറ്റ് ചിലപ്പോള്‍ അത് കായിക ഭൂപടത്തില്‍ ഒരു താരത്തിന്റേയോ ടീമിന്റേയോ ദുരന്തത്തെ വരച്ചിട്ടതിലൂടെയും ആകാം. അമേരിക്കയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിന് ലയണല്‍ മെസിയോടും അര്‍ജന്റീന ടീമിനോടും ഉള്ളത് അത്തരമൊരു ബന്ധമാണ്. ഒരിക്കല്‍ എല്ലാത്തിന്റേയും അവസാനവും തുടക്കും അവിടെ നിന്നായിരുന്നു. മെസിയുടെ കരിയറിനെ രണ്ട് ഭാഗങ്ങളായി തിരിച്ചാല്‍ അത് മെറ്റ്‌ലൈഫിലെ ആ വിഖ്യാതമായ ഫൈനലിന് മുമ്പും ശേഷവും എന്ന് വിശേഷിപ്പിക്കാം.
2016 ജൂണ്‍ 26ന് മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ ശതാബ്ദി കോപ്പയിലെ ഫൈനലില്‍ ചിലിയോട് തോറ്റ വിഷമം സഹിക്കാനാകാതെ ലയണല്‍ മെസ്സി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചിരുന്നു. ദീര്‍ഘകാലം ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ മെസ്സി തയ്യാറായില്ല. രാജ്യത്തെ പ്രസിഡന്റും ഉന്നത രാഷ്ട്രീയ നേതാക്കളും മെസ്സിയോട് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളും യുവാക്കളും തെരുവിലിറങ്ങുകയും കത്തുകളും അഭ്യര്‍ത്ഥനകളും എഴുതുകയും ചെയ്തു. എന്നാല്‍ മെസ്സി തീരുമാനത്തില്‍ ഉറച്ച് നിന്നു. 2014 ലോകകപ്പ് ഫൈനല്‍, 2015 കോപ്പ അമേരിക്ക ഫൈനല്‍, 2016ലെ ശതാബ്ദി കോപ്പയിലെ ഫൈനല്‍ എന്നിങ്ങനെ അടുപ്പിച്ചുള്ള മൂന്ന് തോല്‍വികള്‍ മാനസികമായി അയാളെ തളര്‍ത്തിയിരുന്നു.
തന്റെ രാജ്യത്തിനായി ഇനിയൊന്നും ചെയ്യാനില്ലെന്നും പരമാവധി ശ്രമിച്ചുവെന്നും അയാള്‍ ഉറച്ച് വിശ്വസിച്ചു. ഒടുവില്‍ മെസ്സിയില്ലാതെ റഷ്യന്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ അര്‍ജന്റീന ഇടറി. യോഗ്യത പോലും നേടില്ലെന്ന് ഉറപ്പായ ഘട്ടത്തില്‍ ഒടുവില്‍ താരം തിരികെയെത്തി. ദേശീയ കുപ്പായത്തില്‍ അയാളുടെ ഇടങ്കാല്‍ പിന്നെയും മാന്ത്രികത പുറത്തെടുത്തപ്പോള്‍ അര്‍ജന്റീന റഷ്യയിലേക്ക് ടിക്കറ്റുറപ്പിച്ചത് അവസാന മത്സരത്തിലെ ജയത്തിന്റെ ആനുകൂല്യത്തില്‍. എന്നാല്‍ റഷ്യയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് 4-3ന് തോല്‍വി വഴങ്ങി അര്‍ജന്റീന പുറത്തായി. ഇത് മെസ്സിയുടെ അവസാന ലോകകപ്പെന്ന് കളിയെഴുത്തുകാരും ഇതിഹാസങ്ങളും വിധിയെഴുതി.
