
വള്ളികുന്നം : കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വീട്ടമ്മയ്ക്ക് ആംബുലൻസ് ഡ്രൈവറുടെ ജാഗ്രതയിൽ പുതുജീവൻ. താമരക്കുളം പഞ്ചായത്ത് 18-ാം വാർഡിൽ താമസക്കാരിയായ 68കാരിയ്ക്കാണ് ആംബുലൻസ് ഡ്രൈവറായ വള്ളികുന്നം ആറാം വാർഡിൽ അനുഭവനിൽ അനു രക്ഷകനായത്. വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ് ഒരു സ്ത്രീ മരിച്ചുവെന്നും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസുമായെത്താനും ആവശ്യപ്പെട്ട് ഞായറാഴ്ച രാത്രി 11.30 ഓടെയാണ് അനുവിന്റെ ഫോണിൽ താമരക്കുളം പഞ്ചായത്തംഗം തുളസിയുടെ കോളെത്തിയത്. ആംബുലൻസുമായി സംഭവസ്ഥലത്തെത്തിയ അനു തന്റെ കൈവശമുണ്ടായിരുന്ന ടോർച്ച് കിണറിലേക്ക് തെളിച്ച് നോക്കിയപ്പോഴാണ് സ്ത്രീയുടെ കൈയ്ക്ക് അനക്കമുള്ളതായി കണ്ടത്. തുടർന്ന് കയർകെട്ടി അതിൽതൂങ്ങി കിണറ്റിലിറങ്ങി ഇവരെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി. ഇതിനിടെ, വിവരമറിഞ്ഞെത്തിയ നൂറനാട് പൊലീസും ഫയർഫോഴ്സും ചേർന്ന് കിണറ്റിൽ നിന്ന് വീട്ടമ്മയെ പുറത്തെടുത്തു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും അനുവും ചേർന്ന് പ്രഥമ ശുശ്രൂഷ നൽകിയശേഷം ഉടൻ വെട്ടിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച വീട്ടമ്മ കാര്യമായ പരിക്കുകളൊന്നും കൂടാതെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലാണ് അനുവും നാട്ടുകാരും. വിവരമറിഞ്ഞ് നാട്ടുകാരുൾപ്പെടെ നിരവധി പേർ അനുവിനെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |