
ഒന്നാം പ്രതിക്ക് ഇരുപത്തിയൊൻപതര വർഷം തടവും 1.35ലക്ഷം പിഴയും
തലശ്ശേരി: സി.പി.എം പ്രവർത്തകരായ ചക്കരക്കല്ല് തലമുണ്ട അപ്പക്കടവ് മുത്തപ്പൻ ക്ഷേത്രത്തിനു സമീപം തുണ്ടിക്കണ്ടിയിൽ ഹൗസിൽ കെ.സുമേഷ് (36), സുഹൃത്ത് ചക്കരക്കല്ല് കണയന്നൂരിലെ ഓറോറക്കണ്ടി ഹൗസിൽ ഒ.കെ. രാജേഷ് (42) എന്നിവരെ സ്റ്റീൽ ബോംബൈറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് ആർ.എസ്.എസ് പ്രവർത്തകർക്ക് തടവും പിഴയും വിധിച്ചു.കേസിലെ ഒന്നാം പ്രതി
കൊയ്യോട് ചെമ്പിലോട് കോവിലിലെ കൊടിവളപ്പിൽ ഹൗസിൽ കെ.വി.സിനോജ് എന്ന ചക്കി സിനോജ് (37), ഏച്ചൂർ അങ്കണവാടിക്ക് സമീപം അയ്യപ്പൻ മല ചടയൻ ഹൗസിൽ സി.ലനീഷ് (33), ചെമ്പിലോട് കോവിൽ കോരൻ നായർ സ്മാരക വിജ്ഞാന കേന്ദ്രത്തിന് സമീപം മയൂരം ഹൗസിൽ കെ.ശിഷിർ (31), സഹോദരൻ കെ.വിഷാരോൺ (33), ചെമ്പിലോട് കോവിൽ പാറക്കൽ ഹൗസിൽ സി.കെ ഷനിൽ കുമാർ (44) എന്നിവരെയാണ് തലശേരി അഡീഷനൽ ജില്ലാസെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ശിക്ഷിച്ചത്. ഒന്നാംപ്രതിയായ കെ.വി സിനോജിന് വധശ്രമക്കേസിൽ പതിമൂന്നര വർഷം തടവും മുക്കാൽ ലക്ഷം രൂപ പിഴയും സ്‌ഫോടക വസ്തു നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 16 വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും ഒമ്പത് മാസവും തടവ് അധികം അനുഭവിക്കണം. അടക്കുന്ന പിഴത്തുകയിൽ നിന്ന് മൂന്ന് ലക്ഷംരൂപ അക്രമത്തിൽ കാൽ നഷ്ടപ്പെട്ട സുമേഷിന് നൽകാനും കോടതി നിർദേശിച്ചു. മറ്റു നാല് പ്രതികൾക്ക് 13.5 വർഷം തടവും 75,000 പിഴയുമാണ് ശിക്ഷ.
2016 ജനുവരി മൂന്നിന് വൈകിട്ട് അഞ്ചോടെയായിരുന്നു കേസിനാസ്പദമായ സംഭവം.സുഹൃത്ത് ഒ.കെ രാജേഷിനൊപ്പം ബൈക്കിൽ പോകുകയായിരുന്ന സുമേഷിനെതിരെ ചെമ്പിലോട് കോവിൽറോഡ് ജംഗ്നിൽ വെച്ചാണ് ബോംബേറുണ്ടായത്. സുമേഷിന്റെ കാല് ബോംബേറിൽ തകർന്നിരുന്നു. ചികിത്സയ്ക്കിടെ കാൽ പൂർണമായി മുറിച്ചുമാറ്റേണ്ടിവന്നു. ശരീരമാസകലം ബോംബിന്റെ ചീളുകൾ തെറിച്ച സമേഷ് ഇപ്പോഴും ചികിത്സയിലായാണ്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒ.കെ രാജേഷിനും ബോംബേറിൽ ഗുരുതരമായി പരുക്കേറ്റിരുന്നു.സ്‌ഫോടനം നടന്നതിന്റെ തൊട്ടടുത്ത വീട്ടിൽ നിൽക്കുകയായിരുന്ന ചെമ്പിലോട് കോവിലിലെ പാലിച്ചാലിൽ ഹൗസിൽ സഫിയത്തിനും ബോംബിന്റെ ചീള് തറച്ച് പരുക്കേറ്റിരുന്നു.
സി.ഐമാരായിരുന്ന കെ.എസ് ഷാജി, പ്രകാശൻ പടന്നയിൽ, കെ.വി പ്രമോദൻ എന്നിവരാണ് കേസന്വേഷിച്ചത്. കണ്ണൂർ സിറ്റി പൊലിസ് ഇൻസ്‌പെക്ടറായിരുന്ന പ്രദീപൻ കണ്ണിപ്പൊയിലാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 23 സാക്ഷികളെ വിസ്തരിച്ചു. 40 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.രൂപേഷ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |