SignIn
Kerala Kaumudi Online
Monday, 20 July 2026 7.49 PM IST

പ്ലാൻ ഫണ്ടും ധനകാര്യ ഗ്രാന്റും വെട്ടിക്കുറച്ചു: വെട്ടിലായി പഞ്ചായത്ത് പദ്ധതികൾ

f

തൃശൂർ: പ്ലാൻ ഫണ്ട് ഇനത്തിലും ധനകാര്യ കമ്മിഷൻ ഗ്രാന്റിലും സർക്കാർ വൻ കുറവ് വരുത്തിയതിനാൽ ജില്ലാ പഞ്ചായത്തിന്റെ വികസന പദ്ധതികൾ പ്രതിസന്ധിയിലേക്ക്. സർക്കാർ വിഹിതത്തിൽ മാത്രം 17 കോടിയിലേറെ രൂപയുടെ കുറവാണുള്ളത്. പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടും ജില്ലാ ആസൂത്രണ സമിതികൾ പുനഃസംഘടിപ്പിക്കാത്തതിനാൽ വാർഷിക പദ്ധതികളുടെ അംഗീകാരവും വൈകുന്നുണ്ട്. ഫണ്ട് വെട്ടിക്കുറച്ചതോടെ ഉത്പാദന മേഖലയിലെ പല പ്രധാന പദ്ധതികളും ഉപേക്ഷിക്കേണ്ട നിലയിലാണ്. ജലസേചന പദ്ധതികളെയാണ് ധനകാര്യ ഗ്രാന്റിലെ കുറവ് കൂടുതൽ ബാധിക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപനം കാരണം കഴിഞ്ഞ വാർഷിക പദ്ധതിയുടെ അവസാന ഗഡു മുൻ സർക്കാരിന് വിതരണം ചെയ്യാനായിരുന്നില്ല. പുതിയ സർക്കാർ വന്നിട്ടും ഇത് ലഭ്യമാക്കാനുള്ള നടപടികൾ ഉണ്ടായിട്ടില്ല. കൂടാതെ ഈ സാമ്പത്തിക വർഷത്തെ ആദ്യ ഗഡുവും അനുവദിച്ചിട്ടില്ല. തുക വെട്ടിക്കുറച്ചതും ഗഡുക്കൾ വൈകുന്നതും മൂലം കഴിഞ്ഞ വർഷം തുടങ്ങിവച്ച വികസന പദ്ധതികളുടെ തുടർച്ച പോലും കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്.

ജില്ലാ ആസൂത്രണ സമിതികൾ പുനഃസംഘടിപ്പിച്ചില്ല

പുതിയ സർക്കാർ അധികാരത്തിലേറി രണ്ടുമാസമായിട്ടും ജില്ലാ ആസൂത്രണ സമിതികൾ (ഡി.പി.സി) പുനഃസംഘടിപ്പിക്കാത്തതിൽ പ്രതിസന്ധി. തദ്ദേശ സ്ഥാപനങ്ങളുടെ വികസന പദ്ധതികളെയാണ് ഇത് ബാധിക്കുക. സമിതികൾ രൂപീകരിക്കാത്തതു മൂലം പഞ്ചായത്തുകളുടെയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതികൾക്ക് സാങ്കേതിക അനുമതി ലഭിക്കുന്നില്ല.

അനാസ്ഥ

സാമ്പത്തിക വർഷം ആരംഭിച്ച് നാലുമാസം പിന്നിട്ടിട്ടും കോടിക്കണക്കിന് രൂപയുടെ വികസന പ്രവൃത്തികൾക്ക് തുക വകയിരുത്താനോ അംഗീകാരം നൽകാനോ നിലവിലുള്ള താത്കാലിക അഡ്‌ഹോക് കമ്മിറ്റിക്ക് സാധിച്ചിട്ടില്ല.

ഫണ്ട് വെട്ടിക്കുറച്ചത് ഇങ്ങനെ:

 പൊതുപ്ലാൻ ഫണ്ട്: മുൻ സർക്കാർ 60.76 കോടി രൂപ അനുവദിച്ചിരുന്നിടത്ത് പുതിയ ബഡ്ജറ്റിൽ 2.58 കോടി രൂപ വെട്ടിക്കുറച്ചു.

 പട്ടികജാതി- വർഗ ഘടക പദ്ധതി: പട്ടികജാതി പ്ലാനിൽ 4.17കോടിയുടെയും പട്ടികവർഗ പ്ലാനിൽ 17.14 ലക്ഷം രൂപയുടെയും കുറവ്

 ധനകാര്യ കമ്മീഷൻ ഗ്രാന്റ്: മുൻവർഷം 16 കോടി രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ വെറും 6 കോടി രൂപ മാത്രം. ബേസിക് ഗ്രാന്റ്, ടൈഡ് ഫണ്ട് ഇനങ്ങളിലും കുറവുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL