
മഹാകവി കുമാരനാശാന്റെ കവിതയിലെ രണ്ട് പ്രധാനപ്പെട്ട ബിംബ രചനാ സാമഗ്രികളാണ് ജലവും അഗ്നിയും. അവയെ ഒന്നാക്കിക്കൊണ്ട് ജലാഗ്നിരൂപൻ എന്ന ഉജ്ജ്വലമായ രൂപകം രൂപപ്പെടുത്തി മഞ്ചു വെള്ളായണി മലയാള കാവ്യലോകത്ത് ഒരു നവതരംഗം സൃഷ്ടിച്ചിരിക്കുകയാണ്. കവിയും പത്രപ്രവർത്തകനുമായ മഞ്ചു വെള്ളായണിയുടെ പേര് കേൾക്കുമ്പോൾ തന്നെ വെള്ളായണിക്കായൽ പെട്ടെന്ന് ചിറ്റോളങ്ങളുയർത്തി മാനസ സരസ്സിൽ ഉർവ്വരതയുണർത്തുന്നു. അതിനാൽത്തന്നെ ഒരു ജലസ്പർശം കവിയുടെ ജലജമന്തികൾ എന്ന കാവ്യസമാഹാരത്തിലും ഒളിവിതറുന്നു.
പത്ത് ഖണ്ഡങ്ങളിലായി മഹാകവി കുമാരനാശാന്റെ കാവ്യസപര്യയിലേക്കും ജീവിത വീഥികളിലേക്കും പ്രകാശം പരത്തുന്ന ജലാഗ്നിരൂപൻ സഹൃദയരായ വായനക്കാരെ തൃപ്തിപ്പെടുത്താൻ പോന്ന തരത്തിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.
കായിക്കര മൊഴി, കോലത്തുകര മൊഴി, നെയ്യാർ മർമ്മരം, കൊടിതൂക്കിമല മൊഴി, പെരിയാർ മർമ്മരം, ഗരിസപ്പാ മർമ്മരം, തമസാമർമ്മരം, തോന്നയ്ക്കൽ മൊഴി, ശിവഗിരി മൊഴി, പല്ലനയാറിന്റെ മർമ്മരം എന്നിങ്ങനെയാണ് ഉള്ളടക്കം .
കാവ്യാരംഭത്തിൽത്തന്നെ വല്ലാത്തൊരു മുഴക്കം അനുവാചകൻ അനുഭവിച്ചറിയുന്നു.
''കടൽകണ്ട് കൺനിറഞ്ഞവൻ
തിരമാലകൾ ചാർത്തി വന്നവൻ
നളിനങ്ങളിൽ പട്ടുടുത്തവൻ
പുളിനങ്ങളിൽ വിത്തെറിഞ്ഞവൻ"
അതേ, കവിതക്കരയിൽ ആമോദത്തിന്റെ, സ്നേഹാർദ്രതയുടെ വിത്ത് വിതച്ച് കവിതയെ കായിക്കരമൊഴിയിൽ കവിതക്കരയാക്കുന്ന എഴുത്തിന്റെ ഇന്ദ്രജാലം. ആശാൻ കവിതകളുടെ ജലാഗാധതകളിലൂടെ അനുവാചക മാനസങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന കവി ആ ജലാഴത്തിന്റെ ഏഴഴകിൽ അഗ്നിനേത്രങ്ങൾ കണ്ട് അത്ഭുതപരതന്ത്രനാകുന്നു.
ആശാൻ കവിതകളിൽ വെള്ളവും തീയും ഒരേ സമയം മിത്രവും ശത്രുവുമാണ്.
വിശ്വദർശന ചക്രവാളത്തിലെ ശുക്ര നക്ഷത്രമായി വീണപൂവിനെ പ്രിയങ്കരനായ വയലാർ എഴുതി
വികാരവതി നീ വിരിഞ്ഞുനിന്നപ്പോൾ
വിരൽതൊട്ടുണർത്തിയ ഭാവനകൾ - കവിഭാവനകൾ!
അൻപത്തിയൊന്നാം വയസിലേക്കു കടക്കുന്ന കുമാരനാശാനെ അവതരിപ്പിച്ചുകൊണ്ടാണ് ശിവഗിരി മൊഴി എന്ന ഖണ്ഡമാരംഭിക്കുന്നത്. ഭാര്യയേയും കുട്ടികളെയും ഗുരുദേവൻ ദർശിച്ചതിന്റെ പുണ്യം നുകർന്ന പ്രായം. ആലുവയിലേക്കുള്ള യാത്ര.
ഗുരുവിനോട് യാത്ര ചോദിക്കാൻ ആശാൻ ശിവഗിരിയിൽ എത്തുമ്പോൾ ആലുവാപ്പുഴയിൽ നിന്നും വീശിയ അദ്വൈതക്കാറ്റ് എന്താണ് പറയുന്നത്.
''ചിറകെന്തിന് മുകിൽ പറക്കാൻ
ദിനകരനില്ല പരവതാനി
പവനനാത്മ പ്രശംസ വേണോ
സ്തുതിഗതിയല്ല വിധിപ്രവാഹം"!
പിന്നെയുമുണ്ട് ഇമ്മാതിരിയുള്ള ഹൃദയഹാരിയായ ചതുഷ്പദികൾ.
''കവിഭാവനയ്ക്കില്ല നിദ്രകൾ
അകമണിവാതിൽ തുറന്നിരിപ്പവർ
ക്രമമില്ല തടവിൽ ചിന്തകൾ
കഥ - വ്യഥ കൈവിലങ്ങഴിച്ചവർ
അരമണിവാതിൽ തുറന്നിരിപ്പവർ" എന്ന പ്രയോഗം ഗംഭീരമെന്നെ പറയേണ്ടൂ.
തമസയിലും പെരിയാറിലും ഗംഗയുണ്ട്. പെരിയാറ്റിൻകരയിൽ അദ്വൈതാശ്രമമുണ്ട്. അവിടെ ഗുരുവുണ്ട്.
ജലത്തിന് ജീവതാളം അഗ്നിക്ക് ലയനതാളം. ഈ അതിമനോഹര രചനയിൽ പ്രകൃതിയും മനുഷ്യജീവിതവും ഗുരുദർശനവുമാണ് കൂടുതൽ കരുതലോടെ കവി ആവിഷ്കരിച്ചിരിക്കുന്നത്.
ഗംഗയേയും അഗ്നിനേത്രനെയും ശിരസിൽ അണിഞ്ഞിരിക്കുന്ന സാക്ഷാൽ ശിവഭഗവാനും ആശാനും ആവാഹിക്കപ്പെടുകയാണ് ജലാഗ്നിരൂപനിലൂടെ.
പ്രിയരെ, ഈയടുത്ത കാലത്തായി മലയാള കാവ്യധാരയിൽ ഇമ്മാതിരി പദലാവണ്യത്തികവുള്ള ഒരു രചന അപൂർവമാണെന്നു മാത്രം കുറിക്കട്ടെ. ഗുരുദേവനിലുള്ള സമർപ്പണബോധവും ആശാനോടുള്ള പറഞ്ഞറിയിക്കാൻ കഴിയാത്ത സ്നേഹാർദ്രതയും ഇഴചേർന്നൊരുങ്ങുന്ന ഈ മനോഹര കാവ്യശില്പം കാലത്തിന്റെ കരങ്ങളിൽ സുഭദ്രമായിരിക്കും. തീർച്ച.
ഒരിക്കലും അസ്തമിക്കാത്ത പ്രതിഭാ പ്രകാശം നെഞ്ചകത്തേറ്റി ദിവസപഥങ്ങൾ താണ്ടുന്ന മഞ്ചു വെള്ളായണിക്ക് ഇനിയുമിനിയും ഇതിനേക്കാൾ മികച്ച രചനാരീതി വിധാനങ്ങൾ ഒരുക്കുവാൻ കഴിയുമെന്ന് വിശ്വസിക്കാം.
അവിരാമമൊഴുകുന്ന ഒരു പുഴയാണ് കവിമനസ്. ആ കവി മാനസത്തിൽ എന്നും ആദർശത്തിന്റെ ഒരഗ്നി വീണയുമായി കുമാര മഹാകവി ഉണ്ടായിരുക്കുമെന്നതിനു രണ്ടു പക്ഷമില്ല.
''പുലരൊളികളിഷ്ട ഭോജനം
ഇരുളറ്റൊരു മൗനഭാജനം
മുകിൽ നെയ്‌ത്തുശാല കണ്ടവൻ
കല, കാവ്യകലയണിഞ്ഞവൻ"
ഓരോ അനുവാചക മാനസങ്ങളും സ്വന്തം ഹൃദയവിപഞ്ചികയിൽ മീട്ടാൻ കൊതിപ്പിക്കുന്ന വരികൾ!
ഫോൺ: 9388830966
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |