പുൽപ്പള്ളി: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പ്രധാന റോഡുകൾ പോലും കാടുകയറി മൂടിയിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തത് പൊതുജനങ്ങൾക്ക് വലിയ ദുരിതമാകുന്നു. പുൽപ്പള്ളി എരിയപ്പള്ളി മണൽവയൽ കേണിച്ചിറ റൂട്ടിൽ മണൽവയൽ കുത്തനെയുള്ള കയറ്റത്തിന് ഇരുവശവുമുള്ള അടിക്കാടും ചെറു മരങ്ങളും ബ്ലോക്ക് പുല്ലുകളും റോഡിലേക്ക് വളർന്ന് കയറിയ നിലയിലാണ്. ഇതുകാരണം രണ്ട് വാഹനങ്ങൾ ഒരേ സമയം കടന്നുപോകേണ്ട റൂട്ടിൽ ഇപ്പോൾ ഒരു വാഹനം കടന്നുവരുമ്പോൾ മറുഭാഗത്തുനിന്നുള്ള വാഹനങ്ങൾ ഒരുക്കി നിർത്തിക്കൊടുക്കേണ്ട ഗതികേടിലാണ്. കുത്തനെയുള്ള കയറ്റമായതിനാൽ പുല്ലുകളും, പൊന്തക്കാടും റോഡിലേക്ക് നിൽക്കുന്നത് ഡ്രൈവർമാരുടെ കാഴ്ച മറയുന്ന തരത്തിലാണ്. ഇത് വൻ അപകടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. നിരവധി ബസുകളടക്കം നിരവധി വാഹനങ്ങൾ സർവീസ് നടത്തുന്ന ഈ റൂട്ടിൽ ഗതാഗതതടസം നിത്യസംഭവമായിട്ടും അധികൃതർ പാലിക്കുന്ന മൗനം പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
തൊഴിലുറപ്പ് പദ്ധതി ഉപകാരപ്പെടുത്തണം
നാട്ടുകാർക്കും യാത്രക്കാർക്കും ഏറെ പ്രയാസമുണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ഉപകാരപ്പെടുത്തണമെന്ന് ആവശ്യം. പൊതുജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകണം. അപകടകരമായ നിലയിൽ മണൽവയൽ കയറ്റത്തിലെ കാടു കയറിയ റോഡ് വൃത്തിയാക്കി ഗതാഗതം സുഗമമാക്കാൻ പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |