
പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക
ബ്രെന്റ് ക്രൂഡ്@112 ഡോളർ
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡോയിൽ വില ഇന്നലെ ബാരലിന് 112 ഡോളർ കടന്നപ്പോൾ യു.എസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില നൂറ് ഡോളറിലെത്തി. സൗദി അറേബ്യയ്ക്ക് നേരെ ഹൂതികളുടെ ആക്രമണം ശക്തമായതാണ് എണ്ണവിലയിൽ കുതിപ്പുണ്ടാക്കിയത്. എണ്ണവിലയിലെ വർദ്ധന നാണയപ്പെരുപ്പ ഉയർത്തുമെന്ന ആശങ്ക ശക്തമായതോടെ ഓഹരി വിപണി തുടർച്ചയായ മൂന്നാം ദിവസവും മൂക്കുകുത്തി.
സെൻസെക്‌സ് ഇന്നലെ 460 പോയിന്റ് ഇടിഞ്ഞ് 73,249.39ലും നിഫ്റ്റി 120.70 പോയിന്റ് നഷ്‌ടത്തോടെ 22,687.65ലും അവസാനിച്ചു. സ്മാൾ ആൻഡ് മിഡ് കാപ്പ് സൂചിക ഒരു ശതമാനത്തിനടുത്ത് ഇടിഞ്ഞു. ഐ.ടി, ഊർജ, എഫ്.എം.സി.ജി മേഖലകളിലെ ഓഹരികളാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്. മൂന്ന് ദിവസത്തിനിടെ പ്രധാന ഓഹരി സൂചികകൾ രണ്ട് ശതമാനമാണ് കുറഞ്ഞത്. ഇക്കാലയളവിൽ ബി.എസ്.ഇയിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ മൂല്യത്തിൽ 15 ലക്ഷം കോടി രൂപയുടെ ഇടിവുണ്ട്.
അടിതെറ്റി സ്വർണ വില
ക്രൂഡ് വിലയിലെ കുതിപ്പ് നാണയപ്പെരുപ്പം ഉയർത്തുമെന്ന ആശങ്ക ശക്തമായതോടെ നിക്ഷേപകർ സ്വർണത്തെ കൈവിട്ടു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 73 ഡോളർ കുറഞ്ഞ് 4,067 ഡോളറിലെത്തി. അമേരിക്കയിലെ ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ പലിശ ഉയർത്തുമെന്ന പ്രതീക്ഷയാണ് സ്വർണത്തിന് തിരിച്ചടിയായത്. കേരളത്തിൽ ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,235 രൂപയും പവന് 1,240 രൂപ കുറഞ്ഞ് 1,05,880 രൂപയുമായി. ഒക്ടോബറിൽ ഇതുവരെ പവന് 5,160 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിനിടെ പവൻ വില 2,680 രൂപ ഇടിഞ്ഞു.
രൂപയ്ക്കും സമ്മർദ്ദം
ക്രൂഡ് വിലയിലെ കുതിപ്പും ഓഹരി വിപണിയിലെ ഇടിവും രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 44 പൈസ കുറഞ്ഞ് 94.82ൽ അവസാനിച്ചു. റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലിൽ കഴിഞ്ഞ ദിവസങ്ങളിൽ രൂപ മികച്ച മൂല്യവർദ്ധന കൈവരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |