SignIn
Kerala Kaumudi Online
Tuesday, 28 July 2026 7.51 PM IST

'ആ ഉത്തരവ് നൽകിയത് പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ?',​ ​ വിദ്യാർത്ഥി സമരത്തിലെ പൊലീസ് നടപടിക്കെതിരെ പ്രിയങ്ക ഗാന്ധി

priyanka-gandhi-
പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകളും എ.കെ47 ഗണ്ണുകളും ഉപയോഗിച്ചതിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. യുവജനങ്ങളെ അപമാനിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത് എന്തിനാണെന്നും പ്രിയങ്ക ഗാന്ധി പാർലമെന്റിൽ ചോദിച്ചു. പബ്ലിക് എക്‌സാമിനേഷൻസ് ഭേദഗതി ബിൽ ചർച്ചയ്ക്കിടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിമർശനം.

'വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കേണ്ട എന്ത് ആവശ്യമാണുണ്ടായിരുന്നത്? അവർക്ക് നേരെ ലാത്തി വീശിയതും ജലപീരങ്കി പ്രയോഗിച്ചതും എന്തിനാണ്? നമ്മുടെ രാജ്യത്തെ യുവതീയുവാക്കൾക്ക് നേരെ പെല്ലറ്റ് തോക്കുകളും എ.കെ47 തോക്കുകളും ഉപയോഗിക്കാനും മാത്രം എന്ത് അത്യാഹിതമാണ് സംഭവിച്ചത്? അവർ തീവ്രവാദികളാണോ? ആഭ്യന്തര മന്ത്രി മറുപടി പറയുമോ? പെല്ലറ്റ് തോക്ക് പ്രയോഗിക്കാൻ ഉത്തരവ് നൽകിയത് ആരാണെന്ന്? ആ ഉത്തരവ് നൽകിയത് ആരാണെന്ന് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിയാണോ അതോ ആഭ്യന്തര മന്ത്രിയാണോ ഉത്തരവിട്ടത്? അവർ മറുപടി നൽകുമോ? കോൺഗ്രസ് പാർട്ടി മാത്രമല്ല, രാജ്യമാകെയാണ് ഈ ചോദ്യം ചോദിക്കുന്നത്.

രാജ്യത്തെ ഓരോ മാതാപിതാക്കളും വിദ്യാർത്ഥികളും അദ്ധ്യാപകരും ആ ചോദ്യം ചോദിക്കുകയാണ്. അതിന് മറുപടി നൽകേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. രാജ്യത്തെ യുവജനങ്ങളെ എന്തിനാണ് നിങ്ങൾ ഭയക്കുന്നത്? ഗാന്ധിജിയുടെ പാത പിന്തുടർന്ന് അഹിംസയോടെയും സമാധാനപരമായും പുഞ്ചിരിയോടെയും പ്രതിഷേധിച്ച ആയിരക്കണക്കിന് കുട്ടികളെയാണ് ഭരണകൂടം ക്രൂരമായി നേരിട്ടത്.

നാണംകെട്ട സാഹചര്യത്തിലാണ് മുൻ വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം രാജി വച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം മകർദ്വാറിൽ ഭരണപക്ഷ എം.പിമാർ അദ്ദേഹത്തെ വിജയാഘോഷത്തോടെ സ്വാഗതം ചെയ്തു. ഏതോ സൂപ്പർതാരം എത്തിയതുപോലെയാണ് അദ്ദേഹത്തെ പാർലമെന്റിൽ സ്വീകരിച്ചത്. ഇതിൽപ്പരം എന്ത് വിരോധാഭാസമാണുള്ളത്?' പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ പെല്ലറ്റ് തോക്ക് പ്രയോഗത്തിൽ പരിക്കേറ്റ സാഹിൻ ലോചബ് എന്ന വിദ്യാർത്ഥിയെ വെള്ളിയാഴ്ച രാഹുൽ ഗാന്ധി മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. ദേശീയ പതാകയേന്തി സമാധാനപരമായി പ്രതിഷേധിച്ച തന്റെ സഹോദരന് നേരെയാണ് പെല്ലറ്റ് തോക്ക് പ്രയോഗിച്ചതെന്ന് ചൂണ്ടിക്കാണിച്ച രാഹുൽ ഗാന്ധി, വിദ്യാർത്ഥിയുടെ വസ്ത്രം ഉയർത്തി പരിക്കുകൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

നീറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ജൂലായ് 20നാണ് ഡൽഹിയിൽ വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് മാർച്ച് നടത്തിയത്. തുടർന്ന് പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും (ആർ.എഫ്) ചേർന്ന് വിദ്യാർത്ഥി പ്രക്ഷോഭകരെ ലാത്തിച്ചാർജ് ചെയ്യുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്ദറിന് സമീപം പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടിപടിയുണ്ടായത്. ഇതേതുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചു. പിന്നീട് ധർമ്മേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് പ്രതിഷേധങ്ങൾ പിൻവലിച്ചത്.

English Summary

Congress MP Priyanka Gandhi criticized the central government in Parliament for the alleged use of pellet guns and AK-47s against students protesting exam irregularities in Delhi. She questioned the need for such force, asking who authorized it and implying harsh treatment of students. Gandhi also highlighted the celebratory welcome for the former education minister post-resignation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYANKA GANDHI, PELLET GUN, PARLIAMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360