യോര്‍ഗെ സാംബോളി രാജിവച്ചൊഴിഞ്ഞ സ്ഥാനത്തേക്ക് അര്‍ജന്റീനക്കാരുടെ നെറ്റിചുളിപ്പിക്കുന്ന തീരുമാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തി. ലയണല്‍ സ്‌കലോണി ദേശീയ ടീമിന്റെ മുഖ്യപരിശീലകന്‍. അര്‍ജന്റീനയുടെ കഷ്ടകാലത്തിന്റെ അവസാനമായിരുന്നു അവിടെ ആരംഭിച്ചത്. സ്‌കലോണിയുടെ നിരന്തര അന്വേഷണങ്ങളും നിരവധി താരങ്ങളെ മാറ്റി മാറ്റിയുള്ള പരീക്ഷണങ്ങളും തുടര്‍ന്നു. ഒടുവില്‍ മെസ്സിക്ക വേണ്ടി കൊല്ലാനും ചാകാനും തയ്യാറായ ഒരു സംഘം താരങ്ങളെ സ്‌കലോണി രാകിമിനുക്കിയെടുത്തു. വര്‍ഷങ്ങളായി ഒരു കിരീടമില്ലാത്ത അര്‍ജന്റീനയുടെ വറുതിക്കാലം അവസാനിച്ചത് ചിരവൈരികളായ ബ്രസീലിനെതിരെ അവരുടെ ഫുട്ബോളിന്റെ പറുദീസയായ മാരക്കാന സ്റ്റേഡിയത്തില്‍ 2021ലെ കോപ്പ കിരീട നേട്ടം മെസ്സിക്ക് ആദ്യ രാജ്യന്തര കിരീടത്തിന്റെ അലങ്കാരം നല്‍കി.
തൊട്ടടുത്ത വര്‍ഷം യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയെ തകര്‍ത്ത് ഫൈനലിസിമ കിരീടവും മെസ്സിയും സംഘവും ഉയര്‍ത്തി. ഖത്തറില്‍ ലോകകപ്പിനെത്തി ഫുട്ബോള്‍ ലോകകപ്പ് കണ്ട ഏറ്റവും വലിയ അട്ടിമറിയില്‍ സൗദിയോട് 2-1ന് തോറ്റ് തുടങ്ങി. അതേ ലുസൈല്‍ സ്റ്റേഡിയത്തില്‍ മെസിയും കൂട്ടരും 2022 ലോകകപ്പ് കിരീടം ഉയര്‍ത്തി. 1986ല്‍ മെക്സിക്കോയില്‍ സാക്ഷാല്‍ മറഡോണയ്ക്ക് ശേഷം ഓരോ അര്‍ജന്റീനക്കാരനും കാത്തിരുന്നു ആ വിശ്വകിരീട നേട്ടം അന്നാട്ടുകാര്‍ മതിമറന്ന് ആഘോഷിച്ചത് ഒരാഴ്ചയോളമാണ്. അവിടെയും ഒന്നും അവസാനിച്ചില്ല. 2024ല്‍ വീണ്ടും കൊപ്പ കിരീടം വിജയകരമായി ഡിഫന്‍ഡ് ചെയ്തു. അമേരിക്കയില്‍ ലോകകപ്പിനെത്തിയപ്പോള്‍ പ്രതീക്ഷയുടെ അമിതഭാരങ്ങളുണ്ടായിരുന്നില്ല.
കലാശപ്പോരില്‍ ശക്തരായ സ്‌പെയിനിന് മുന്നില്‍ ഒന്നും ചെയ്യാനാകാതെ നിസഹായനായി മെസ്സി നില്‍ക്കുമ്പോള്‍ അത് ഏതൊരു കായിക താരത്തിന്റേയും ജീവിതത്തില്‍ സംഭവിക്കാവുന്ന ഒരു മോശം ദിവസം മാത്രമാണ്. ഇതിഹാസതുല്യരായ പല താരങ്ങളും ലോകകപ്പ് മാമാങ്കത്തിന്റെ ഭാഗമാകാതെ ബൂട്ടഴിച്ചിട്ടുണ്ട്. അവിടെ ആറ് ലോകകപ്പുകള്‍ കളിക്കുകയും അതില്‍ മൂന്ന് ഫൈനലുകളില്‍ രാജ്യത്തെ നയിക്കുകയും ഒരിക്കല്‍ വിശ്വകിരീടം സ്വന്തം നാടിന് നേടിക്കൊടുക്കുകയും ചെയ്ത താരമാണ് മെസ്സി. ഇത്തവണ ഫൈനലില്‍ പരാജയപ്പെട്ടുവെങ്കിലും ലോകകിരീടത്തിന് മെസ്സിയുടെ മുത്തമേറ്റതാണ് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ തോല്‍വി നിങ്ങളെ ഒരിക്കലും ചെറിയവനാക്കുന്നില്ല. യു ആര്‍ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം.
metlife stadium to metlife stadium what happened in messi come back
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |