
വിദേശ നിക്ഷേപകർക്ക് ആനുകൂല്യ പെരുമഴ
കൊച്ചി: സർക്കാർ കടപ്പത്രങ്ങൾ, ഓഹരി വിപണി എന്നിവയിലേക്ക് വൻതോതിൽ വിദേശ നിക്ഷേപം ആകർഷിച്ച് രൂപയ്ക്ക് കരുത്ത് പകരാനായി കേന്ദ്ര സർക്കാരും റിസർവ് ബാങ്കും വിവിധ നടപടികൾ പ്രഖ്യാപിച്ചു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റവും രൂപയുടെ അടിതെറ്റിക്കുന്നതിനാൽ ആഗോള ഫണ്ടുകൾ, പ്രവാസികൾ എന്നിവരിൽ നിന്നും പരമാവധി ഡോളർ ആകർഷിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ ബോണ്ട്, ഓഹരി വിപണികളിലേക്ക് കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നതിനാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
നടപടികൾ
1.കേന്ദ്ര സർക്കാരിന്റെ ബോണ്ടുകളിൽ(ജി. സെക്) നിക്ഷേപിക്കുന്ന വിദേശ ഫണ്ടുകൾക്ക് മൂലധന നേട്ടത്തിലും പലിശ വരുമാനത്തിലും നികുതി ഇളവ് നൽകും
2.വിദേശ നിക്ഷേപ ചാനലായ ഫുള്ളി ആക്സസിബിൾ റൂട്ട്(എഫ്.എ.ആർ) വിപുലീകരിച്ച് 15, 30, 45 വർഷങ്ങളുടെ കാലാവധിയുള്ള പുതിയ സർക്കാർ ബോണ്ടുകളിൽ പണം മുടക്കാൻ വിദേശ നിക്ഷേപകർക്ക് അനുമതി
3. സോവറിൻ ഹരിത ബോണ്ടുകളും എഫ്.എ.ആർ ചട്ടക്കൂടിന്റെ ഭാഗമാക്കി നിക്ഷേപ വിദേശ ഫണ്ടുകൾക്കും പ്രവാസികൾക്കും നിക്ഷേപിക്കാൻ അവസരമൊരുക്കും
4.വിദേശ ഇന്ത്യക്കാരുടെ എഫ്.സി.എൻ.ആർ(ബി) ഡോളറിലുള്ള ബാങ്ക് നിക്ഷേപങ്ങൾ ആകർഷകമാക്കുന്നതിന് ബാങ്കുകളുടെ ഹെഡ്‌ജിംഗ് ചെലവ് റിസർവ് ബാങ്ക് വഹിക്കും
5.ബാങ്കുകൾക്കും വിപണിക്കും അധിക ഡോളർ ലഭ്യമാക്കുന്നതിന് റിസർവ് ബാങ്കിന്റെ ഇളവ് ലഭിക്കുന്ന ഫോറെക്‌സ് സ്വാപ്പ് സംവിധാനം തയ്യാറാക്കും
കരുത്താർജിച്ച് രൂപ
റിസർവ് ബാങ്ക് വിദേശ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ട് ശക്തമായ നടപടികൾ പ്രഖ്യാപിച്ചതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം കത്തിക്കയറി. പ്രവാസികളും വിദേശ ഫണ്ടുകളും ഇന്ത്യയിലേക്ക് ഡോളർ ഒഴുക്ക് കൂട്ടുമെന്ന പ്രതീക്ഷയിൽ ബാങ്കുകളും ഫോറക്സ‌് സ്ഥാപനങ്ങളും വിപണിയിൽ സജീവമായി. ഇന്റർബാങ്ക് ഫോറിൻ എക്‌സ്ചേഞ്ചിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 81 പൈസയുടെ നേട്ടവുമായി 94.91ലേക്ക് കുതിച്ചുയർന്നു. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഉയർന്ന ഇന്ധന വിലയുമാണ് രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കിയത്.
പ്രവാസികൾക്ക് ഓഹരി നിക്ഷേപം ലളിതമാകും
നോൺ റെസിഡന്റ് ഇന്ത്യക്കാർ(എൻ.ആർ.ഐ), പ്രവാസി ഇന്ത്യൻ വംശജർ, വിദേശത്തെ മറ്റ് ഇന്ത്യക്കാർ എന്നിവർക്ക് രാജ്യത്തെ ഓഹരി വിപണിയിലെ നിക്ഷേപത്തിന് നടപടി ക്രമങ്ങൾ റിസർവ് ലളിതമാക്കി. സെബിയിൽ രജിസ്‌റ്റർ ചെയ്യാതെ ഓഹരി വിപണിയിൽ വലിയ പൊസിഷനുകൾ എടുക്കാൻ ഇനി മുതൽഇവർക്ക് കഴിയും.
എൻ.എസ്.ഇയിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളിലെ പ്രവാസി ഓഹരി പങ്കാളിത്തം
2.5 ലക്ഷം കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |