
വടക്കാഞ്ചേരി: സർക്കാർ ആശുപത്രികളിലെ ലേബർ റൂമുകളിലെയും മെറ്റേണിറ്റി ഓപ്പറേഷൻ തിയ്യറ്ററുകളിലെയും ഗുണനിലവാരം മെച്ചപ്പെടുത്താൻ രൂപീകരിച്ച ലക്ഷ്യ പദ്ധതി ലക്ഷ്യം കാണാതെ പാതിവഴിയിലാണ്. ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനീഷ്യേറ്റീവ് (ലക്ഷ്യ) പദ്ധതിയിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയും ഉൾപെട്ടെങ്കിലും സ്വപ്ന പദ്ധതി ഇപ്പോഴും എവിടെയുമെത്താതെ ഇഴയുകയാണ്. പ്രസവത്തിനിടയിലെ മരണനിരക്ക് കുറക്കുക, പ്രസവപരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് 'ലക്ഷ്യ' ആരംഭിച്ചത്. 2 കോടി 29 ലക്ഷം രൂപയാണ് അനുവദിച്ചത്. കോസ്റ്റ് ഫോർഡിനായിരുന്നു നിർമ്മാണ ചുമതല. മുറികളിൽ ഫാനുകൾവരെ ഫിറ്റ് ചെയ്തെങ്കിലും കെട്ടിടം പൂർത്തിയാക്കാൻ അധികൃതർ മറന്നു. എന്ന് തുറക്കും എന്ന ചോദ്യത്തിന് കൈമലർത്തൽ മാത്രമാണ് മറുപടി. കൊവിഡ് കാലത്താണ് നിർമ്മാണം നിറുത്തിവച്ചത്. പുനരാരംഭിക്കാൻ പണം തടസ്സമായപ്പോൾ 40 ലക്ഷം രൂപ കൂടി അനുവദിച്ചു. നിർമ്മാണം കഴിഞ്ഞാൽ മാത്രമേ പണം ലഭിക്കൂ എന്ന വ്യവസ്ഥ കോസ്റ്റ് ഫോർഡ് നിരാകരിച്ചു. നിരവധി തവണ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഇടപെട്ടെങ്കിലും ഒന്നും നടന്നതുമില്ല. അധികൃതർ തിരിഞ്ഞുനോക്കാത്ത കെട്ടിടം തുണിയുണക്കാനുള്ളയിടമായി മാറിയിരിക്കുകയാണ്.
പദ്ധതി
ലേബർ റൂമുകളുടെയും മെറ്റേണിറ്റി ഐ.സി.യുവിന്റേയും ഗുണനിലവാരം ഉയർത്തുക പ്രസവസമയത്തുണ്ടാകുന്ന സങ്കീർണ്ണതകളും മരണനിരക്കും കുറയ്ക്കുക
കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി
നവജാത ശിശുക്കൾക്ക് മികച്ച പരിചരണം ലഭ്യമാക്കുക
ആശുപത്രി കെട്ടിടനിർമ്മാണം സ്തംഭിച്ച് കിടക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. വീഴ്ച പരിഹരിച്ച് ഉടൻ തുറക്കാൻ നടപടി വേണം. നിർദ്ധന കുടുംബങ്ങളെ വെല്ലുവിളിക്കുന്ന നിലപാടുകൾ തിരുത്തണം.
ബുഷറ റഷീദ് (നഗരസഭ കൗൺസിലർ )
പടം: നിർമ്മാണം സ്തംഭിച്ച് കിടക്കുന്ന വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ലക്ഷ്യ കെട്ടിടം
പടം: ബുഷറ റഷീദ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |