കണ്ണൂർ: കർശന വിലക്കിനിടയിലും ബോട്ടുകൾ നിരോധിത മത്സ്യബന്ധനരീതികൾ തുടരുന്നത് തീരദേശത്ത് അശാന്തി പടർത്തുന്നു. ഡബിൾ നെറ്റ്, ലൈറ്റ് ഫിഷിംഗ് ഉൾപ്പെടെയുള്ള അനധികൃത മത്സ്യബന്ധനമാണ് മലബാറിലെ ആഴക്കടലുകളിൽ വ്യാപകം. ഇത് മത്സ്യത്തൊഴിലാളികൾ ചേരിതിരിഞ്ഞുള്ള വാക്കേറ്റത്തിനും സംഘർഷങ്ങൾക്കും കാരണമാവുകയാണ്. നിരോധിത മത്സ്യബന്ധനരീതികൾക്കെതിരെ നിരവധി തവണ പരാതികൾ ഉയർത്തിയെങ്കിലും ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ അധികൃതർ അമാന്തം കാണിക്കുകയാണ്.
രണ്ടു ബോട്ടുകളിലായി ഇഴയടുപ്പമുള്ള വലകൾ ഉപയോഗിച്ചുള്ള ഡബിൾ നെറ്റ് ഫിഷിംഗ്, മത്സ്യത്തോടൊപ്പം മത്സ്യക്കുഞ്ഞുങ്ങളും മുട്ടകളും കുടുങ്ങി നശിക്കുന്നത് ക്രമേണ മത്സ്യലഭ്യത കുറയുന്നതിന് ഇടവരുത്തും. വളം നിർമാണ കമ്പനികൾക്കായി ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളെയും മറ്റു കടൽജീവികളെയും ഈ രീതിയിൽ പിടികൂടുന്നുണ്ട്. മീൻ, മറ്റു ജീവികൾ എന്നിവ നശിക്കുന്നത് കടലിന്റെ ആവാസ വ്യവസ്ഥയെയും തകിടം മറിക്കും. മീൻപിടിക്കാൻ നിശ്ചിത കണ്ണി അകലമുള്ള വലകളേ ഉപയോഗിക്കാവു എന്നാണ് നിയമം. നിരോധിത മത്സ്യബന്ധനം വ്യാപകമായതോടെ മലബാർ മേഖലയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യലഭ്യതയിൽ കുറവ് നേരിടുന്നുണ്ട്.
മംഗലാപുരം ഭാഗത്തു നിന്നും വരുന്ന ബോട്ടുകളാണ് നിരോധിച്ച ലൈറ്റ് ഫിഷിംഗ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത്. സൂര്യൻ അസ്തമിക്കുന്നതോടെ ലൈറ്റ് ഘടിപ്പിച്ച ബോട്ട് ആഴക്കടലിൽ സ്ഥാനം പിടിക്കും. ഇതിന്റെ വെളിച്ചത്തിൽ ഒത്തുകൂടുന്ന സമുദ്രത്തിന്റെ അന്തർഭാഗത്തുള്ള മത്സ്യങ്ങളെയടക്കം, മണിക്കൂറുകൾ കഴിയുമ്പോൾ എത്തുന്ന ബോട്ടുകൾ ജിൽ വലകൾ ഉപയോഗിച്ച് ഉൾപ്പെടെ കോരിയെടുക്കുകയാണ്.
നേരത്തെ തെക്കൻ മേഖലയിലായിരുന്നു ഡബിൾനെറ്റ് ട്രോളിംഗ് ഉൾപ്പടെയുള്ള നിരോധിത മത്സ്യബന്ധനം നടന്നിരുന്നത്. ഇവിടെയുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികൾ സംഘടിച്ച് പ്രതിരോധിക്കുകയും അധികൃതർ നടപടികൾ കർശനമാക്കുകയും ചെയ്തതോടെ ഇതിൽ കുറവ് വന്നു.
അയലയ്ക്കും മത്തിക്കും വേണം 10 സെന്റിമീറ്റർ
കേരളത്തിന്റെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി അയല, മത്തി, മുള്ളൻ, മാന്തൽ, ചൂര ഉൾപ്പടെ 58 ഇനങ്ങളെ പിടിക്കുന്നതിന് കേരള മറൈൻ ഫിഷറീസ് റഗുലേറ്റിംഗ് ആക്ട് പ്രകാരം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അയലയ്ക്കും മത്തിക്കും ചുരുങ്ങിയത് പത്തു സെന്റിമീറ്റർ നീളം വേണം. മാന്തലിന് ഒമ്പത് സെന്റിമീറ്ററും ചൂരയ്ക്ക് 31 സെന്റിമീറ്ററും നീളം വേണം. ഇതിനു താഴെയുള്ള മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് കുറ്റകരമാണ്. അയല, മത്തി, മാന്തൽ, ചൂര എന്നിവ ഇപ്പോഴും കേരള തീരത്ത് ലഭ്യമാണെങ്കിലും അനധികൃത മത്സ്യബന്ധനം മൂലം മുള്ളൻ ഇനങ്ങൾ ഗണ്യമായി കുറഞ്ഞു വരികയാണ്.
2.5 ലക്ഷം രൂപ പിഴ ഈടാക്കാം
അനധികൃത മത്സ്യബന്ധനം കണ്ടെത്തി നടപടി എടുക്കുന്നതിന് കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാവാത്തത് ഇത്തരത്തിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് സഹായകരമാവുകയാണ്. പരിശോധന നടത്തി പിടികൂടുന്ന ബോട്ടുകൾ കണ്ടുകെട്ടാനും ചുരുങ്ങിയത് 2.5 ലക്ഷം രൂപ പിഴ ഈടാക്കാനും നിയമപ്രകാരം സാധിക്കും. ഫലപ്രദമായ പരിശോധന സംവിധാനമില്ലാത്തതിനാൽ നിയമലംഘകരെ പിടികൂടാൻ കഴിയുന്നില്ലെന്നതാണ് നടപടികൾക്ക് വിഘാതമാവുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |