
നിക്ഷേപ സാദ്ധ്യതകൾ മെച്ചപ്പെടുത്തി ഇന്ത്യൻ വിപണി
കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തിന്റെ അലയൊലികൾ ഒഴിഞ്ഞിട്ടില്ലെങ്കിലും സാമ്പത്തിക മേഖലയിലെ ഉണർവിന്റെ കരുത്തിൽ ഓഹരി വിപണിയിലെ മുന്നേറ്റം നടപ്പുവാരവും തുടരുമെന്നാണ് നിക്ഷേപകർ വിലയിരുത്തുന്നത്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരികൾ വാങ്ങാൻ സജീവ താത്പര്യം പ്രകടിപ്പിച്ചതാണ് നിക്ഷേപകർക്ക് പ്രതീക്ഷ വർദ്ധിപ്പിക്കുന്നത്. ഡോളർ സൂചികയിലെയും ബ്രെന്റ് ക്രൂഡിന്റെയും ചലനങ്ങളും വിപണി കരുതലോടെ കാത്തിരിക്കുന്നു. അമേരിക്കയിലെ ജി.ഡി.പി വളർച്ച ഉൾപ്പെടെയുള്ള പ്രധാന മാക്രോ ഇക്കണോമിക് കണക്കുകൾ ഈ വാരം പുറത്തുവരും.
കഴിഞ്ഞ വാരം ഇന്ത്യൻ ഓഹരി വിപണി നാല് വർഷത്തിനിടെയിലെ ഏറ്റവും മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 3,077 പോയിന്റ് നേട്ടവുമായി 76,906ൽ എത്തിയിരുന്നു. നിഫ്‌റ്റി 953 പോയിന്റ് ഉയർന്ന് 23,350ൽ അവസാനിച്ചു. അമേരിക്കൻ സാമ്പത്തിക മേഖല മികച്ച വളർച്ചയിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയും നിക്ഷേപകർക്ക് ആവേശം സൃഷ്‌ടിക്കുന്നു. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് പകരചുങ്കം ഏർപ്പെടുത്തുന്നതിന് ഡൊണാൾഡ് ട്രംപ് നിർബന്ധം പിടിച്ചാൽ ഓഹരി വിപണി വീണ്ടും വിൽപ്പന സമ്മർദ്ദത്തിലേക്ക് നീങ്ങിയേക്കും.
നിക്ഷേപകർ ഉറ്റുനോക്കുന്നത്
1. ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധവും അമേരിക്കയുടെ സാമ്പത്തിക വളർച്ച കണക്കുകളുമാകും വിപണിയുടെ നീക്കത്തെ പ്രധാനമായും സ്വാധീനിക്കുക
2. ദീർഘകാലത്തെ തകർച്ചയ്ക്ക് ശേഷം ഇന്ത്യൻ ഓഹരികൾ നിക്ഷേപത്തിന് അനുയോജ്യമായ വിലയിലായതിനാൽ വിദേശ പണമൊഴുക്ക് കൂടുന്നു
3. അമേരിക്കയിൽ ഡോളർ സൂചിക ദുർബലമാകുന്നതിനാൽ രൂപ തുടർച്ചയായി കരുത്ത് നേടുന്നതിനാൽ ഇറക്കുമതി ചെലവ് കുറഞ്ഞേക്കും
4. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിനാൽ മുഖ്യ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷ കമ്പനികൾക്ക് ആശ്വാസമാകുന്നു
വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നു
അമേരിക്കയിൽ പലിശ കുറയുന്നതും യു.എസ് കടപ്പത്രങ്ങളിലെ മൂല്യയിടിവും ഇന്ത്യയിൽ വീണ്ടും നിക്ഷേപം വർദ്ധിപ്പിക്കാൻ വിദേശ ധന സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ വാരം 12,000 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് വാങ്ങിയത്. ജനുവരി മുതൽ മാർച്ച് ആദ്യ വാരം വരെ 1.25 ലക്ഷം രൂപ ഇന്ത്യയിൽ നിന്ന് പിൻവലിച്ചതിന് ശേഷമാണ് വിദേശ സ്ഥാപനങ്ങൾ ഓഹരി വിപണിയിൽ വീണ്ടും സജീവമാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |