
കൊച്ചി: മൂല്യവർദ്ധിത ഉത്പന്നങ്ങളിൽ നൂതനത്വത്തിനും സുസ്ഥിരതയ്ക്കും ഉൗന്നൽ നൽകിയാൽ ഭക്ഷ്യസംസ്ക്കരണ മേഖലയിൽ കേരളത്തിന് അനന്തമായ സാദ്ധ്യതകളാണുള്ളതെന്ന് ഈ രംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടി. പ്രകൃതി വിഭവങ്ങളുടെ ലഭ്യത, ജൈവവൈവിദ്ധ്യം, ദീർഘമായ പാരമ്പര്യം, ആഗോള വിപണി തുടങ്ങിയവ അനുകൂല ഘടകങ്ങളാണ്. എന്നാൽ അമിത കീടനാശിനി പ്രയോഗം, കാലാവസ്ഥാ വ്യതിയാനം, വിദഗ്ദ്ധ തൊഴിലാളികളുടെ ദൗർലഭ്യം എന്നിവ വെല്ലുവിളിയാണ്.
ഉപഭോക്താക്കളുടെ വിശ്വാസം പ്രധാനമാണെന്ന് ഓർക്‌ല സി.ഇ.ഒ സഞ്ജയ് ശർമ്മ പറഞ്ഞു. മികച്ച ഉദ്ധ്യമങ്ങൾ ആരംഭിക്കാൻ കർഷകർ തയ്യാറാകണമെന്നും വിതരണ ശൃംഖലയുടെ വിപുലീകരണം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സുഗന്ധവിളകളുടെ ബിസിനസിൽ കേരളം ആഗോളതലത്തിൽ മുൻനിരയിലാണെന്ന് മാൻ ഗ്രൂപ്പ് പ്രസിഡന്റ് ജോൺ മാൻ പറഞ്ഞു.
കേരളത്തെ സഹായിക്കാൻ സന്നദ്ധമാണെന്ന് എ.ഡി.ബി ഇന്ത്യൻ മിഷൻ കൺട്രി ഡയറക്ടർ മിയോ ഓക പറഞ്ഞു. കേരളത്തിലെ വിസ്തൃതി കുറഞ്ഞ കൃഷിയിടങ്ങൾ പുതിയ കൃഷിരീതികളുടെ പരീക്ഷണങ്ങൾക്ക് തടസമാണെന്ന് സിന്തൈറ്റ് എം. ഡി അജു ജേക്കബ് അഭിപ്രയപ്പെട്ടു.
ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ കേരള ഉത്പന്നങ്ങൾക്ക് മികച്ച കയറ്റുമതി സാദ്ധ്യതയുണ്ടെന്ന് ഓസ്ട്രേലിയൻ കോൺസുലേറ്റിലെ കൃഷി വിഭാഗം കൗൺസലർ കിരൺ കരാമിൽ പറഞ്ഞു .ഭക്ഷ്യസംസ്കരണ മേഖല പരിവർത്തനത്തിന്റെ പാതയിലാണെന്ന് മോഡറേറ്ററായ സി.ഐ.ഐ കേരള ചെയർമാനും മഞ്ഞിലാസ് ഫുഡ് ടെക് മേധാവിയുമായ വിനോദ് മഞ്ഞില പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |