SignIn
Kerala Kaumudi Online
Thursday, 22 October 2026 5.54 AM IST

അല്പശി ഉത്സവം ആറാട്ടോടെ സമാപിച്ചു

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് മഹാനവമി ദിനത്തിൽ,​ശംഖുംമുഖം കടലിൽ നടന്ന ആറാട്ടോടെ കൊടിയിറങ്ങി.ഇന്നലെ രാവിലെ ആറാട്ട് കലശം നടന്നു.
20ന് വൈകിട്ട് 5ന് പടിഞ്ഞാറേനട വഴിയാണ് ആറാട്ട് എഴുന്നെള്ളത്ത് പുറപ്പെട്ടത്.ശ്രീപദ്മനാഭസ്വാമിയെ സ്വർണ ഗരുഡ വാഹനത്തിലും നരസിംഹസ്വാമിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും വെള്ളി വാഹനങ്ങളിലും എഴുന്നള്ളിച്ചു.വിളംബരമറിയിച്ച് പെരുമ്പറ കെട്ടിയ ആന മുന്നിൽ നടന്നു.ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ പള്ളിവാളേന്തി അകമ്പടി ചേർന്നു.നഗരത്തിലെ നാല് ക്ഷേത്രങ്ങളിൽ നിന്നുള്ള വിഗ്രഹങ്ങൾ കൂടിയാറാട്ടിനായി ഒപ്പം ചേർന്നു.

സായുധ പൊലീസും കരസേനയുടെ അംഗങ്ങളും ആചാര ബഹുമതി നൽകി.വേൽക്കാർ,കുന്തക്കാർ,പൊലീസിന്റെ ബാൻഡ് സംഘം എന്നിവ അകമ്പടി സേവിച്ചു. എഴുന്നള്ളത്ത് പടിഞ്ഞാറെനട കടന്നപ്പോൾ ആചാര വെടിയുയർന്നു.വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്ത് കൂടിയാണ് ഘോഷയാത്ര കടന്നുപോയത്.ശംഖുംമുഖം ആറാട്ട് മണ്ഡപത്തിലെ പൂജകൾക്കുശേഷം വിഗ്രഹങ്ങൾ സമുദ്രത്തിൽ ആറാടിച്ചു.

തന്ത്രി തരണനല്ലൂർ നമ്പൂതിരി,പെരിയനമ്പി,പഞ്ചഗവ്യത്തു നമ്പി എന്നിവർ കാർമ്മികരായി. രാത്രിയോടെ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തി. തുടർന്ന് കൊടിയിറക്കും നടന്നു.
രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരിപാർവതിബായി,അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി,ഭരണസമിതി അംഗങ്ങളായ ആദിത്യവർമ്മ,ചെമ്പഴന്തി അനിൽ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ അഡ്മിറൽ ആനന്ദ്കുമാർ,മാനേജർ എൻ.കെ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL