SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

നാളെ അറിയാം, ജനവിധി വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ

vote
vote

  • ആദ്യമെണ്ണുക പോസ്റ്റൽ വോട്ടുകൾ

കോഴിക്കോട്: കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിരാമമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനം ആരെ തിരഞ്ഞെടുത്തുവെന്ന് നാളെ അറിയാം. വോട്ടെണ്ണൽ രാവിലെ എട്ടിന് തുടങ്ങും.13 മണ്ഡലങ്ങളിലും ഒരുക്കം പൂർത്തിയായെന്ന് ജില്ലാ കളക്ടർ സ്‌നേഹിൽകുമാർ സിംഗ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളുടേത് മടപ്പള്ളി ഗവ. കോളേജിലും തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കൂടത്തായി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലും നടക്കും. കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം മണ്ഡലങ്ങളിലെ വോട്ടെണ്ണൽ വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോംപ്ലക്സിലാണ്.

പ്രത്യേകം തയാറാക്കിയ കൗണ്ടിംഗ് ഹാളുകളിലാണ് ഓരോ മണ്ഡലത്തിലെയും വോട്ടെണ്ണൽ. ഇ.വി.എം വോട്ടെണ്ണാൻ ഓരോ മണ്ഡലത്തിലും 14 ടേബിളുകൾ വീതമാണ് സജ്ജീകരിച്ചിട്ടുള്ളത്. പോസ്റ്റൽ ബാലറ്റുകൾ, ഇ.ടി.പി.ബി.എസ് വോട്ടുകൾ എന്നിവ എണ്ണാൻ ഓരോ നിയോജകമണ്ഡലത്തിലെയും ബാലറ്റുകളുടെ എണ്ണത്തിനനുസരിച്ചാണ് ടേബിൾ സജ്ജീകരിച്ചിട്ടുള്ളത്. വടകരയിൽ പോസ്റ്റൽ വോട്ടെണ്ണാൻ 7 ടേബിളുകളും ഇ.ടി.പി.ബി.എസ് വോട്ടെണ്ണാൻ ഒരു ടേബിളും പ്രവർത്തിക്കും. കുറ്റ്യാടി 101, നാദാപുരം 101, കൊയിലാണ്ടി 82, പേരാമ്പ്ര 143, ബാലുശ്ശേരി 152, എലത്തൂർ 142, കോഴിക്കോട് നോർത്ത് 92, കോഴിക്കോട് സൗത്ത് 51, ബേപ്പൂർ 71, കുന്ദമംഗലം 131, കൊടുവള്ളി 61, തിരുവമ്പാടി 61 എന്നിങ്ങനെയാണ് പോസ്റ്റൽ ബാലറ്റുകൾ ഇ.ടി.പി.ബി.എസ് ടേബിളുകളുടെ എണ്ണം.

ഇ.വി.എം കൗണ്ടിംഗിനായി ജില്ലയിൽ 741 ഉദ്യോഗസ്ഥരെയും പോസ്റ്റൽ വോട്ടെണ്ണാൻ 661 ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്കുള്ള രണ്ട് റാൻഡമൈഷൻ പൂർത്തിയായി. മൂന്നാംഘട്ട റാൻഡമൈസേഷൻ വോട്ടെണ്ണൽ ദിനത്തിൽ വരണാധികാരികളുടെ നേതൃത്വത്തിൽ രാവിലെ അഞ്ചിന് നടക്കും. ഉദ്യോഗസ്ഥർക്കുള്ള ആദ്യഘട്ട പരിശീലനങ്ങൾ പൂർത്തിയായി. അവസാനഘട്ട പരിശീലനം ഇന്ന് നടക്കും.

സ്ട്രോംഗ് റൂം തുറക്കുക, ആറ് മണിക്ക്

വോട്ടെണ്ണലിന് മുന്നോടിയായി സ്‌ട്രോംഗ് റൂം രാവിലെ ആറുമണിക്ക് തുറക്കും. ആദ്യം എണ്ണിത്തുടങ്ങുക പോസ്റ്റൽ വോട്ടുകളും ഇ.ടി.പി.ബി.എസ് വോട്ടുകളുമാണ്. ഇ.വി.എം വോട്ടുകൾ 8.30ന് എണ്ണും. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെയും പരിസരങ്ങളിലെയും സുരക്ഷ ഉറപ്പാക്കാൻ സി.എ.പി.എഫ്, കേരള പൊലീസ് സേനകൾ ഉൾപ്പെടുന്ന ത്രിതല സുരക്ഷാ സംവിധാനമുണ്ട്. റിട്ടേണിംഗ് ഓഫീസർമാർ ഒഴികെ ആരുടെയും മൊബൈൽഫോണുകൾ വോട്ടെണ്ണൽ മുറിക്കുള്ളിൽ അനുവദിക്കില്ല. ഇ.വി.എം വോട്ടെണ്ണൽ അവസാന റൗണ്ടിന് ശേഷം ഓരോ നിയമസഭാ മണ്ഡലത്തിലെയും തത്സമയം തെരഞ്ഞെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വി.വി പാറ്റ് സ്ലിപ്പുകൾ എണ്ണി ഒത്തുനോക്കും. ഇതിനുശേഷമാണ് ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാവുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL