
അറസ്റ്റ് 18ലക്ഷം തട്ടിയകേസിൽ
വ്യാപക തട്ടിപ്പ് നടത്തിയതായി സൂചന
കൊച്ചി: ആഡംബര ജീവിതത്തിനായി മുട്ടുശാന്തിപ്പണി വിട്ടു. ഹെയർ സ്റ്റൈലടക്കം മാറ്റി വ്യാജ 'കമാൻഡന്റായി". പിടിക്കപ്പെടാതിരിക്കാൻ നേവി യൂണിഫോമും വ്യാജ എംബ്ലങ്ങളും ഉപയോഗിച്ചു. ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി തട്ടിപ്പ് നടത്തിവരികയായിരുന്ന പത്തനംതിട്ട അടൂർ സ്വദേശി ബിമൽ എസ്. നമ്പൂതിരിയെ ഒടുവിൽ പാലാരിവട്ടത്തെ താമസസ്ഥലത്തുനിന്ന് പൊലീസ് പിടികൂടി. നേവി യൂണിഫോമുകളും വ്യാജ ഐ.ഡി കാർഡുകളും എംബ്ലങ്ങളും വീട്ടിൽനിന്ന് കണ്ടെടുത്തു. സംഘത്തിലെ മറ്റുരണ്ടുപേർക്കായി അന്വേഷണം ഊർജിതമാക്കി.
പരാതിക്കാരനായ സ്വന്തം നാട്ടുകാരനും ഭാര്യക്കും കേരള അഗ്രോ മെഷിനറി കോർപ്പറേഷനിലും (കാംകോ), അയാളുടെ സഹോദരിക്ക് മിൽമയിലും ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപയാണ് ബിമലും സംഘവും കൈക്കലാക്കിയത്. 2023 മുതൽ 2025 കാലയളവിലായിരുന്നു തട്ടിപ്പ്. മൂന്ന് ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവം നടന്നത് അടൂരായതിനാൽ കേസ് പത്തനംതിട്ട പൊലീസിന് കൈമാറിയേക്കും. നേവിയിലെ കമാൻഡന്റാണെന്നും കൊച്ചിയിലാണ് ജോലി ചെയ്യുന്നതെന്നും ബിമൽ സ്വയം പരിചയപ്പെടുത്തി പരാതിക്കാരനെ കെണിയിൽ വീഴ്ത്തുകയായിരുന്നു.
ആദ്യം വൻതുക ആവശ്യപ്പെട്ടെങ്കിലും 18 ലക്ഷം രൂപയിൽ ധാരണയായി. പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് തവണകളായാണ് പണം നൽകിയത്. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയതിനാൽ സംശയിച്ചില്ല. ജോലി കിട്ടാൻ വൈകിയതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിൽ രണ്ടുപേർകൂടി ഉണ്ടെന്ന് വെളിപ്പെടുത്തിയത്. ക്ഷേത്രത്തിൽ മുട്ടുശാന്തിയായിരുന്ന ബിമലിനെ ഇവരാണ് തട്ടിപ്പിലേക്ക് വഴിതിരിച്ചതെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |