SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

കള്ളക്കടൽ പ്രതി​ഭാസം: ആറാട്ടുപുഴയി​ൽ കടലാക്രമണം

ആലപ്പുഴ: കളളക്കടൽ പ്രതിഭാസത്തിൽ ജില്ലയിലെ തീരദേശത്ത് ജനജീവിതം ദുഷ്കരമായി. തീരദേശ ഗ്രാമമായ ആറാട്ടുപുഴയിലാണ് കടലാക്രമണം അതീവ രൂക്ഷം. കടൽ ഭിത്തിയില്ലാത്ത മേഖലകളിൽ റോഡിലേക്ക് ശക്തമായി മണ്ണും വെള്ളവും ഇരച്ചുകയറുന്നത് ഗതാഗതതടസത്തിന് കാരണമായി. ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തിലെ വലിയഴീക്കൽ മുതൽ മംഗലം വരെയുള്ള വാ‌ർ‌ഡുകളിലാണ് സ്ഥിതി ഗുരുതരം.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി 11.30 മുതലാണ് പ്രദേശത്ത് കടലാക്രമണം അനുഭവപ്പെട്ട് തുടങ്ങിയത്. പുലർച്ചെ 2വരെ ശക്തമായ വേലിയേറ്റമാണ് അനുഭവപ്പെട്ടത്. പുലിമുട്ടില്ലാത്ത മംഗലം, പത്തിശേരി, എ.സി പള്ളി, കാർത്തിക ജംഗ്ഷൻ, കടപ്പുറം പള്ളി എന്നിവിടങ്ങളിൽ തീരദേശ റോഡ് കവിഞ്ഞുകയറിയ കടൽവെള്ളം വീടുകളുടെ മുറ്റത്തുകൂടി പരന്നൊഴുകുകയായിരുന്നു. ടെട്രാപോഡും കടൽ ഭിത്തിയുമുള്ള എ.കെ.ജി ജംഗ്ഷൻ ഭാഗത്തും ശക്തമായ വേലിയേറ്റം അനുഭവപ്പെട്ടു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ അൽപ്പം ശാന്തത അനുഭവപ്പെട്ടെങ്കിലും രാവിലെ 9.30 ഓടെ വീണ്ടും കടൽകയറ്റം ശക്തമായി. ഉച്ചവരെ കടലാക്രമണം തുടർന്നതോടെ തീരദേശറോഡിൽ ഗതാഗതം ക്ളേശപൂർണമായി. മാതാ അമൃതാനന്ദമയി ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് വള്ളിക്കാവ് അമൃതപുരിയിലേക്ക് ഭക്തരുമായെത്തിയ മഠത്തിന്റെ ബസും കെ.എസ്.ആർ.ടി.സി ബസും റോഡിലെ മണ്ണിൽ പുതഞ്ഞു. യാത്രക്കാർ പുറത്തിറങ്ങി നാട്ടുകാരുടെ സഹായത്തോടെ വാഹനങ്ങൾ തള്ളി നീക്കിയാണ് യാത്ര തുടരാനായത്. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്തിന്റെ നേതൃത്വത്തിൽ ജന പ്രതിനിധികളും ററവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിവരികയാണ്. തൃക്കുന്നപ്പുഴ. കടൽ ക്ഷോഭത്തിൽ അപകടാവസ്ഥയിലായ വീടുകൾ സംരക്ഷിക്കാൻ വലിയചാക്കുകളിൽ മണ്ണ് നിറച്ച് തീരത്ത് അടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഇന്ന് മുതൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കും.

80വീടുകൾ അപകടഭീഷണിയിൽ

 മംഗലം,രാമഞ്ചേരി,ആറാട്ടുപുഴ എം.ഇ.എസ്,പത്തിശേരി വാർഡുകളിലായി 80ഓളം വീടുകൾ ഏത് നിമിഷവും കടലെടുക്കുന്നസ്ഥിതിയിലാണ്

 കടലാക്രമണം രൂക്ഷമായതോടെ പ്രദേശത്തെ മിക്ക വീടുകളിലെയും താമസക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്

 വരുംദിവസങ്ങളിലും കടലാക്രമണം തുടരുമെന്ന മുന്നറിയിപ്പ് നാട്ടുകാരെ കൂടുതൽ ആശങ്കയിലാക്കിയിട്ടുണ്ട്

ആറാട്ടുപുഴയ്ക്ക് പുറമേ അമ്പലപ്പുഴ, ചെത്തി, ചേർത്തല, ചെല്ലാനം ഭാഗങ്ങളിലും കടലാക്രമണം രൂക്ഷമാണ്

കള്ളക്കടൽ

അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ പ്രതി​ഭാസം. സാധാരണ വേലിയേറ്റമുണ്ടാകുന്നത് കാറ്റിന് അനുസരിച്ചോ സൂര്യന്റെയും ചന്ദ്രന്റെയും ഗുരുത്വാകർഷണ ഫലമായോ ആണ്. അങ്ങനെ അല്ലാതെ ഉണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ. പ്രത്യേകിച്ച് ലക്ഷണങ്ങളില്ലാതെ തിരമാലകൾ ആഞ്ഞടിക്കും. അവിചാരിതമായും അസാധാരണമായുമാണ് ഈ സമയത്ത് തിരമാലകൾ ആഞ്ഞടിക്കുക. സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെ തുടർന്നാണ് ശക്തമായ തിരമാലകളുണ്ടാവുന്നത്. സുനാമിയുമായി സമാനതകളുണ്ട് കള്ളക്കടൽ പ്രതിഭാസത്തിന്.

കടൽഭിത്തി നിർമ്മാണവും ടെട്രാപോഡ് സ്ഥാപിക്കലും സാദ്ധ്യമാക്കി തീരദേശത്തെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം.

- അൽ അമീൻ, മുൻ പഞ്ചായത്തംഗം

ആറാട്ടുപുഴയിൽ കാലങ്ങളായുള്ള കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ലോക ബാങ്കിന്റെ സഹായത്തോടുള്ള 720 കോടിയുടെ പദ്ധതി ഉടൻ നടപ്പാക്കുമെന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി രമേശ് ചെന്നിത്തല ഉറപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും മന്ത്രി ഇതുമായി ബന്ധപ്പെട്ട ഇടപെടലുകൾ നടത്തി. ഉടൻ പദ്ധതി നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

- മൈമുനത്ത് ഫഹദ്, പ്രസിഡന്റ് , ആറാട്ടുപുഴ പഞ്ചായത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL