
കായംകുളം : കായംകുളത്ത് പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് ഇരുമ്പുപൈപ്പും ഹെൽമെറ്റും വാക്കിംഗ് സ്റ്റിക്കും ഉപയോഗിച്ച് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. കായംകുളം സ്വദേശി മുഹമ്മദ് അഫ്‌സലിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ പത്തിയൂർ എരുവ പടിഞ്ഞാറ് തസ്നി മൻസിൽ മനീഷ് (37), കണ്ടല്ലൂർ വളയക്കകത്ത് കിഴക്കതിൽ പ്രവീൺ (29), പെരിങ്ങാല മേട്ടയിൽ തെക്കതിൽ മുഹമ്മദ് മുനീർ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലാം പ്രതിയായ അഷ്റഫ് ഒളിവിലാണ്.
വാഹനവ്യാപാരിയായ അഫ്സലും ഒന്നാം പ്രതി മനീഷും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. 18ന് ഉച്ചയ്ക്ക് രണ്ടിന് കായംകുളം വനിതാ പോളിടെക്‌നിക്കിന് പിന്നിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന അഫ്‌സലിനെ ഓട്ടോറിക്ഷയിലെത്തിയ മനീഷും മുനീറും സംഘത്തിലെ മറ്റൊരാളും ചേർന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ബിയർ കുപ്പി വീശി അഫ്‌സലിന്റെ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇയാളെ ഓട്ടോറിക്ഷയിൽ കയറ്റിയത്.
തുടർന്ന് കരീലക്കുളങ്ങരയിലുള്ള മനീഷിന്റെ വീട്ടിലെത്തിച്ച് മുറിയിൽ പൂട്ടിയിട്ടു. മനീഷ്, മുനീർ, അഷ്റഫ്, കുട്ടൻ എന്നിവരടങ്ങിയ സംഘം ഇരുമ്പുപൈപ്പ്, വോക്കിംഗ് സ്റ്റിക്ക്, ഹെൽമെറ്റ് എന്നിവ ഉപയോഗിച്ച് അഫ്‌സലിനെ മർദ്ദിക്കുകയും കഴുത്തിൽ കത്തിവെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. കായംകുളം പൊലീസ് അഫ്‌സലിനെ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചു.
കായംകുളം, കരീലക്കുളങ്ങര, ഹരിപ്പാട്, ഡൽഹി, അമ്പലപ്പുഴ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി 17ഓളം കേസുകളിൽ മനീഷ് പ്രതിയാണെന്നും കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രവീണിനെതിരെ കായംകുളം, കനകക്കുന്ന്, കരീലക്കുളങ്ങര സ്റ്റേഷനുകളിലായി ആറോളം കേസുകളുണ്ട്. മുനീറിനെതിരെയും കായംകുളം, കരീലക്കുളങ്ങര, ശാന്തൻപാറ സ്റ്റേഷനുകളിലായി ആറോളം കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
കായംകുളം ഡിവൈ.എസ്.പി രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിൽ സി.ഐ രജീഷ് കുമാർ, എസ്.ഐമാരായ സജിത് മോൻ, അഫ്സൽ, പ്രേംജിത്ത്, മുഹമ്മദ് ബഷീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, റെജിൻ, പ്രവീൺ, അനന്തകൃഷ്ണൻ, സജീഷ്, സഞ്ജു, സൗമ്യ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |