SignIn
Kerala Kaumudi Online
Friday, 02 October 2026 1.45 AM IST

കണ്ണംകുണ്ട് പാലം നിർമ്മാണത്തിന്റെ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു; പ്രതീക്ഷയോടെ നാട്

paalam

​ പാലം നിർമ്മാണത്തിനായി 14.14 കോടി രൂപയുടെ ഭരണാനുമതി

​ പ്രവൃത്തിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനായി 1.18 കോടി രൂപ റവന്യൂ വകുപ്പിലേക്ക് കൈമാറി

​ നിർമ്മാണ പ്രവർത്തനങ്ങൾ നവംബറിൽ ആരംഭിക്കും

​ഏറ്റെടുത്തിട്ടുള്ളത് അഞ്ചുപേരുടെ കൈവശമുള്ള 29.6 സെന്റ് ഭൂമിയാണ്

​

അലനല്ലൂർ: അലനല്ലൂരിനേയും എടത്തനാട്ടുകരയേയും ബന്ധിപ്പിച്ച് വെള്ളിയാർ പുഴയ്ക്കു കുറുകെയുള്ള കണ്ണംകുണ്ട് പാലം നിർമ്മാണത്തിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. പാലത്തിന്റെ നിർമ്മാണത്തിനായി 14.14 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. പ്രവൃത്തിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനായി 1.18 കോടി രൂപ റവന്യൂ വകുപ്പിലേക്ക് കൈമാറിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ നവംബർ മാസത്തിൽ ആരംഭിക്കാനാണ് മന്ത്രി എൻ.ഷംസുദ്ദീനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീറും ചേർന്ന് നടത്തിയ ഉന്നതതല യോഗം തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്. അലനല്ലൂർ രണ്ട്, മൂന്ന് വില്ലേജുകളുടെ പരിധിയിലുള്ള അഞ്ചുപേരുടെ കൈവശമുള്ള 29.6 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. സ്ഥലത്തിന്റെ അളവുകളും അതിരുകളും അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി റവന്യൂസംഘം ശനിയാഴ്ച പരിശോധന നടത്തിയിരുന്നു. ഇവർ സമർപ്പിക്കുന്ന രേഖയ്ക്ക് സർവേ ഡയറക്ടർ അംഗീകാരംം നൽകുന്നപക്ഷം സ്ഥലം ഉടമകൾക്ക് നഷ്പരിഹാരതുക നൽകുന്ന നടപടികളെടുക്കും. പാലം നിർമ്മാണത്തിന്റെ ഭാഗമായുള്ള പാരിസ്ഥിതിക പഠനവും ഉടനെ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാർ പുഴയ്ക്ക് കുറുകെ നിലവിൽ കോസ്‌വേയാണുള്ളത്. എന്നാൽ ശക്തമായ മഴ പെയ്താൽ പുഴയിൽ ജലനിരപ്പുയർന്ന് കോസ്‌വേയിൽ വെള്ളം കയറുകയും ഗതാഗതം തടസപ്പെടുന്നതുമാണ് പ്രതിസന്ധി. വാഹനഗതാഗതം തടസപ്പെട്ടാൽ മണ്ണാർക്കാട്, അലനല്ലൂർ, എടത്തനാട്ടുകര, കുമരംപുത്തൂർ, കരിങ്കല്ലത്താണി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർക്ക് പാലക്കടവ് പാലം വഴിയോ തിരുവിഴാംകുന്ന് മുറിയക്കണ്ണി പാലം വഴിയോ 10 മുതൽ 15 കിലോമീറ്റർ വരെ അധികദൂരം സഞ്ചരിക്കേണ്ടിവരുന്നു. ഇതുമൂലം സ്വകാര്യ ബസുകൾ, സ്‌കൂൾ വാഹനങ്ങൾ, ചരക്കുവാഹനങ്ങൾ, ആംബുലൻസ് സേവനങ്ങൾ എന്നിവയ്ക്കും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. യാത്രാസമയവും ഇന്ധനച്ചെലവും അധികമായിവരുന്നു. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ വാഹനങ്ങൾ കടത്തിവിടാൻ കഴിയാത്ത സാഹചര്യവും മഴക്കാലത്തുണ്ട്. പലപ്പോഴും അപകടങ്ങൾ തലനാരിഴയ്ക്കാണ് ഒഴിവായിട്ടുള്ളത്. ശാശ്വത പരിഹാരമായി ഉയരം കൂടിയ പുതിയ പാലം നിർമ്മിക്കണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. പാലത്തിന് തുക അനുവദിക്കപ്പെട്ടതിലും നടപടികൾ പുരോഗമിക്കുന്നതിലും അലനല്ലൂർ, എടത്തനാട്ടുകര നിവാസികൾ ഏറെ സന്തോഷത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BRIDGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL