SignIn
Kerala Kaumudi Online
Tuesday, 19 May 2026 1.27 AM IST

പൊൻ വിഷുക്കണി

ss

നാട്ടുമാമ്പഴമണമുള്ള കാറ്റിന്റെ

പാട്ടിലിന്നു വിരുന്നുവരുന്നൊരു

നവ്യഹർഷപ്രദായകമാകുമീ ദിവ്യ-

ചൈത്രത്തിൻ സങ്കീർത്തനങ്ങളേ,​

എത്രമേൽ ഞാൻ പുകഴ്ത്തുന്നതിന്മേലേ -

ചിത്രവർണ്ണാങ്കിതമീ വിഷുക്കാഴ്ചകൾ!

സ്വർണഭൂഷിതം വെള്ളരിക്കായ്കളും

മിന്നിയാടുന്ന കൊന്നക്കതിർകളും

വീട്ടുമുറ്റം സുഗന്ധം പരത്തുന്ന

തേൻവരിയ്ക്കതൻ സൗഭഗമൊക്കെയും

ഓട്ടുരുളിയിൽ അമ്മ പകർത്തുന്ന

കാഴ്ചകളെത്ര വിസ്മയം, ശോഭനം!

കാതിലിന്നും കിലുങ്ങും കൈനീട്ടത്തിൻ

ചാരുതയെത്ര, പോയൊരാനഷ്ടവും!

പുത്തരി ചേർത്തുവച്ച വിഷുക്കണി

ഒത്തുചേരലിൻ സൗന്ദര്യമൊക്കെയും.

മാമ്പഴക്കാളനെത്ര നുകർന്നാലും

ചോർന്നുപോകാ രുചിമേളമൊക്കെയും

മൂത്ത ചക്കച്ചുള,​ യെരിശ്ശേരിയിൽ

ചേർത്തതെത്ര കരുതൽ, കൈപ്പുണ്യവും

വാഴത്തൂശനിലയിൽ പകർന്നൊരു

സ്നേഹവാത്സല്യത്തേനിന്റെ മാധുരി!

നാടുവിട്ടു കറങ്ങിയലയുന്ന -

നാളിലൊക്കെയും കൂട്ടായിനിന്നിതേ

ഇന്നുമേടക്കിളി വരവീലയീ -

മന്ദിരങ്ങളിൽ കാറ്റും കയറില്ല

എങ്കിലും കൊന്ന പൂക്കുമൊരു ദിക്കിൽ

തങ്ങിനില്പൂ മനക്കാഴ്ചയൊക്കെയും

മേടമാകുന്നു മേദുരചിന്തയിൽ

മേവിടുന്നു ഹൃദയം, പലതരം

ആകുലതയിൽ മുഴുകിമേവീടിലും

ഗ്രാമനന്മകൾ ചേർത്തണച്ചീടുന്നു.

സങ്കടക്കിളിയാണിന്നു നെഞ്ചിലെ

കൊന്നത്താലിയിൽ പൊൻകണി വയ്പ്പതും!

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POEM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY