SignIn
Kerala Kaumudi Online
Sunday, 12 July 2026 10.50 AM IST

കിൻഫ്ര പാർക്കിൽ വെള്ളം എത്താൻ സർക്കാർ കനിയണം

kinfra
kinfra

കഞ്ചിക്കോട്: കിൻഫ്ര പാർക്കിലേക്ക് മലമ്പുഴ വെള്ളം എത്തുന്ന പദ്ധതി സർക്കാർ അനുമതിക്കായി കാത്തു കിടക്കുന്നു. സ്ഥലം വാങ്ങുന്നതിനായുള്ള സർക്കാർ അനുമതിക്കായി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് കിൻഫ്ര മാനേജ്‌മെന്റ് ലാൻഡ് റെവന്യു കമ്മീഷൻ മുഖേന അപേക്ഷ സമർപ്പിച്ചിരുന്നു. പക്ഷെ ഇനിയും അനുമതി കിട്ടിയിട്ടില്ല. റെയിൽവേ ലൈനിന് സമാന്തരമായി പൈപ്പ് ലൈനിടുന്നതിന് അനുമതി കിട്ടാത്തത് മൂലം മുടങ്ങിക്കിടന്ന പദ്ധതിയുടെ തടസം മാറ്റാനാണ് റെയിൽവേ ലൈനിന് സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലം കിൻഫ്ര വാങ്ങാൻ തീരുമാനിച്ചത്. സ്ഥലം രജിസ്‌ട്രേഷന് സർക്കാർ അനുമതി വേണം. രജിസ്ട്രേഷൻ കഴിഞ്ഞാലുടൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പണി തുടങ്ങാൻ കഴിയും. പണി തുടങ്ങിയാൽ ഒരു മാസം കൊണ്ട് പൈപ്പ്‌ലൈൻ പണി പൂർത്തീകരിക്കാനാവും.
മലമ്പുഴ ഡാമിലെ വെള്ളം കിൻഫ്ര പാർക്കിലെത്തിക്കാൻ 27 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചത്. പക്ഷെ റെയിൽവെയുടെ എതിർപ്പിൽ കുടുങ്ങി സ്തംഭിച്ചു. പൈപ്പ് ലൈൻ റെയിൽവേ ട്രാക് ക്രോസ് ചെയ്യുന്നതിന് റെയിൽവേ അനുമതി നൽകി. പക്ഷെ റെയിൽപാളത്തിന് സമാന്തരമായി പൈപ്പിട്ടാൻ അനുമതി നൽകിയില്ല. പലവട്ടം ചർച്ചകൾ നടന്നിട്ടും പരിഹാരമുണ്ടായില്ല. മറ്റ് പണികളെല്ലാം പൂർത്തീകരിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവൃത്തി മാത്രം മാറ്റിവയ്ക്കുകയായിരുന്നു. റെയിൽവേ ഒരു തരത്തിലും വഴങ്ങാതെ വന്നതോടെയാണ് കിൻഫ്ര ബദൽ മാർഗ്ഗങ്ങൾ തേടി തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് ട്രാക്കിനോട് ചേർന്ന് കിടക്കുന്ന 36 സെന്റ് സ്ഥലം സ്വകാര്യ വ്യക്തിയിൽ നിന്ന് വാങ്ങാൻ കിൻഫ്ര തീരുമാനിച്ചത്. ഇതിന്റെ കരാർ ഒപ്പ് വെക്കുകയും ചെയ്തു. പക്ഷെ നിയമസഭ തിരഞ്ഞെടുപ്പ് വന്നതിനെ തുടർന്ന് സ്ഥലം രജിസ്‌ട്രേഷനുള്ള സർക്കാർ അനുമതി കിട്ടിയില്ല. പുതിയ സർക്കാർ ചുമതലയേറ്റതും അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ ഇതുവരെയായും സർക്കാറിന്റെ പച്ചക്കൊടി കിട്ടിയില്ല. ഈ ഫയലിൽ ഒരു തീർപ്പായാലേ മലമ്പുഴ വെള്ളം കിൻഫ്രയിലെത്തുകയുള്ളു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KINFRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL