SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.34 AM IST

തിരുവപ്പന, മുത്തപ്പൻ വിസ്മയശില്പം വള്ളുവൻ കടവിൽ ഒരുങ്ങുന്നു ഒരുങ്ങുന്നത് ഭാരതത്തിലെ ഏറ്റവും വലിയ തിരുവപ്പന -മുത്തപ്പൻ ശില്പം

muthapan
തിരുവപ്പന, മുത്തപ്പൻ ശില്പത്തിന്റെ രേഖാചിത്രം

കണ്ണൂർ: വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന സാധാരണക്കാരന്റെ ഇഷ്‌ടദൈവമായ മുത്തപ്പൻ ദൈവത്തിന്റെ വിസ്മയശില്പമൊരുക്കുകയാണ് കണ്ണാടിപ്പറമ്പ് വള്ളുവൻകടവ് മുത്തപ്പൻ മടപ്പുര സന്നിധി. ഭാരതത്തിലെ തന്നെ ഏറ്റവും വലിയ തിരുവപ്പന -മുത്തപ്പൻ ശില്പ നിർമ്മാണത്തിന്റെ പൈലിംഗ് പൂർത്തിയായി കഴിഞ്ഞു.

ഭാരതത്തിൽ ദേവ ശില്പങ്ങളിൽ വലുതുണ്ടെങ്കിലും അനുഷ്‌ഠാന കലാരൂപങ്ങളിൽ ഒന്നായ തിരുപ്പന - മുത്തപ്പന്റെ പ്രതിമ ആദ്യമായാണ് 35 അടി ഉയരത്തിൽ നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ ഈ തിരുവപ്പന-മുത്തപ്പ ശില്പം ഭാവിയിൽ ലോക റിക്കോർഡിൽ ഇടം നേടിയേക്കാം. പ്രശസ്ത ശില്പി കെ.കെ.ആർ വെങ്ങരയാണ് തിരുവപ്പന -മുത്തപ്പൻ ശില്പ നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്.

6 അടി ഉയരമുള്ള തിരുവപ്പന -മുത്തപ്പൻ ശില്പത്തിന്റെ മിനിയേച്ചർ ശില്പി നിർമ്മിച്ചു കഴിഞ്ഞു. ഒന്നര വർഷം കൊണ്ട് ശില്പ നിർമ്മാണം പൂർത്തീകരിക്കും. വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുര മനേജിംഗ് ട്രസ്റ്റി എ. മുകുന്ദന്റെ മനസ്സിൽ ഉടലെടുത്ത ഒരാശയമാണ് ശില്പ നിർമ്മാണത്തിന് തുടക്കംകുറിച്ചത്.

15 സെന്റ് സ്ഥലത്ത് 35 അടി ഉയരത്തിൽ ശില്പം

വളപട്ടണം പുഴയോട് ചേർന്ന കാട്ടാമ്പള്ളി വള്ളുവൻ കടവ് പുഴയുടെ ഓരത്താണ് മൂന്ന് നില കെട്ടിടത്തിന് സമാനമായി മുപ്പത്തിയഞ്ച് അടി ഉയരത്തിൽ ശില്പം ഒരുങ്ങുന്നത്. സിമന്റ് കോൺക്രീറ്റ്, ലോഹങ്ങൾ, തമിഴ്നാട് ശില്പ ചാരുതയാർന്ന ഇഷ്‌ടിക എന്നിവ കൊണ്ടാണ് പാരമ്പര്യരീതിയിൽ ശില്പം നിർമ്മാണം. പതിനഞ്ച് സെന്റ് സ്ഥലത്ത് 29 അടി ശില്പവും 6 അടി പീഠവും അതിനോടനുബന്ധിച്ചുള്ള മനോഹരമായ പൂന്തോട്ടവുമാണ് ഒരുങ്ങുന്നത്.

തിരുവപ്പന -മുത്തപ്പൻ, മുത്തപ്പന്റെ വാഹനമായ നായ എന്നിവർ മൂന്നും ചേരുന്ന ശില്പത്തിൽ തിരുവപ്പന -മുത്തപ്പന്റെ ആടയാഭരണങ്ങളും കരുക്കളും ചിലങ്കകളുമെല്ലാം തന്നെ സ്‌റ്റീലിലും വെങ്കലത്തിലുമാണ് ഒരുക്കുന്നത്.

മുത്തപ്പ ഭഗവാന്റെ ദർശന സായൂജ്യം പുഴയിൽ വെച്ച് പൂർവ്വ ഗുരു കാണാനിടയായ സങ്കൽപത്തെ അടിസ്ഥാനമാക്കി ലോകത്തിലെ തന്നെ ഏറ്റവും അധികം ഉയരമുള്ള പാദം ജലത്തിനു മുകളിൽ പതിഞ്ഞു നിൽക്കുന്ന വിധത്തിൽ മുത്തപ്പന്റെയും തിരുവപ്പന്റെയും പ്രതിമ നിർമ്മിക്കുന്നതിന് തീരുമാനിക്കുകയും പ്രശസ്ത ശില്ലി കെ.കെ.ആർ. വെങ്ങരയുടെ നേതൃത്വത്തിൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു

എ. മുകുന്ദൻ, മാനേജിംഗ് ട്രസ്‌റ്റി, വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുര

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL