SignIn
Kerala Kaumudi Online
Friday, 23 October 2026 3.10 AM IST

കൊളത്തൂരിൽ ഒരു പുലി കൂടി കൂട്ടിനകത്ത്

puli

വനംവകുപ്പിന്റെ കൂട്ടിൽ ഇത്തവണ കുടുങ്ങിയത് അഞ്ചുവയസുള്ള ആൺപുലി

അഞ്ചുവയസുള്ള പെൺപുലി നേരത്തെ കൂട്ടിനകത്തായിരുന്നു

കാസർകോട്: കൊളത്തൂരിൽ വനപാലകർ സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി. കൊളത്തൂർ നിടുവോട്ടെ എം. ജനാർദ്ദനന്റെ റബ്ബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് അഞ്ചു വയസ് തോന്നിക്കുന്ന ആൺപുലി കുടുങ്ങിയത്. നേരത്തെ കൊളത്തൂർ ആവുങ്കാലിലെ മധുസൂദനന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥാപിച്ച കൂട്ടിൽ നിന്നും പിടികൂടി വനത്തിൽ തുറന്നുവിട്ടിരുന്നു.

നിടുവോട്ട് ഗുഹയിൽ കണ്ടെത്തിയ അഞ്ചു വയസുള്ള പെൺപുലിയാണ് മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമത്തിനിടെ രക്ഷപ്പെടുകയും ഫെബ്രുവരി 23ന് രാത്രി ഇതിന് സമീപത്ത് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയതും. പിറ്റേദിവസം പുലർച്ചെ ഇതിനെ ബെള്ളൂർ വാണിനഗർ വനമേഖലയിലേക്ക് തുറന്നുവിടുകയായിരുന്നു.പ്രദേശത്ത് പുലിയെ തുറന്നുവിട്ടതിനെതിരെ അന്ന് നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഈ ഭാഗത്ത് വനപാലകർ സ്ഥാപിച്ച കൂട് കൊളത്തൂരിൽ വീണ്ടും പുലി സാന്നിധ്യമുണ്ടായതോടെ ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.

കാസർകോട് ഡി എഫ് ഒ കെ അഷ്റഫ്, കാസർകോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിനോദ് എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പുദ്യോഗസ്ഥരും ബേഡകം പൊലീസും സ്ഥലത്തെത്തി സുരക്ഷാ നടപടികൾക്ക് നേതൃത്വം നൽകി. പുലി അക്രമാസക്തമാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ചുറ്റും ടാർപോളിൻ വലിച്ചുകെട്ടിയ ശേഷം കൂട് അവിടെ നിന്നും മാറ്റി പള്ളത്തുങ്കാലിലുള്ള മണ്ടേക്കാൽ ബീറ്റ് ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.


പരിക്ക് മാറ്റാൻ തൃശൂരേക്ക്

കൂട്ടിലായ പുലിയെ രാത്രി വൈകി തൃശൂരിൽ വനംവകുപ്പിന്റെ കീഴിലുള്ള മൃഗശാലയിലേക്ക് കൊണ്ടുപോയി. പുലിയുടെ കൈയിൽ പരിക്ക് കാണപ്പെട്ടിരുന്നു. മയക്കുവെടി വെച്ചതിന് ശേഷം വെറ്റിനറി ഡോക്ടർമാർ മുറിവിൽ മരുന്ന് പുരട്ടി. പുലിയെ എവിടെ തുറന്നുവിടുമെന്നതിനെ കുറിച്ച് വനപാലകർക്ക് വൈകുന്നേരം വരെ നിർദ്ദേശമൊന്നും വന്നിരുന്നില്ല. ആദ്യം വയനാട്ടിലേക്ക് മാറ്റുവാൻ ആലോചിച്ചെങ്കിലും പിന്നീട് തൃശൂരിലേക്ക് കൊണ്ടുപോകാൻ അനുമതി തേടുകയായിരുന്നുവെന്ന് ഡി.എഫ്.ഒ കെ.അഷ്റഫ് പറഞ്ഞു.

ജില്ലയിൽ പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ആവശ്യപ്രകാരം ക്യാമറകളും കൂടുകളും സ്ഥാപിച്ചിട്ടുണ്ട്-ഡി.എഫ്.ഒ കെ.അഷ്റഫ്

കാസർകോട് പുലിക്കളി

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പുലിഭീഷണി നേരിടുന്ന പ്രദേശമായി ഇക്കുറി കാസർകോട്. ജില്ലയിൽ ഭീതി വിതച്ച അഞ്ചു പുലികളെയാണ് ഇതുവരയായി കണ്ടെത്തിയത്. ഇതിൽ രണ്ടെണ്ണം ചത്ത നിലയിലും രണ്ടെണ്ണം കെണിയിൽ കുടുങ്ങിയ നിലയിലുമാണ് ഉണ്ടായിരുന്നത്. ഒരു പുലി ഗുഹയിൽ നിന്ന് ചാടിപ്പോയി. കഴിഞ്ഞ ആഗസ്തിലാണ് ആദൂർ മല്ലംപാറയിൽ പുലി കെണിയിൽ കുടുങ്ങി ചത്തത്. ദേലമ്പാടിയിൽ മറ്റൊരു പുലിയെ കിണറ്റിൽ ചത്ത നിലയിൽ കണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PULI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL