ആലത്തൂർ: ഗായത്രിപ്പുഴയ്ക്ക് കുറുകെ മാടമ്പാറ കടവിൽനിന്ന് പഴതറയിലേക്ക് പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടായിട്ടും പരിഹാരമായില്ല. കുനിശ്ശേരി പുളിയൻകാട്, ചേന്ദങ്കാട്, ആലിഞ്ചുവട്, ചായമുച്ചി, ചേരാമംഗലം, പഴതറ മേഖലകളിലെ അഞ്ഞൂറിലധികം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന പാലത്തിനായി നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും നിർമ്മാണം യാഥാർഥ്യമായിട്ടില്ല. പാലമില്ലാത്തതിനാൽ മാടമ്പാറ ഭാഗത്തുള്ളവർക്ക് കുനിശ്ശേരിയിലെത്തി ചേരാമംഗലം വഴി നെന്മാറയിലെത്താൻ അഞ്ചു കിലോമീറ്ററോളം അധികം സഞ്ചരിക്കണം. വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റ് ആവശ്യങ്ങൾക്കുമായി നെന്മാറയെ ആശ്രയിക്കുന്നവർക്ക് ഇത് വലിയ യാത്രാക്ലേശമാണ്. നെന്മാറ എൻ.എസ്.എസ് കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളും ഈ മേഖലയിലുണ്ട്. പാലം നിർമ്മിച്ചാൽ ഇവരുടെ യാത്രാദൂരം ഗണ്യമായി കുറയ്ക്കാനാകും.
നേരത്തേ കുനിശ്ശേരിയിൽനിന്ന് മാടമ്പാറ വഴി ഗായത്രിപ്പുഴ കടന്നായിരുന്നു നെന്മാറയിലേക്കുള്ള യാത്ര. മഴക്കാലത്ത് പുഴ കടക്കാൻ കഴിയാത്തതിനാൽ യാത്ര മുടങ്ങുന്നത് പതിവായിരുന്നു. പിന്നീട് ഇവിടെ തടയണ നിർമിച്ചതോടെ പുഴയിലൂടെയുള്ള യാത്രയും നിലച്ചു. ഇതോടെ ഇരുകരകളിലുമുള്ളവർക്ക് ചുറ്റിക്കറങ്ങി യാത്ര ചെയ്യേണ്ട സ്ഥിതിയായി. പാലം നിർമ്മിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ച് നാട്ടുകാർ ഒരു പതിറ്റാണ്ടായി ജനപ്രതിനിധികൾക്ക് നിവേദനങ്ങൾ നൽകിവരുകയാണ്. സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും സമർപ്പിച്ചെങ്കിലും തുടർനടപടിയുണ്ടായില്ലെന്ന് ജനകീയ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പാലം യാഥാർത്ഥ്യമാക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലം നിർമിച്ചാൽ മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നതിനൊപ്പം വിദ്യാഭ്യാസ, തൊഴിൽ ആവശ്യങ്ങൾക്കുള്ള യാത്രയും എളുപ്പമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |