പൂവാർ: ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ പുന്നക്കാട് വാർഡിലെ കൃഷിഭൂമിയിൽ കണ്ണുനട്ട് ഭൂമാഫിയകൾ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ അനുബന്ധ വ്യവസായങ്ങൾ ആരംഭിക്കാൻ എന്ന പേരിലാണ് ഇവിടം ഭൂമാഫിയ നോട്ടമിട്ടിരിക്കുന്നത്. കൃഷിഭൂമിയും ചതുപ്പ് നിലങ്ങളും കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നതാണ് ഇവരെ ആകർഷിക്കാൻ കാരണം. എന്നാൽ കൃഷി ഉപജീവനമാക്കിയിട്ടുള്ളവരെ ദുരിതത്തിലാക്കുന്ന നടപടി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
കമ്പനികൾ നേരിട്ട് വരാത്ത സാഹചര്യത്തിൽ നാട്ടുകാരുടെ തൊഴിൽ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാനും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ബാലരാമപുരം പഞ്ചായത്തിലെ പുന്നക്കാട് വാർഡിലെ കൃഷിഭൂമിയാണ് ദുബായ് കമ്പനിക്കെന്നപേരിൽ മാഫിയകൾ വാങ്ങിക്കൂട്ടാൻ ശ്രമിക്കുന്നത്. കൂടാതെ പാറക്കുഴി,ആലുവിള പ്രദേശങ്ങളിലെ ഭൂമിയും മാഫിയ നോട്ടമിട്ടിട്ടുണ്ട്.
ഒരുകാലത്ത് നെൽകൃഷിയാൽ സമ്പന്നമായിരുന്ന പ്രദേശമാണ് പുന്നക്കാട് ഏല. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതും നെൽകൃഷി ലാഭകരമല്ലാതായതുമാണ് കർഷകരെ മറ്റു കൃഷികളിലേക്ക് മാറ്റിയത്. മരച്ചീനി,മധുരക്കിഴങ്ങ്,വാഴ,പപ്പായ,വെള്ളരി, ചീര,വേണ്ട ,കത്തിരി, വഴുതിന തുടങ്ങിയവയാണ് ഇപ്പോൾ പ്രധാനമായും കൃഷി ചെയ്യുന്നത്.
ഗ്രാമീണമേഖലയിലെ റോഡ്,തോട്,അരുവി,കുളം എന്നിവ മണ്ണിട്ട് നികത്തി പതിന്മടങ്ങ് വിലയ്ക്ക് വിൽക്കുകയെന്നതാണ് ഭൂമാഫിയകളുടെ ശ്രമമെന്നാണ് നാട്ടുകാരുടെ ആരോപണം. കൃഷിഭൂമി മണ്ണിട്ട് നികത്തുന്നതും അരുവികളും കുളങ്ങളും ഇല്ലാതാകുന്നതും പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാക്കും.
വിഴിഞ്ഞം പദ്ധതിയുടെ അനുബന്ധ വ്യവസായങ്ങൾക്കായി 230 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ വിജ്ഞാപനം ഇക്കഴിഞ്ഞ 15ന് പുറപ്പെടുവിച്ചിരുന്നു.അമരവിള ,മാറനല്ലൂർ,കോട്ടുകാൽ പ്രദേശങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത്.സർക്കാർ തറവിലയും പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാൽ ഇതിൽ ഒന്നും ഉൾപ്പെടാത്ത പ്രദേശമാണ് പുന്നക്കാട്.സർക്കാരിൽ സ്വാധീനമുള്ള ചില ഉന്നത ഉദ്യോഗസ്ഥരുടെ പിൻബലത്തോടെയാണ് ഇവിടത്തെ ഭൂമി ഏറ്റെടുക്കാൻ ഭൂമാഫിയകൾ ശ്രമിക്കുന്നത്.
Land mafia is increasingly targeting areas around the Vizhinjam International Seaport project, citing the establishment of ancillary industries as a reason for large-scale land acquisitions. Fertile agricultural land and wetlands are particularly vulnerable because they can be purchased at relatively low prices. Concerns are growing that speculative land deals could threaten local farmers, damage ecologically sensitive areas, and alter the region's traditional land use.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |