
ആലപ്പുഴ: ഒത്തുചേരലുകൾ കൊണ്ട് മുതിർന്ന പൗരൻമാരുടെ മാനസികോല്ലാസം ഉറപ്പാക്കുന്ന ടോക്കിംഗ് പാർലറിന്റെ നേതൃത്വത്തിൽ സൂംബ പരിശീലനം ആരംഭിച്ചു. ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ ഒരു മണിക്കൂർ വീതം സൂംബ ഇൻസ്ട്രക്ടറായ സ്നേഹയുടെ കീഴിലാണ് പരിശീലനം. 33 പേർ പരിശീലനത്തിന് സന്നദ്ധരായി എത്തിയിട്ടുണ്ട്.
79വയസുള്ള എം.ആർ.പി.മേനോനാണ് കൂട്ടത്തിലെ സീനിയർ. മുൻ എം.പി ഡോ.കെ.എസ്.മനോജും പരിശീലനത്തിനെത്തുന്നുണ്ട്.
ഡോക്ടറുടെ മേൽനോട്ടത്തിൽ ഓരോരുത്തരുടെയും ശാരീരികക്ഷമതയും ഹൃദയാരോഗ്യവും പരിശോധിച്ചശേഷമാണ് പരിശീലനത്തിന് അനുവദിക്കുന്നത്. വാർദ്ധക്യവും മറവിരോഗങ്ങളും മൂലം വീടുകളിൽ ഒറ്റപ്പെടുന്നവർക്ക് സമപ്രായക്കാരുമൊത്ത് സന്തോഷം പങ്കിടാനും മാനസികാരോഗ്യം നിലനിർത്താനും സഹായിക്കുക എന്ന് ലക്ഷ്യത്തോടെ ആരംഭിച്ച ടോക്കിംഗ് പാർലറിന്റെ പുതിയ ചുവടുവയ്പ്പ് എന്ന തരത്തിലാണ് സൂംബ പരിശീലനം ആരംഭിച്ചത്. ആലപ്പുഴ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് അഞ്ച് മുതൽ ആറ് മണി വരെയാണ് പരിശീലനം. സർക്കാർ സർവീസുകളിൽ നിന്നും സ്വകാര്യ മേഖലയിലെ വിവിധ ജോലികളിലും നിന്നും വിരമിച്ചവർക്ക് പുറമേ നിലവിൽ സർവീസിലുള്ള അദ്ധ്യാപകരടക്കമുള്ളവർ സൂംബ പരിശീലനത്തിന് താൽപര്യമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഒരു മണിക്കൂർ സൂംബയ്ക്കായി മാറ്റി വയ്ക്കുമ്പോൾ എല്ലാവരും അവരുടെ പലവിധ പ്രശ്നങ്ങളെ മറന്ന് ഉല്ലസിക്കുകയാണ്. നന്നായി ചിരിച്ച് സന്തോഷം കണ്ടെത്താനാവുക എന്നതാണ് പ്രധാന ലക്ഷ്യം
- ചന്ദ്രദാസ് കേശവപിള്ള, ടോക്കിംഗ് പാർലർ കോർഡിനേറ്റർ
വിശ്രമജീവിതത്തിൽ ഇനി എന്ത് എന്ന് ചിന്തിച്ചിരിക്കാതെ, ഇനിയും ഒരുപാട് ചെയ്യാനുണ്ട് എന്ന് ചിന്തിക്കുന്നവരുടേതാണ് കൂട്ടായ്മ- ഡോ.കെ.എസ്.മനോജ്, മുൻ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |