ആലപ്പുഴ : അരി ലഭ്യത അനുപാതത്തിലെ (ഔട്ട് ടേൺ റേഷ്യോ) കുടിശ്ശിക ലഭിക്കാത്തതിനെത്തുടർന്ന് നെല്ല് സംഭരണത്തിനുള്ള ധാരണാപത്രം ഒപ്പിടുന്നതിൽ നിന്ന് മില്ലുകാർ വിട്ടുനിൽക്കുന്നത് രണ്ടാംകൃഷിയുടെ വിളവെടുപ്പിനെ ബാധിക്കും. രണ്ടാംകൃഷി വിളവെടുപ്പ് ഒക്ടോബർ 3ന് ആരംഭിക്കാനിരിക്കെ,സപ്ളൈകോ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ 11ഇടത്തരം മില്ലുകളൊഴികെയുള്ളവ സംഭരണത്തിന് തയ്യാറാകാത്തത് കർഷകരെ ആശങ്കയിലാക്കി. പുഞ്ചകൃഷിയിൽ 47 മില്ലുകളാണ് ജില്ലയിൽ നെല്ല് സംഭരിച്ചത്.
ആലപ്പുഴ നഗരത്തിലെ കൊക്കനം പാടമുൾപ്പെടെ നേരത്തെ കൃഷിയിറക്കിയ പാടങ്ങളിലാണ് ഒക്ടോബർ ആദ്യവാരം കൊയ്ത്ത് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് 100കിലോ നെല്ല് മില്ലുടമകൾക്ക് നൽകുമ്പോൾ പകരം 68കിലോ അരി തിരികെ നൽകേണ്ടതാണ് (അരി ലഭ്യത അനുപാതം 68ശതമാനം). എന്നാൽ മുൻ വർഷങ്ങളിൽ കാലാവസ്ഥ വ്യതിയാനവും കാർഷികമേഖലയിലെ പ്രതിസന്ധികളും കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അരി ലഭ്യത അനുപാതം 64.5 ശതമാനമാക്കി നിജപ്പെടുത്തിയിരുന്നു. കുറവ് വരുത്തിയ 3.5ശതമാനത്തിന്റെ പണം സർക്കാർ മില്ലുകാർക്ക് നൽകണം. ഈ ഇനത്തിൽ 60കോടിയിലധികം രൂപ സർക്കാരിൽ നിന്ന് കുടിശ്ശികയായ സാഹചര്യത്തിലാണ് നെല്ല് സംഭരണത്തിന് ധാരണാപത്രം വയ്ക്കാൻ മില്ലുടമകൾ തയ്യാറാകാതിരുന്നത്. കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർതല ഇടപെടലുണ്ടാകണമെന്നാണ് മില്ലുടമകളുടെ ആവശ്യം.
തർക്കം കുടിശികയുടെ പേരിൽ
1. സഹകരണ സംഘങ്ങളുടെ സഹായത്തോടെ നെല്ല് സംഭരിക്കാനുള്ള പ്രഖ്യാപനം പാലക്കാടൊഴികെ മറ്റൊരിടത്തും നടപ്പാകാത്ത സാഹചര്യത്തിൽ സീസണിന്റെ തുടക്കത്തിൽ തന്നെ കർഷകരെയും സർക്കാരിനെയും സമ്മർദ്ദത്തിലാക്കുകയാണ് മില്ലുകാരുടെ തന്ത്രം.
2. മുൻ വർഷങ്ങളിൽ നെല്ല് സംസ്‌കരിച്ച് അരിയാക്കിയതിന് ലഭിക്കാനുള്ള ഔട്ട് ടേൺ റേഷ്യോ കുടിശികയും ഒന്നാം വിളയിലേതുപോലെ ക്വിന്റലിന് 1.5 കിലോ അരിയുടെ കിഴിവുമാണ് മില്ലുകാർ ആവശ്യപ്പെടുന്നത്. സംഭരണത്തിന് തയ്യാറായ മില്ലുകളിൽ രണ്ടെണ്ണം ഒഴികെ സംഭരണശേഷി കുറഞ്ഞവയാണ്
3. ഉദ്ദേശിച്ചത്ര നെല്ല് സംഭരിക്കാൻ കഴിയാതെ പോയാൽ ഇപ്പോഴത്തെ കടുത്ത ചൂടിൽ പാടത്ത് നെല്ല് കെട്ടിക്കിടന്ന് തൂക്കം കുറയാൻ ഇടയാക്കും.
മാത്രമല്ല വിളവെടുപ്പിന് മുന്നോടിയായി വിളിച്ചുചേർക്കേണ്ട കൊയ്ത്ത് അവലോകനയോഗവും ഇതുവരെ ചേർന്നിട്ടില്ല
4. കൊയ്ത്ത് യന്ത്രങ്ങളുടെ വാടകയും കൊയ്ത്തും സംഭരണവുമായി ബന്ധപ്പെട്ട മറ്റ്വിഷയങ്ങളും ചർച്ച ചെയ്ത് പരിഹാരം കാണേണ്ടത് ഈ യോഗത്തിലാണ്. കൊയ്ത്ത് അടുത്തിട്ടും യോഗം നീളുന്നതും മില്ലുകാർ ധാരണാപത്രം ഒപ്പിടാത്തതും കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
മില്ലുകാർക്ക് നൽകാനുള്ളത്
₹60 കോടി
സീസൺ ആരംഭിക്കാറായിട്ടും മില്ലുകാർ ധാരണാപത്രം ഒപ്പിടാത്തതും കളക്ടർ യോഗം വിളിക്കാത്തതും സപ്ളൈകോ, കൃഷി വകുപ്പുകളുടെയും സർക്കാരിന്റെയും അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.കഴിഞ്ഞ സീസണിലെ വിലവിതരണം പോലും പൂർത്തീകരിക്കാനായിട്ടില്ല
- സോണിച്ചൻ പുളിങ്കുന്ന്, വോയ്സ് ഫോർ ഗ്രേറ്റർ കുട്ടനാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |