
ക്രൂഡോയിലും രൂപയും വെല്ലുവിളി
കൊച്ചി: കുതിച്ചുയരുന്ന ക്രൂഡോയിൽ വിലയും റെക്കാഡുകൾ പുതുക്കി മൂക്കുകുത്തുന്ന രൂപയും ഇന്ത്യൻ സാമ്പത്തിക മേഖലയിൽ പ്രതിസന്ധി അതിരൂക്ഷമാക്കുന്നു. ഇറാൻ യുദ്ധം തുടങ്ങിയതിന് ശേഷം മൂന്ന് മാസമായി ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറിന് മുകളിൽ തുടരുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അഞ്ച് ദിവസത്തിനിടെ പെട്രോൾ, ഡീസൽ എന്നിവയുടെ വില ലിറ്ററിന് നാല് രൂപയിലധികം വർദ്ധിച്ചതോടെ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള അവശ്യസാധനങ്ങൾക്ക് വിലക്കയറ്റം രൂക്ഷമാകും. ചരക്ക്, യാത്രാ ഗതാഗത ചെലവിൽ പത്ത് ശതമാനത്തിലധികം വർദ്ധന വരും ദിവസങ്ങളിലുണ്ടായേക്കും. ഇന്ധന അനിശ്ചിതത്വം കണക്കിലെടുത്ത് വിമാന ഇന്ധനം, പാചക വാതകം, രാസവളം തുടങ്ങിയവയുടെ വില കമ്പനികൾ വർദ്ധിപ്പിച്ചേക്കും. യുദ്ധം നീണ്ടാൽ ഉത്പാദനം നിറുത്തിവെക്കാൻ കമ്പനികൾ നിർബന്ധിതരാകുമെന്നും
ആശങ്കയുണ്ട്.
രൂപ@96.53
ക്രൂഡോയിൽ@110ഡോളർ
റെക്കാഡ് ഇടിവ് തുടർന്ന് രൂപ
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ക്രൂഡോയിൽ വിലക്കുതിപ്പും രൂപയുടെ തകർച്ച രൂക്ഷമാക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 25 പൈസ നഷ്‌ടത്തോടെ 96.53ൽ എത്തി റെക്കാഡിട്ടു. നടപ്പുവർഷം രൂപയുടെ മൂല്യത്തിൽ ആറ് ശതമാനം ഇടിവാണുണ്ടായത്. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയായി.
തുടർച്ചയായ ആറാം ദിവസമാണ് രൂപയുടെ മൂല്യത്തകർച്ച നേരിടുന്നത്.
നിയന്ത്രണം ശക്തമാകും
ഇറക്കുമതി ചെലവിലെ കനത്ത വർദ്ധന കണക്കിലെടുത്ത് ഇദ്ധന ഉപഭോഗം നിയന്ത്രിക്കാൻ സർക്കാർ കടുത്ത നടപടികൾ പ്രഖ്യാപിച്ചേക്കും. വിദേശ യാത്രകളും സ്വർണം, വെള്ളി എന്നിവയുടെ വാങ്ങൽ നിരുത്സാഹപ്പെടുത്താനും ആലോചനയുണ്ട്. പ്രതിസന്ധി തീരുന്നതു വരെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിക്കാൻ സ്വകാര്യ കമ്പനികളെയും പ്രേരിപ്പിക്കും. ഇന്ധന ഉപഭോഗം പരമാവധി കുറച്ച് വില വർദ്ധനയിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനാണ് ശ്രമം.
വെല്ലുവിളി
കരുതൽ ഇന്ധന ശേഖരം കുറയുന്നു
വിദേശ വ്യാപാര കമ്മിയിലെ വർദ്ധന
നാണയപ്പെരുപ്പ ഭീഷണി ശക്തം
വിദേശ നാണയ ശേഖരവും ഇടിയുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |