SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.27 AM IST

നഗര വികസനത്തിന് ഇനി പണമൊഴുകും

bond

മുൻസിപ്പൽ ബോണ്ട് വിൽപ്പന വരുന്നു

തുടക്കം കൊച്ചി കോർപ്പറേഷനിൽ

കൊച്ചി: കേരളത്തിലെ നഗരങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ പണം കണ്ടെത്താൻ മുനിസിപ്പൽ ബോണ്ട് വിൽപ്പനയ്ക്ക് ഒരുങ്ങുന്നു. കേരളത്തിലാദ്യമായി കൊച്ചി കോർപ്പറേഷനാണ് മുനിപ്പൽ ബോണ്ടുകൾ പുറത്തിറക്കുന്നത്. ഇതിലൂടെ 500 കോടി രൂപ സമാഹരിക്കാൻ പ്രാഥമിക നടപടികൾ ആരംഭിച്ചതായി കൊച്ചി മേയർ വി.കെ. മിനിമോൾ കേരളകൗമുദിയോട് പറഞ്ഞു. അടുത്ത ഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളും മുനിസിപ്പൽ ബോണ്ട് വിപണിയിലെത്തും. മുനിസിപ്പൽ ബോണ്ടിന് കൊച്ചി കോർപ്പറേഷന് 'സെബി" അംഗീകാരം ലഭിച്ചും. ഗ്രീൻ ബോണ്ടും സാധാരണ ബോണ്ടും വഴി 250 കോടി രൂപ വീതമാണ് സമാഹരിക്കുന്നത്. ഇതിനായി ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിന് താത്പര്യപത്രം ക്ഷണിച്ചു. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ടതിനാൽ കോർപ്പറേഷന്റെ ആസ്തി കണക്കുകൾ തയ്യാറാക്കി ഐ.എസ്.ഒ സർട്ടിഫിക്കേഷനും നേടണം. ആസ്തി രജിസ്റ്റർ തയ്യാറാക്കുന്ന ചുമതല ഊരാളുങ്കൽ സൊസൈറ്റിക്കാണ്.

ബോണ്ട് തുക തിരിച്ചടയ്ക്കേണ്ടതിനാൽ വരുമാനം ലഭിക്കുന്ന പദ്ധതികൾക്കാണ് മുൻഗണന. നഗരസഭയുടെ ഭൂമി പ്രയോജനപ്പെടുത്തി വാണിജ്യ സൗകര്യങ്ങൾ വികസിപ്പിച്ച് വാടക വരുമാനം വർദ്ധിപ്പിക്കാനാണ് ലക്ഷ്യം. ഇന്ത്യയിലെ 22 നഗരങ്ങൾ കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ 4500 കോടി രൂപ മുനിസിപ്പൽ ബോണ്ടിലൂടെ സമാഹരിച്ചിട്ടുണ്ട്.

കൊച്ചിയിലെ പ്രധാന പദ്ധതികൾ

1. കലൂരിൽ പ്രൈവറ്റ് ബസ്‌‌സ്‌റ്റാൻഡിൽ പത്ത് നിലയിൽ വാണിജ്യ മൊബിലിറ്റി ഹബ്

2. സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് 12 നിലയുള്ള സ്റ്റാഫ് ക്വാർട്ടേഴ്സ് ഇരട്ട സമുച്ചയം

3. കച്ചേരിപ്പടിയിൽ ഉഷ ടൂറിസ്റ്റ് ഹോം സമുച്ചയം 12 നിലകളിൽ പുനർനിർമ്മിക്കും

4. വാണിജ്യ കെട്ടിടങ്ങളടക്കം 12 നിലകളിൽ വൈറ്റില സോണൽ ഓഫീസ് സമുച്ചയം

''1000 കോടിയുടെ അർബൻ ചാലഞ്ച് ഫണ്ടിന്റെ ഭാഗമാണ് ബോണ്ടുകൾ. വിശദമായ പദ്ധതികൾ സെപ്തംബറിൽ സംസ്ഥാന സർക്കാരിന് സമർപ്പിക്കും.

- കൊച്ചി മേയർ വി.കെ. മിനിമോൾ

മുൻസിപ്പൽ ബോണ്ട്

നഗരസഭകൾ അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി വിപണിയിൽ നിന്ന് പണം സമാഹരിക്കാൻ പുറത്തിറക്കുന്ന കടപ്പത്രങ്ങളാണിത്. നിശ്ചിത കാലാവധിയിൽ പലിശ സഹിതം തിരിച്ചടക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHI CORPORATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360