SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.34 AM IST

ആറളം ഫാം: 14 കോടിയുടെ ബാധ്യത അന്വേഷിക്കുമെന്ന് മന്ത്രി

aaralam
ആറളം ഫാമിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി കെ.എ തുളസി സംസാരിക്കുന്നു

ഇരിട്ടി: ആറളം ഫാമിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളും നഷ്ടക്കണക്കുകളും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ.എ തുളസി പറഞ്ഞു. ആറളം ഫാമിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഫാമിന്റെ വരുമാനം കുത്തനെ കുറഞ്ഞതും തൊഴിലാളികൾ ഫാം ഉപേക്ഷിച്ചുപോകുന്ന സാഹചര്യവും ഗൗരവത്തോടെ കാണണം. നിലവിൽ ഏകദേശം 14 കോടി രൂപയുടെ ബാധ്യതയാണ് ഫാം നേരിടുന്നത്. ഫാമിന്റെ മുൻകാല കണക്കുകളും മിനിറ്റ്സുകളും വിശദമായി പരിശോധിക്കും.

സർക്കാരിന്റെ അനുമതിയില്ലാതെ ഫാമിന്റെ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകിയ നടപടി പരിശോധിക്കും. സർക്കാരിന്റെ ഒരുതുണ്ട് ഭൂമിപോലും നഷ്ടപ്പെടാൻ അനുവദിക്കില്ല. ഫാമിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും കൃത്യമായ കണക്കുകൾ നൽകാനും നിർദേശം നൽകി. ഫാമിൽ സ്ഥിരതാമസമുള്ളവർ, പുനരധിവസിപ്പിക്കപ്പെട്ടവർ, പട്ടയം ലഭിച്ചവർ എന്നിവരുടെ വിവരങ്ങളും ശേഖരിക്കും.

മുൻകാലങ്ങളിൽ മികച്ച കാർഷിക വരുമാനം ലഭിച്ചിരുന്ന ഫാമിലെ പ്രതിസന്ധികൾ യഥാസമയം പരിഹരിക്കാത്തതാണ് നിലവിലെ സ്ഥിതിക്ക് കാരണമായത്. തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതന വ്യവസ്ഥകളിൽ കുറവുണ്ടായെന്ന പരാതികളും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

ആറളം ഫാമിനെ 14 ബ്ലോക്കുകളായി തിരിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനായാൽ ഫാമിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന് അധികൃതർ യോഗത്തിൽ മന്ത്രിയെ അറിയിച്ചു. തൊഴിലും കൂലിയുമില്ലാത്തതാണ് പലരും ഫാം ഉപേക്ഷിച്ചുപോകാനുള്ള പ്രധാന കാരണമെന്നും യോഗത്തിൽ വിലയിരുത്തി. ഫാം ഉപേക്ഷിച്ചുപോയവരെ തിരിച്ചെത്തിക്കുന്നതിനും ഫാമിന്റെ ഭരണനിർവഹണം കുറ്റമറ്റ രീതിയിൽ പരിഷ്‌കരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.എ തുളസി പറഞ്ഞു.

ആറളം ഫാം കോർപ്പറേഷൻ എം.ഡിയും സബ് കളക്ടറുമായ രവി മീണ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, തൊഴിലാളി പ്രതിനിധികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.മന്ത്രി കെ.എ തുളസി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL