
കണ്ണൂർ: വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞ് വ്യാജ ബയോ ക്യാരിബാഗുകൾ. വ്യാപകമായി പരാതി ലഭിച്ചതിന് പിന്നാലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് പരിശോധന കർശനമാക്കി. മാഹി പാലത്തിന് സമീപമുള്ള സീ സ്മാർട്ട് എന്ന സ്ഥാപനത്തിൽ നിന്നും 57 കിലോ വ്യാജ ബയോ കാരിബാഗുകളാണ് സ്ക്വാഡ് പിടിച്ചെടുത്തത്. പതിനായിരം രൂപ പിഴ ചുമത്തിയ എൻഫോഴ്സ് മെന്റ് തുടർ നടപടികൾ സ്വീകരിക്കാൻ ന്യൂമാഹി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ഏറ്റുമാനൂരിലെ എക്സൽ ഏജൻസി വഴിയാണ് ഈ സ്ഥാപനത്തിലേക്ക് വ്യാജ ബയോ ക്യാരിബാഗുകൾ എത്തിയിരുന്നതെന്നാണഅ വിവരം. ബയോ ക്യാരിബാഗുകൾ നിർമ്മിക്കുന്ന കമ്പനിയുടെ ക്യൂ ആർ കോഡിന്റെ വ്യാജ പതിപ്പുകൾ രേഖപ്പെടുത്തിയാണ് ഇത്തരം ക്യാരിബാഗുകൾ വിപണിയിൽ എത്തിക്കുന്നത്. കിലോവിന് നൂറു രൂപയിൽ താഴെ മാത്രം വിലയുള്ള ഇത്തരം ബാഗുകളാണ് ബയോ ക്യാരീ ബാഗ് എന്നപേരിൽ 160 രൂപയ്ക്ക് മുകളിൽ വിറ്റഴിക്കുന്നത്. സ്‌ക്വാഡ് എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ അജയകുമാർ ,പി.എസ് പ്രവീൺ ,ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സുബീഷ് എന്നിവരാണ് ന്യൂമാഹിയിലെ പരിശോധനയിൽ പങ്കെടുത്തത്.ബയോ ക്യാരി ബാഗുകൾ തിരിച്ചറിയാനുള്ള പരിശോധനയായ ഡൈ ക്ലോറോ മീതേൻ ടെസ്റ്റ് നടത്തിയാണ് ജില്ലാ സ്ക്വാഡ് വ്യാജ ഉത്പന്നങ്ങൾ തിരിച്ചറിഞ്ഞത്.
അംഗീകാരം വേണം, മണ്ണിൽ അലിയണം
ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ചതും 120 ദിവസം കൊണ്ട് മണ്ണിൽ പൂർണ്ണമായും അലിഞ്ഞു ചേരുന്നവയുമാണ് ബയോ ക്യാരിബാഗുകൾ.ബയോ ക്യാരിബാഗുകളുടെ പുറത്ത് ഇംഗ്ലീഷിലും മലയാളത്തിലും 'ഞാൻ പ്ലാസ്റ്റിക് അല്ല ഡൈക്ളോറോ ലായനിയിൽ ലയിക്കുന്നതാണ്'എന്നും രേഖപ്പെടുത്തിയിരിക്കണം
കുറഞ്ഞ തുകയ്ക്ക് വാങ്ങും; ഒറിജിനൽ വിലയ്ക്ക് വിൽക്കും
വൻകിട വ്യാപാരികൾക്ക് കിലോക്ക് 135 രൂപയ്ക്ക് മുകളിലുള്ള നിരക്കിലാണ് ബയോ ബാഗുകൾ ലഭ്യമാകുന്നത്. വിപണിയിൽ എത്തിക്കുമ്പോൾ നിയമപ്രകാരമുള്ള ഉത്പാദന വിവരങ്ങളും മറ്റും ക്യു ആർ കോഡിൽ ഉണ്ടാകും .
എന്നാൽ വ്യാജ ക്യു ആർ കോഡ് പതിപ്പിച്ച് ഇറക്കുന്ന ബയോ കാരി ബാഗുകൾ 90 മുതൽ നൂറു രൂപവരെയായി ചെറുകിട വ്യാപാരികൾക്ക് വിൽക്കുന്നു.ഇവ യഥാർത്ഥ ബയോ ക്യാരിബാഗിന്റെ വിലയിൽ ഇവർ വിറ്റഴിക്കുന്നു. യുദ്ധസാഹചര്യത്തിൽ പ്ലാസ്റ്റിക്ക് ഉത്‌പന്നങ്ങൾക്കുണ്ടായ വിലക്കയറ്റത്തിന്റെ പേരിലും ബയോ ക്യാരി ബാഗുകളുടെ വില കൂട്ടുന്നുണ്ട്.
എൻഫോഴ്സ്മെന്റ് സ്ക്വാഡ് പറയുന്നു
സ്ക്വാഡ് പരിശോധിച്ച മുപ്പത്തിയഞ്ച് ബ്രാൻഡുകളിൽ പരിശോധിച്ചതിൽ 12 താഴെ ബ്രാൻഡുകൾ മാത്രമാണ് ഡൈ ക്ലോറോ മീഥൈൻ ലായിനി ടെസ്റ്റിൽ വിജയിച്ചിട്ടുള്ളത്.
ടെസ്റ്റ് നടത്താനുള്ള സൗകര്യം ജില്ലാ ശുചിത്വമിഷൻ ഒരുക്കിയിട്ടുണ്ട്.
അംഗീകൃത ഏജൻസികളിൽ നിന്ന് മാത്രം ചെറുകിട കച്ചവടക്കാർ ബയോ ബാഗുകൾ വാങ്ങാൻ ശ്രദ്ധിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |