SignIn
Kerala Kaumudi Online
Tuesday, 27 October 2026 11.43 PM IST

ആകാശം തൊട്ടൊരു ചിത്രംവര സ്വപ്നം പോലെ ഡ്രീം 4 യാത്ര

8000 അടി ഉയരത്തിൽ പാരാഗ്ലൈഡിങ്ങിനിടെ ചിത്രരചനയുമായി

കൂത്തുപറമ്പ്:സമുദ്രനിരപ്പിൽ നിന്ന് 8000 അടി ഉയരത്തിൽ പാരാഗ്ലൈഡിംഗിനിടെ ആകാശക്കാഴ്ചകൾ ചിത്രങ്ങളാക്കി പ്രമുഖ ചിത്രകാരന്മാരായ ഡാവിഞ്ചി സുരേഷ്, ഷൈജു കെ മാലൂർ,വിപിൻ ഇരിട്ടി, താടിക്കാരൻ രതീഷ് എന്നിവരടങ്ങിയ ഡ്രീം 4 ടീം. കുളു മണാലിയിൽ എട്ട് മിനിറ്റ് നീണ്ട ആകാശയാത്രയ്ക്കിടെയാണ് നാല് കലാകാരന്മാരും എ3 വലുപ്പത്തിലുള്ള പേപ്പറിൽ സോഫ്റ്റ് പേസ്റ്റൽ ഉപയോഗിച്ച് ഓരോ ചിത്രം വീതം വരച്ചത്.

അതീവ സുരക്ഷയ്ക്കായി സേഫ്റ്റി ബെൽറ്റ് ധരിച്ച് വലത് കൈയിൽ ഗോപ്രോ ക്യാമറയും ഇടതു കൈ കൊണ്ട് പേസ്റ്റൽസ് ഉപയോഗിച്ചും പറക്കുന്നതിനിടെ എട്ട് മിനിറ്റിനുള്ളിൽ ചിത്രം വരച്ചത്. ഏറെ വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നു ഇതെന്ന് ചിത്രകാരന്മാർ പറഞ്ഞു. ശക്തമായ കാറ്റും തണുപ്പും നേരിട്ടായിരുന്നു ഈ സാഹസിക ചിത്രരചന. ലോകത്ത് തന്നെ ഇത്തരമൊരു ചിത്രരചന ആദ്യമാണെന്നും ജീവിതത്തിൽ അപൂർവമായി മാത്രം ലഭിക്കുന്ന അനുഭവങ്ങളിലൊന്നാണെന്നും ഡ്രീം ഫോറിലെ കലാകാരന്മാർ പറഞ്ഞു.

ഹൈനസ് വയനാട് ടീം ലീഡറായും സിംബാദ് ക്യാമറാമാനായും സംഘത്തിലുണ്ടായിരുന്നു. മണാലിയിൽ ചിത്രരചനയ്ക്ക് ഹോളിബാബ നിഷാൽ പിന്തുണ നൽകി. വയനാട്ടിൽ നിന്നും യാത്ര തിരിച്ച ഡ്രീം 4 ടീമിന്റെ യാത്രയിൽ ട്രെയിനിലെ ചിത്രരചനയും താജ്മഹൽ, ഇന്ത്യാ ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ ചിത്രീകരണവും ഡൽഹിയിലെ കുട്ടികളുടെ ക്യാമ്പും ഉൾപ്പെട്ടിരുന്നു.ഹിമാചൽ പ്രദേശിലെ ഹഡിംബ ക്ഷേത്രത്തിന്റെ സാംസ്‌കാരിക പശ്ചാത്തലവും സംഘം ചിത്രങ്ങളിലൂടെ പകർത്തി. രണ്ടര കിലോമീറ്റർ ട്രെക്കിങ് നടത്തി 9000 അടി ഉയരത്തിലെത്തിയാണ് ലയൺ റോക്കിൽ ചിത്രരചന നടത്തിയത്. റോത്തങ് പാസിലെ മഞ്ഞുമലകളിലിരുന്ന് അവിടുത്തെ കാഴ്ചകൾ കാൻവാസിലാക്കിയ ശേഷമാണ് യാത്രയുടെ ഒമ്പതാം ദിവസം സംഘം പാരാഗ്ലൈഡിങ്ങിനിടയിലെ ചിത്രരചന നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL