SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.49 PM IST

ആനന്ദാശ്രമത്തിൽ സമാധിപൂണ്ട സത്യവ്രത സ്വാമി

s

കോട്ടയം : പ്രശസ്തരും അപ്രശസ്തരുമടങ്ങിയ മഹത്തായ ശിഷ്യസഞ്ചയം ശ്രീനാരായണ ഗുരുദേവനുണ്ടായിരുന്നെങ്കിലും അവരിലാർക്കും നേടാൻ സാധിക്കാത്ത അനുഗ്രഹ പ്രശംസാപാത്രവും അംഗീകാരവുമാണ് സത്യവ്രത സ്വാമി നേടിയെടുത്തത് . ചങ്ങനാശേരിക്കടുത്ത് പിറവികൊണ്ട് ആനന്ദാശ്രമത്തിൽ സമാധിപൂണ്ട സ്വാമിയുടെ ഓർമ്മകൾ നിറയുകയാണ് അദ്ദേഹത്തിന്റെ സമാധി ശതാബ്ദി വാർഷികത്തിൽ. ശ്രീനാരായണ ഗുരുദേവന്റെ പ്രമുഖ സന്യാസ ശിഷ്യനും സാമൂഹിക പരിഷ്കർത്താവുമായ സത്യവ്രത സ്വാമിയുടെ ജീവിതത്തിന് ആനന്ദാശ്രമവുമായി അത്രയേറെ ഇഴയടുപ്പമുണ്ട്. ആനന്ദാശ്രമത്തിന് ശിലാന്യാസം നിർവഹിച്ചത് സ്വാമിയായിരുന്നു. ഗുരുവിന്റെ 'വിവേകാനന്ദൻ' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. അയ്യപ്പൻപിള്ള എന്നായിരുന്നു പേര്. അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ അദ്ദേഹം ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചു. സത്യം വ്രതമാക്കിയ അദ്ദേഹത്തിന് 'സത്യവ്രതൻ' എന്ന പേര് നൽകിയത് ഗുരുദേവനാണ്.

കുട്ടനാട്ടിലെ മാമ്പുഴക്കരയിൽ 1893 മാർച്ച് 11 ന് ശങ്കരൻ നായരുടെയും, കൊച്ചുകുഞ്ഞിന്റേയും മകനായി ജനിച്ച അയ്യപ്പൻ പിള്ളയിലെ ജാതി ചിന്തകൾ മാറ്റി പുതുമനുഷ്യനാക്കി മാറ്റിയത് ഗുരുദേവനാണ്. അദ്വൈതാശ്രമത്തിന്റെ മണ്ണിൽ കാൽപതിഞ്ഞതോടെ അദ്ദേഹം തിരികെ പോകാൻ മടിച്ചു. ''പോയാൽ പിന്നെയും വരാമല്ലോ'' എന്ന് അർത്ഥഗർഭ മറുപടി നൽകി ഗുരു പറഞ്ഞയച്ചു. വീട്ടിലെത്തിയെങ്കിലും അയ്യപ്പൻ പിള്ളയുടെ മനസ് ആലുവയിലെ ഗുരുദേവ സമക്ഷത്തിൽ നിന്ന് വിട്ടുപോന്നിരുന്നില്ല. അമ്മയോട് നിർബന്ധിച്ച് സമ്മതം വാങ്ങി സന്യാസത്തിന് പോയ ശങ്കരാചാര്യരെപ്പോലെ അയ്യപ്പൻ പിള്ളയും വീടുപേക്ഷിച്ചു. തിരികെയെത്തിയ യുവാവിനെ ഗുരുദേവൻ കൂടെക്കൂട്ടി. അദ്വൈതാശ്രമം സംസ്കൃത പാഠശാലയിലെ അദ്ധ്യാപകനാക്കി. 1918 ൽ ഗുരു സിലോൺ സന്ദർശിച്ചു. അയ്യപ്പൻ പിള്ളയും ഒപ്പം പോയി. ശ്രീനാരായണ സിദ്ധാന്തങ്ങൾ, മതപരിഷ്കരണം, ഏക മതം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ അദ്ദേഹം പ്രഭാഷണം നടത്തി. അവിടെ വച്ചാണ് അയ്യപ്പൻ പിള്ളയ്ക്ക് സ്വാമി സത്യവ്രതനിലേയ്ക്കുള്ള പരിണാമം. 1923 ൽ ആലുവ അദ്വൈതാശ്രമത്തിന്റെ സെക്രട്ടറിയായി കേരളത്തിലുടനീളം സഞ്ചരിച്ച് ശ്രീനാരായണ ധർമ്മം പ്രചരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. ടി.കെ.മാധവനുമായി ഒരുമിച്ച് അയിത്തോച്ചാടനം, മദ്യവർജ്ജനം, ക്ഷേത്രപ്രവേശനം തുടങ്ങിയ സമരങ്ങളിൽ നേതൃത്വം വഹിച്ചു. 1923 മുതൽ നവജീവൻ എന്നൊരു മാസിക പ്രസിദ്ധീകരിച്ചു. വള്ളംകളി മത്സരത്തിന്റെ ആദ്യ സംഘാടകൻ സത്യവ്രത സ്വാമിയായിരുന്നു.

ആലുവയിൽ സർവമത സമ്മേളനത്തിൽ സത്യവ്രത സ്വാമികൾ നടത്തിയ സ്വാഗത പ്രസംഗമായിരുന്നു സമ്മേളനത്തിന്റെ ജീവാത്മാവ്. അതേ വർഷം വൈക്കം സത്യഗ്രഹ സമരത്തിന് തുടക്കമിട്ടത്, മന്നത്ത് പദ്മനാഭനോടും, ടി.കെ.മാധവനോടുമൊപ്പം സ്വാമി സത്യവ്രതനുമുണ്ടായിരുന്നു. വൈക്കത്തുനിന്ന് പുറപ്പെട്ട സവർണ ഹിന്ദു ജാഥയ്ക്ക് സത്യവ്രത സ്വാമിയുടെ നിർണായക പങ്കുണ്ടായിരുന്നു. ഒരിക്കൽ അമ്മയെ കാണണമെന്നുള്ള ഉൾവിളി തോന്നിയാണ് സ്വാമി നാട്ടിലെത്തിയത്. ഒരു ദിവസം വഞ്ചിമറിഞ്ഞ് വെള്ളത്തിൽ വീണുപോയ യാത്രക്കാരിൽ ഒരുപാട് പേരെ രക്ഷപ്പെടുത്തി. ജ്വരത്തിന്റെ ആരംഭമുണ്ടായിരുന്നത് വകവയ്ക്കാതെയാണ് സ്വാമിയുടെ രക്ഷാപ്രവർത്തനം. ഇത് ജ്വരം വർദ്ധിപ്പിക്കാനിടയാക്കി. 33-ാമത്തെ വയസിൽ ചങ്ങനാശേരി ആനന്ദാശ്രമത്തിൽ സമാധി പ്രാപിച്ചു. ആനന്ദാശ്രമത്തിൽ എ. പ്രഭാകരൻ പ്രസിഡന്റും, സജീവ് കൂട്ടുമ്മേൽ വൈസ് പ്രസിഡന്റും, ആർ. പുരുഷോത്തമൻ സെക്രട്ടറിയും ആയിരുന്ന കാലഘട്ടത്തായിരുന്നു സമാധി മണ്ഡപം നിർമ്മിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL