
ചാട്ടുളി പോലെ ഹൃദയത്തിൽ വന്നു തറച്ച് ചോര ചീറ്റിക്കുന്ന കഥകളുണ്ട്. രോഷത്തിന്റെ തീപ്പൊരികൾ ചിതറിക്കുന്ന കഥകളുണ്ട്. ശീതളമായ ചാന്ദ്രരശ്മികൾ പോലെ വന്ന് ഹൃദയത്തെ തഴുകി ശാന്തമാക്കുന്ന കഥകളുമുണ്ട്. അതേ പോലെ വിവിധ തരത്തിൽ മനസിനെ സ്വാധീനിക്കുന്ന കഥകളുടെ സമാഹാരമാണ് എം. രാജേന്ദ്രപ്രസാദിന്റെ ' ആത്മനിർഭർ നാരി '.
ചരിത്രത്തിൽ അടയാളപ്പെടുത്താതെ, പൂജ്യങ്ങൾ മായ്ക്കുന്നത്, ഇര, ആത്മനിർഭർ നാരി, വീട്ടിലേയ്ക്കുള്ള ദൂരം, ശ്വാസത്തിൽ ചേർന്നത് തുടങ്ങിയ 12 കഥകൾ. പുഷ്പ എന്ന ഒറ്റപ്പെട്ടുപോയ സ്ത്രീയുടെ ജീവിതമാണ് വീട്ടിലേയ്ക്കുള്ള ദൂരം. പഠിക്കാൻ മണ്ടിയായതുകൊണ്ട് പത്താം ക്ലാസിനപ്പുറം പോയില്ല. നാട്ടിൻ പുറത്തിന്റെ എല്ലാ നിഷ്കളങ്കതയും പേറിയ കൗമാരം. യൗവനത്തിൽ ആങ്ങളമാർ അവളുടെ വിവാഹം നടത്തിയെങ്കിലും അമ്പേ പരാജയം. എല്ലാവരേയും വെറുത്ത അവൾ മനോരോഗിയായി. പിന്നെ ചികിത്സ. അസുഖം ഭേദമായെങ്കിലും അഗതിമന്ദിരത്തിലാക്കി. ആധുനിക സൗകര്യങ്ങളുള്ള ഒരു വൃദ്ധസദനത്തിനും കിട്ടാത്ത സ്വാസ്ഥ്യം സ്വന്തം ഇടത്ത് മാത്രമേ ലഭിക്കൂ എന്നൊരു സന്ദേശം കൂടി തരുന്ന കഥയാണത്.
'ആത്മനിർഭർ നാരി' പോലെ ഉള്ളുലച്ച ഒരു കഥയും ഞാൻ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല. മഹാമാരി പൊട്ടിപ്പുറപ്പെട്ടതുകാരണം ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചപ്പോൾ ജോലിയും കൂലിയുമില്ലാതെ ഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള ദരിദ്രരുടെ കോളനിയിൽ നിന്ന് മറ്റുള്ളവരോടൊപ്പം മരണഭീതിയാൽ ഗ്രാമങ്ങളിലേയ്ക്ക് പലായനം ചെയ്യുന്ന ആയിരക്കണക്കിന് പാവപ്പെട്ടവർ. ഒന്നോ രണ്ടോ തുണിക്കെട്ടുകളിലായി പ്രിയപ്പെട്ട പലതും ഉപേക്ഷിച്ച് തിടുക്കത്തിൽ അത്യാവശ്യം വേണ്ടത് മാത്രമെടുത്ത് തകരപ്പാളികൊണ്ടുള്ള വാതിൽ മരക്കുറ്റിയോട് ചേർത്തടച്ചു കൊളുത്തിട്ടു പൂട്ടി ഭർത്താവും മൂന്നു കുട്ടികളുമൊത്തു നാനൂറ്റിയൻപത് കിലോമീറ്റർ അകലെയുള്ള സ്വന്തം ഗ്രാമത്തിലേക്കുള്ള യാത്ര തുടങ്ങുകയാണ് പിഹു എന്ന വീട്ടമ്മ. വാഹനങ്ങൾ കിട്ടാനില്ല. പകൽ ചുട്ടപൊള്ളുന്ന വെയിലത്തു കാൽനട യാത്ര. കുട്ടികൾ തളർന്നു. കാലിലെ തൊലി പൊട്ടി. ട്രക്കുകൾ ആളുകളെ കൊണ്ട് തിങ്ങി ഞെരുങ്ങി പോകുന്നുണ്ട്. അല്പം ഇടമുള്ള ഒരു ട്രക്കിൽ പിഹു ഭർത്താവിനെയും ഇളയ കുട്ടിയേയും മകനെയും കയറ്റി വിടുന്നു. വേണമെങ്കിൽ കയറിക്കോ എന്ന് ട്രക്കിൽ ഉണ്ടായിരുന്ന ഒരു പുരുഷൻ പറയുന്നുണ്ട്. സ്ത്രീകൾ കുറവായ ആ വണ്ടിയിൽ പുരുഷന്മാർക്കിടയിൽ ഞെങ്ങിഞെരിഞ്ഞു യാത്ര ചെയ്യാൻ സ്ത്രീ സഹജമായ അഭിമാനം അവളെ പിന്നിലേക്കാണ് വലിച്ചത്.ഒരു മകളെയും കൊണ്ട് വീണ്ടും നടക്കുന്ന പിഹുവിന് പനി ബാധിച്ചതോടെ പൊലീസുകാരൻ ഉൾപ്പെടെ ആളുകൾ അവളെ ആട്ടിപ്പായിച്ചു. അടുത്തുള്ള ആശുപത്രിയിൽ പോലുമെത്താനാവാതെ മകളെ കെട്ടിപ്പിടിച്ചുകൊണ്ട് ശ്വാസം കിട്ടാതെ വഴിയോരത്തു കിടക്കുന്ന പിഹുവിന്റെ ചിത്രം അതിദയനീയമാണ്. നമ്മുടെ രാജ്യത്ത് ഇതുപോലെ എത്രയോ സ്ത്രീകൾ വീണു മരിച്ചു വീണിട്ടുണ്ടാവും. ' ആത്മനിർഭരത എന്ന വാക്കിന്റെ ഭയാനകമായ വിരോധാ ഭാസമാണ് പിഹു എന്ന പാവപ്പെട്ട സ്ത്രീകഥാപത്രത്തിന്റെ ദയനീയതയിലൂടെ കഥാകൃത്ത് വരച്ചു കാട്ടുന്നത് ' എന്ന് അവതാരികയിൽ ടി.കെ സന്തോഷ്‌കുമാറിന്റെ നിരീക്ഷണം വളരെ കൃത്യമാണ്.
മഹാമാരിയുടെ പശ്ചാതലത്തിൽ എഴുതിയ മറ്റൊരു കഥയാണ് 'തൊട്ടുകൂടായ്മ'.ജാതീയമായ തൊട്ടുകൂടായ്മയല്ലിത്. അണുബാധ ഏൽക്കാതെ ശാരീരികാകലം സൂക്ഷിക്കാനുള്ള അയിത്തം.
ബൈസ്റ്റാൻഡർ എന്ന കഥ മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന വേറിട്ട ഒരു കൂട്ടിരിപ്പുകാരനെയാണ് കാണിച്ചു തരുന്നത്.
ഞെട്ടിക്കുന്ന ക്ലൈമാക്സാണ് 'ശ്വാസത്തിൽ ചേർന്നത് ' എന്ന കഥയുടേത്. അമേരിക്കയിലെ ഷിക്കാഗോയിലുള്ള മകളെ സന്ദർശിക്കാൻ ഭാര്യയുമായി വന്നതായിരുന്നു അയാൾ. യവ്വനം ത്രസിച്ചു നിന്ന കാലത്ത് അയാൾക്ക് ആലിസ് എന്നൊരു കാമുകിയുണ്ടായിരുന്നു. മുപ്പത് വർഷം മുൻപ് പിരിഞ്ഞ അവളെ പിന്നീടൊരിക്കലും അയാൾ കണ്ടിട്ടില്ല. ഷിക്കാഗോയിൽ അവളുണ്ട് എന്നും കാണാൻ ആഗ്രഹമുണ്ടെന്നുമുള്ള അറിവ് അപ്രതീക്ഷിതമായിട്ടാണ് അയാൾക്ക് കിട്ടുന്നത്. വില്ലീസ് ടവറിൽ വച്ച് തമ്മിൽ കാണാം എന്നും അവർ തീരുമാനിക്കുന്നു. പഴയ കൂട്ടുകാരിയെ ഒരു സർപ്രൈസ് ആയി ഭാര്യക്കും മകൾക്കും പരിചയപ്പെടുത്താം എന്ന് കരുതിയാണ് അവരുമൊത്ത് അയാൾ വില്ലീസ് ടവറിലേക്ക് പോകുന്നത്. അയാൾ ഒറ്റക്ക് ആലീസിനെ കാത്തു നിൽക്കുമ്പോൾ അവളുടെ മകൾ അശ്വതിയാണ് അയാളെ ആദ്യം വന്ന് പരിചയപ്പെടുന്നത്. അവൾ ചെന്ന് അമ്മയെ അയാളുടെ അടുത്തേക്ക് പറഞ്ഞു വിടുന്നു. അശ്വതി യഥാർത്ഥത്തിൽ ആരാണെന്ന് ആലിസിൽ മനസ്സിലാക്കുമ്പോൾ അയാൾ മാത്രമല്ല കഥ വായിക്കുന്ന നമ്മളും ഞെട്ടിപ്പോകും. ഒളിപ്പിച്ചു വച്ച രഹസ്യമാണ് ആ കഥയുടെ ശ്വാസം.
വളർത്തുമൃഗങ്ങളെ കുറിച്ച് എഴുതിയ ധാരാളം കഥകൾ വായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പൂച്ചകൾ കഥാപാത്രമാകുന്ന കഥകൾ. പക്ഷെ അവയിൽനിന്നൊക്കെ വേറിട്ട് നിൽക്കുന്നു 'ഇര'. യുവാവും സുന്ദരനുമായ ഒരു പൂച്ച യുടെ ആത്മസംഭാഷണം പോലെയാണ് കഥയുടെ അവതരണം. കാമുകനും കാമുകിയും അവരുടെ പ്രണയവും വില്ലനും ദ്വന്ദയുദ്ധവും ഒളിച്ചുപാർപ്പും ഒടുവിൽ പ്രതിനായകന്റെ അപ്രതീക്ഷിത വീഴ്ചയുമൊക്കെ ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ചത്. ഒരു അവകാശവാദവും മുന്നോട്ടുവയ്ക്കാതെ, സൗമ്യഭാഷയിലെഴുതിയ സുഖകരമായി വായിച്ചു തീർക്കാവുന്ന പുസ്തകമാണെങ്കിലും വായിച്ചു കഴിയുമ്പോൾ ഹൃദയത്തിൽ ഒരു നീറ്റൽ ബാക്കിവയ്ക്കുന്നുണ്ട് പുസ്തകം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |