SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

കരടിപ്പേടിയിൽ കല്ലാർ

വിതുര: വിതുര പഞ്ചായത്തിലെ കല്ലാർ മേഖലയിൽ കരടികളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. കല്ലാർ, മൊട്ടമൂട്,മൺപുറം,ആറാനക്കുഴി മേഖലകളിലാണ് നിലവിൽ കരടികൾ ഭീതി പരത്തുന്നത്. ആറ് മാസമായി കരടി ശല്യം മൂലം പകൽ സമയത്തുപോലും വഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്.

കല്ലാർ മേഖലയിലെ വിദ്യാർത്ഥികളും പ്രതിസന്ധിയിലാണ്. മേഖലയിൽ ധാരാളം പ്ലാവ് മരങ്ങളുണ്ട്. ചക്കപ്പഴം കഴിക്കാനാണ് കരടികൾ കൂട്ടമായെത്തുന്നത്. ഇതിനകം മേഖലയിലെ പ്ലാവുകളിലെ ചക്ക മുഴുവൻ കരടികൾ തിന്നുതീർത്തു. മാത്രമല്ല മൊട്ടമൂട് മൺപുറത്തെ ക്ഷേത്രത്തിൽ കയറി എണ്ണ കുടിച്ച സംഭവവുമുണ്ട്.

കഴിഞ്ഞ ദിവസം വനപാലകർ കൂട് സ്ഥാപിച്ച് ചക്കപ്പഴക്കെണിയൊരുക്കി ഒരു കരടിയെ പിടികൂടിയിരുന്നു. എന്നാൽ ഇതിന് ശേഷവും കരടികൾ എത്തുന്നുണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചു. കരടി ശല്യം കാരണം സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.ചക്കപ്പഴം തിന്നുന്നതിനിടയിൽ കരടിയെ തുരത്തി ഓടിക്കാൻ ശ്രമിച്ചവരെ ആക്രമിച്ചിരുന്നു.

നേരത്തേ ചാത്തൻകോട് ചെമ്മാംകാല മേഖലയിൽ തേൻ ശേഖരിക്കാൻ മരത്തിൽ കയറിയ യുവാവിന്റെ കൈ കരടി മുറിച്ചിരുന്നു. കല്ലാർ മേഖലയിൽ വനവിഭവങ്ങൾ ശേഖരിക്കുവാൻ കാട്ടിൽ കയറിയ വീട്ടമ്മയേയും കരടി ആക്രമിച്ചിരുന്നു.

പുലി, കാട്ടാന, കാട്ടുപോത്ത്

കല്ലാർ മേഖലയിൽ നിലവിൽ കാട്ടാനയുടേയും കാട്ടുപോത്തിന്റെയും പുലിയുടേയും ശല്യമുണ്ട്. ആറാനക്കുഴി,മംഗലകരിക്കകം,മൊട്ടമൂട് മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷമായിട്ടുള്ളത്. മിക്ക ദിവസങ്ങളിലും കാട്ടാനകളെത്തി കൃഷിനാശം വിതയ്ക്കുന്നുണ്ട്. നേരത്തേ കാട്ടാനകളുടെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചിട്ടുണ്ട്.

ഭീതി പരത്തി കാട്ടുപോത്തുകളും എത്തുന്നുണ്ട്.പൊൻമുടി കല്ലാർ റോഡിലും കാട്ടുമൃഗങ്ങൾ ഇറങ്ങി ഭീതിപരത്തുന്നുണ്ട്. പുലിയിറങ്ങി വളർത്തുനായ്ക്കളെ കൊന്നൊടുക്കുകയും ചെയ്യുന്നുണ്ട്. ഇതുമൂലം കല്ലാർ മേഖലയിൽ എത്തുന്ന ടൂറിസ്റ്റുകളും ബുദ്ധിമുട്ടിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL