SignIn
Kerala Kaumudi Online
Monday, 10 August 2026 3.37 AM IST

വിശ്വാസികളെ ചേർത്തു നിർത്താൻ ബലിതർപ്പണത്തിന് കൈത്താങ്ങുമായി സി.പി.എം

cpm
സി.പി.എം

കണ്ണൂർ: കർക്കടകവാവ് ബലിതർപ്പണത്തിനായി പയ്യാമ്പലം കടൽത്തീരത്തെത്തുന്ന വിശ്വാസികൾക്ക് സൗകര്യമൊരുക്കാൻ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ സി.പി.എം രംഗത്തിറങ്ങുന്നു. 12ന് പയ്യാമ്പലത്ത് എത്തുന്നവർക്ക് ലഘുഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ബലിതർപ്പണത്തിനായി വിപുലമായ സംവിധാനവും ഒരുക്കാനാണ് തീരുമാനം.

ആതുരശുശ്രൂഷാ രംഗത്ത് സജീവമായ ഐ.ആർ.പി.സിയും ടെമ്പിൾ കോഓർഡിനേഷൻ കമ്മിറ്റിയും സംയുക്തമായാണ് സൗകര്യങ്ങൾ ഒരുക്കുന്നത്. ബലി കർമങ്ങൾക്കായി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രേഷ്ഠ ആചാര്യസഭയുടെ സഹകരണവുമുണ്ടാകും. ബലിതർപ്പണത്തിനെത്തുന്നവർക്ക് ആവശ്യമായ സഹായവും സേവനവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
വിശ്വാസി സമൂഹത്തെ സംഘപരിവാർ സംഘടനകൾ ഹൈജാക്ക് ചെയ്യുന്നതിനെതിരെ സി.പി.എം സ്വീകരിക്കുന്ന നിലപാടിന്റെ തുടർച്ചയായാണ് ഈ നീക്കം. വിശ്വാസവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽനിന്ന് അകന്നുനിൽക്കുന്ന രാഷ്ട്രീയപാർട്ടി എന്ന പൊതുധാരണയിൽനിന്ന് മാറി, വിശ്വാസികളുടെ ആചാരങ്ങളെയും വികാരങ്ങളെയും മാനിച്ചുകൊണ്ടുള്ള സാമൂഹിക ഇടപെടലാണ് സി.പി.എം നേതൃത്വത്തിലുള്ള സംഘടനകളുടെ ഇത്തരം പ്രവർത്തനങ്ങളിലൂടെ പ്രകടമാകുന്നത്.
കർക്കടകവാവ് ബലിതർപ്പണ കേന്ദ്രങ്ങളിൽ സന്നദ്ധ സംഘടനകൾ സേവനം നടത്തണമെന്ന ആഹ്വാനവുമായി നേരത്തേ സി.പി.എം നേതാവ് പി. ജയരാജൻ പരസ്യമായി രംഗത്തെത്തിയിരുന്നു. അതേസമയം, സേവനപ്രവർത്തനത്തെ രാഷ്ട്രീയ ഇടപെടലായി കാണേണ്ടതില്ലെന്നും സാമൂഹിക സേവനം മാത്രമാണിതെന്നുമാണ് സംഘാടകർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL