SignIn
Kerala Kaumudi Online
Thursday, 24 September 2026 3.58 AM IST

ആവശ്യത്തിന് ജീവനക്കാരില്ല; ലേണിംഗ് ടെസ്റ്റിന് മണിക്കൂറുകളുടെ കാത്തിരിപ്പ്

photo-
ഫോട്ടോ : തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ രാത്രി വൈകിയും ലേണിംഗ് ടെസ്റ്റ് എഴുതുന്നവർ

തിരൂരങ്ങാടി: ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനെ തുടർന്ന് ലേണിംഗ് ടെസ്റ്റ് മണിക്കൂറുകളോളം വൈകി. ലേണിംഗ് ടെസ്റ്റിന് വേണ്ടി 11 മണിക്കൂറിൽ അധികം സ്ത്രീകൾ ഉൾപ്പെടെ കാത്തിരിക്കേണ്ടി വന്നു. രാത്രി ഏഴ് മണി കഴിഞ്ഞിട്ടും തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫീസിൽ ലേണിംഗ് ടെസ്റ്റ് കഴിയാത്ത അവസ്ഥയാണ്. ഇത് മൂലം ഓഫീസിലെ ഉദ്യോഗസ്ഥരും ടെസ്റ്റിന് എത്തിയവരും വളരെയധികം പ്രയാസപ്പെടുകയുണ്ടായി. തിരൂരങ്ങാടി ഓഫീസിൽ നാല് എ.എം.വിഐമാരാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞമാസം മൂന്ന് എ.എം.വി.ഐമാരുടെ അധിക തസ്തിക കൂടി സൃഷ്ടിച്ചെങ്കിലും നിയമനം ഒന്നും തന്നെ നടന്നില്ല. അതിൽ നിന്ന് ഒരാളെ നിയമിച്ചങ്കിലും ഇതുവരെ ചുമതലയേറ്റിട്ടില്ല. ഓഫീസിൽ നിലവിലുണ്ടായിരുന്ന നാല് എ.എം.വി.ഐമാരിൽ ഒരാളെ ചെക്ക് പോസ്റ്റിലേക്ക് നിയമിച്ചതോടെ മൂന്ന് പേരെ വെച്ചാണ് 200 പേർക്ക് ലേണിംഗ് ടെസ്റ്റ് നടത്തുന്നത്. കൂടാതെ ഡ്രൈവിംഗ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന, അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ പരിശോധന തുടങ്ങിയവയും ഇതിനൊപ്പം നടക്കേണ്ടതുണ്ട്.

ഇന്നലെ മാത്രം 150ഓളം പേർക്ക് ഡ്രൈവിംഗ് ടെസ്റ്റ്, നൂറിൽപരം വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന, 15 വർഷം കാലാവധി കഴിഞ്ഞ 50 ഓളം വാഹനങ്ങളുടെ പരിശോധന എന്നിവയുടെ ഉണ്ടായിരുന്നു. ആവശ്യത്തിന് കമ്പ്യൂട്ടറുകളും സ്ഥിരതയുള്ള ഇന്റർനെറ്റ് സംവിധാനവും ഇല്ലാത്തതിനൊപ്പം ഇടക്കിടെ വൈദ്യുതി തടസ്സപ്പെടുമ്പോൾ ഉപയോഗിക്കാനുള്ള ബദൽ സംവിധാനവും ഒരുക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറുകളുടെ അപര്യാപ്തതയും ഇന്റർനെറ്റ് കണക്ഷനിലെ തടസ്സങ്ങളും ടെസ്റ്റിന്റെ നടപടിക്രമങ്ങൾ മന്ദഗതിയിലാക്കുന്നുണ്ട്.

കറന്റേ പോവല്ലേ

വൈദ്യുതി നിലച്ചാൽ ടെസ്റ്റ് പൂർണമായും തടസ്സപ്പെടുന്ന സ്ഥിതിയാണ്. ജനറേറ്ററോ മതിയായ യു.പി.എസ് സംവിധാനമോ ഇല്ലാത്തതിനാൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതുവരെ ഉദ്യോഗാർത്ഥികൾ കാത്തിരിക്കേണ്ടിവരുന്നുണ്ട്. രാവിലെ എട്ടുമണിയോടെ ലേണിംഗ് ടെസ്റ്റിനായി എത്തിയ പല ഉദ്യോഗാർത്ഥികളും വൈകിട്ട് അഞ്ചുമണിയായിട്ടും ടെസ്റ്റ് പൂർത്തിയാകാതെ കാത്തുനിൽക്കേണ്ടിവരുന്നുണ്ട്. ഓഫീസ് സമയത്തിന് ശേഷം മുഴുവൻ കമ്പ്യൂട്ടറുകളും ഉപയോഗപ്പെടുത്തി ലേണിംഗ് ടെസ്റ്റ് തീർക്കുന്ന സ്ഥിതിയാണ് ഇവിടം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL