
തൃശൂർ: ലോകത്തെ നിയന്ത്രിക്കുംവിധം, സമാധാനം കാത്തുസൂക്ഷിക്കുംവിധം വേദങ്ങൾ പാരായണം ചെയ്യപ്പെടണമെന്ന് കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യർ സ്വാമി വിജയേന്ദ്ര സരസ്വതി. തൃശൂർ വടക്കെ ബ്രഹ്മസ്വം മഠം വേദപാഠശാലയിൽ ആദിശങ്കരന്റെ 16 അടി വരുന്ന ശില്പത്തിന്റെ അനുജ്ഞാ സമാരോഹം നിർവഹിക്കുകയായിരുന്നു. വേദം പഠിച്ചവർക്ക് ലോകസമാധാനത്തിനായി പാരായണം ചെയ്യാൻ ഉത്തരവാദിത്വമുണ്ട്. കൂടുതൽ കുട്ടികളെ വേദം പഠിപ്പിക്കണമെന്ന് പറഞ്ഞ അദ്ദേഹം വേദപഠനം നടത്തുന്ന കുട്ടികളുടെ മാതാപിതാക്കളെ അഭിനന്ദിച്ചു. വടക്കെ മഠം സെക്രട്ടറി മുല്ലമംഗലം നാരായണൻ നമ്പൂതിരി, പ്രസിഡന്റ് അഡ്വ.ടി.പരമേശ്വരൻ നമ്പൂതിരി, ട്രഷറർ വെടിയൂർ മനോഹരൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ വടക്കുമ്പാട് പരമേശ്വരൻ നമ്പൂതിരി, വേദപാഠശാല പ്രിൻസിപ്പൽ കാപ്ര ശങ്കരനാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.
ശില്പപ്പത്തിന്റെ 95% പൂർത്തിയായി
തൃശൂർ ബ്രഹ്മസ്വം മഠം വേദപാഠശാലയിൽ 16 അടി ഉയരമുള്ള ആദിശങ്കരന്റെ ശില്പനിർമ്മാണം പൂർത്തീകരിക്കുന്നതിന് അനുവാദം ചോദിക്കുന്ന ചടങ്ങായിരുന്നു ഇന്നലെ നടന്നത്. രണ്ടടി വരുന്ന പീഠം ഉൾപ്പെടെ 16 അടി ഉയരത്തിലുള്ള കോൺക്രീറ്റ് ശില്പം ഒരുക്കിയത് തിരുനാവായ സ്വദേശി രാധാകൃഷ്ണനാണ്.
ചിന്മുദ്രാങ്കിത ഹസ്തമുദ്രയോടു കൂടിയ അർദ്ധ പദ്മാസനസ്ഥനായ ശങ്കരന്റെ ശില്പപ്പത്തിന്റെ 95 ശതമാനം പൂർത്തിയായി. ബാക്കി പ്രവൃത്തികൾ ഒരുമാസത്തിനകം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ബംഗളൂരുവിലെ ഒരു ഭക്തൻ തന്റെ അമ്മയുടെ ഓർമ്മയ്ക്കായി സമർപ്പിച്ച അഞ്ചുലക്ഷം രൂപ ചെലവിലാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |