SignIn
Kerala Kaumudi Online
Sunday, 27 September 2026 2.38 AM IST

കയറ്റുമതിച്ചെലവിൽ വർദ്ധന, കയർ മേഖലയിൽ പ്രതിസന്ധി

ആലപ്പുഴ: കയർ വ്യവസായത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സർക്കാരും കയർ വകുപ്പും ശ്രമങ്ങൾ തുടരുമ്പോൾ, തിരിച്ചടിയായി കയറ്റുമതി ചെലവ്.

കേരളത്തിലെ കയറുൽപ്പന്നങ്ങൾക്ക് വിദേശ വിപണിയിൽ ആവശ്യക്കാരും ഓർഡറുകളും വർദ്ധിച്ചതിന് പിന്നാലെ, ചരക്കുഗതാഗത നിരക്കിലുണ്ടായ വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണം.അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റത്തിന് പിന്നാലെ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കടൽമാർഗമുള്ള ചരക്കുനീക്കത്തിലുണ്ടായ മാറ്റവും ഇന്ധനച്ചെലവ്, ഇൻഷുറൻസ് എന്നിവയിലുണ്ടായ വർദ്ധനയുമാണ് കയറ്റുമതിക്കാർക്ക് വെല്ലുവിളിയായത്.

കഴിഞ്ഞ ഒരുവർഷത്തിനിടെ കണ്ടയ്‌നർ ചരക്കുനീക്കച്ചെലവ് മൂന്നിരട്ടിയായാണ് വർദ്ധിച്ചത്.

കേരളത്തിൽ കൊച്ചിയിൽ നിന്നാണ് ഏറ്റവുമധികം ചരക്കുനീക്കം നടക്കുന്നത്.

കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് 20 അടി കണ്ടെയ്നർ അയ്ക്കാനുള്ള നിലവിലെ നിരക്ക് 6.826-8,603 ഡോളറാണ്. പശ്ചിമേഷ്യൻ സംഘർഷത്തിനു മുമ്പ് ഇത് 2,200-3,000 ഡോളറായിരുന്നു. കൊച്ചി-ന്യൂ യോർക്ക് റൂട്ടിൽ 40 അടി ഹൈക്യൂബ് കണ്ടെയ്‌നറിന് ഇപ്പോൾ 8,600-9,300 ഡോളറും കൊച്ചി- ലോസ്ആഞ്ചൽസ് റൂട്ടിൽ 8,000-8,700 ഡോളറുമാണ് ട്രാൻസ് പോർട്ടിംഗ് ചാർജ്. 2024-25-കാലഘട്ടത്തിൽ കയർബോർഡ് ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചത് 4,343.45 കോടി രൂപമൂല്യമുള്ള 13.43 ലക്ഷം ടൺ കയറുൽപ്പന്നങ്ങളാണ്. 2025-26-ൽ അത് 6,614.4 കോടി മൂല്യത്തിൽ 15.1 ലക്ഷം ടണ്ണായി ഉയർന്നപ്പോൾ ഒരുവർഷം കൊണ്ട് കയറ്റുമതി മൂല്യത്തിൽ 52 ശതമാനം വർധനയുണ്ടായെങ്കിലും അധികമൂല്യത്തിന്റെ വലിയ ഭാഗവും ചെലവിലേക്കു മാറി.

മുമ്പ് 20 ദിവസമെടുത്തിരുന്ന വിദേശ ചരക്കുനീക്കത്തിന് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ സുരക്ഷിതപാത തിരഞ്ഞെടുക്കേണ്ടി വരുന്നതിനാൽ 40 ദിവസത്തിലേറെ വേണം. യൂറോപ്പ്-ഏഷ്യ വ്യാപാരപ്പാതയിലെ മറൈൻ ഇൻഷുറൻസ് ചെലവും സംഘർഷസാധ്യത മൂലം ഇരട്ടിയിലേറെയായി.

ക്ഷാമവും വിലക്കയറ്റവും വെല്ലുവിളി

1. കയറ്റുമതിച്ചെലവിനൊപ്പം ആഭ്യന്തര അസംസ്കൃതവസ്തുക്കളുടെ ക്ഷാമവും വിലവർദ്ധനയും കയർ വ്യവസായത്തെ ബാധിച്ചിട്ടുണ്ട്. ചകിരി ക്ഷാമമാണ് രൂക്ഷം. ചകിരി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ തൊണ്ട് സംഭരണം ശക്തമാക്കുമെന്നും ആഭ്യന്തര ഉൽപ്പാദനം കൂട്ടുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാൻ സംവിധാനമില്ല

2. ചകിരിക്കും കയറിനും 65 ശതമാനം വരെയും പി.വി.സിക്കും ലാറ്റെക്സിനും 100 ശതമാനം വരെയും വില കൂടി. അസംസ്കൃത വസ്തുക്കളുടെ വിലയിലും കയറ്റുമതി നിരക്കിലുമുണ്ടായ വർദ്ധന കണക്കിലെടുത്ത് 5 മുതൽ 10 ശതമാനം വരെ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഉൽപ്പാദകർ നിർബന്ധിതരായത് കയറ്റുമതിയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്

3. യു.എസ്.എ,​ ഇറ്റലി,​ ഫ്രാൻസ്,​ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് ഏറ്രവുമധികം കയറുൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. കയറ്റുമതി നിരക്ക് വീണ്ടും വർദ്ധിക്കുമെന്ന സൂചനകൾ വന്നുകൊണ്ടിരിക്കെ, ഉൽപ്പന്നങ്ങൾക്ക് വീണ്ടും വില വർദ്ധിപ്പിക്കേണ്ടി വന്നാൽ ഓർഡറുകൾ റദ്ദാക്കപ്പെടുമോയെന്ന ആശങ്കയും സംരംഭകർക്കുണ്ട്

കയർ കോർപ്പറേഷനുൾപ്പെടെ നിരക്ക് വർദ്ധന തിരിച്ചടിയായിട്ടുണ്ട്. ഉൽപ്പന്നങ്ങളുടെ വില നേരിയ തോതിൽ വർദ്ധിപ്പിച്ച് പ്രതിസന്ധിയെ അതിജീവിക്കാനാണ് ശ്രമം

- ഡോ.പ്രതീഷ് ജി.പണിക്കർ,​ എം.ഡി,​ കയർ കോർപ്പറേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL