കോട്ടക്കൽ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ എടരിക്കോട് ഗ്രാമപഞ്ചായത്തുതല ഫലവൃക്ഷത്തൈ നടീൽ ഉദ്ഘാടനം പുതുപ്പറമ്പ് ജി.എച്ച്.എസ്.എസ് സ്‌കൂളിൽ വെച്ച് നടന്നു. 'പച്ചക്കുട നിവർത്താം ഭൂമിക്ക് തണലേകാം' എന്ന സന്ദേശമുയർത്തി എടരിക്കോട് കൃഷിഭവന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെഹാന ബീഗം ഫലവൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. എടരിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ടി.അബ്ദുസ്സമദ് അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി എടരിക്കോട് കൃഷി ഓഫീസർ പി.മുഹമ്മദ് ഫാരിസ് പരിസ്ഥിതി ദിന സന്ദേശം നൽകി. സ്‌കൂൾ പ്രിൻസിപ്പൽ വി.വിജലക്ഷ്മി സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് കെ.ബി.മിനി, പി.ടി.എ പ്രസിഡന്റ് ബഷീർ കൂരിയാടൻ ആശംസകൾ അർപ്പിച്ചു.
സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ് പരിപാടികൾക്ക് മാറ്റുകൂട്ടി. എൻ.എസ്.എസ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മറ്റ് വിദ്യാർത്ഥികളും അദ്ധ്യാപകരും ക്യാമ്പസ് ബ്യൂട്ടിഫിക്കേഷൻ പ്രവർത്തനങ്ങളിലും ഫലവൃക്ഷത്തൈ നടീലിലും സജീവമായി പങ്കാളികളായി.
ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂൾ, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരവും അദ്ധ്യാപകർക്കായി 'സെൽഫി വിത്ത് നേച്ചർ' മത്സരവും സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ വാർഡ് മെമ്പർമാരും പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങളും അദ്ധ്യാപകരായ പി.ഐ.നജീബ്, എൻ.സി.ചന്ദ്രൻ, മുംതാസ് ചോലക്കൽ, എൻ.ആരിഫ്, എം.ടി.അബ്ദു റസാഖ്, കെ.ഹഫീല, വി.പി.നീന തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |