SignIn
Kerala Kaumudi Online
Tuesday, 25 August 2026 3.39 AM IST

കൊവിഡിനിടെ തിരിച്ചടിയായി നാണയപ്പെരുപ്പവും മേലോട്ട്

inflation

ന്യൂഡൽഹി: കൊവിഡ് കാലത്ത് അവശ്യവസ്‌തുക്കളുടെ വിലക്കയറ്റവും അതിരൂക്ഷമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി നാണയപ്പെരുപ്പത്തിന്റെ കുതിപ്പ്. മൊത്തവില (ഹോൾസെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ഏപ്രിലിൽ 9.1 ശതമാനത്തിലേക്ക് കുതിച്ചുയർന്നുവെന്ന് പ്രമുഖ നിക്ഷേപ-ധനകാര്യ സ്ഥാപനമായ മോർഗൻ സ്‌റ്റാൻലിയുടെ റിപ്പോർട്ട് വ്യക്തമാക്കി. മാർച്ചിൽ മൊത്തവില നാണയപ്പെരുപ്പം 7.4 ശതമാനമായിരുന്നു.

റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ ഇപ്പോൾ മാനദണ്ഡമാക്കുന്നത് ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പമാണ്. ഉത്‌പന്നങ്ങളുടെ മൊത്തവിലയെ അടിസ്ഥാനമാക്കിയാണ് മൊത്തവില നാണയപ്പെരുപ്പം കണക്കാക്കുന്നതെങ്കിൽ, അവശ്യവസ്‌തുക്കൾ റീട്ടെയിലായി വാങ്ങാൻ കുടുംബങ്ങൾ ചെലവഴിക്കുന്ന തുക അടിസ്ഥാനമാക്കിയുള്ളതാണ് റീട്ടെയിൽ നാണയപ്പെരുപ്പം. കഴിഞ്ഞമാസം റീട്ടെയിൽ നാണയപ്പെരുപ്പം മാർച്ചിലെ 5.5 ശതമാനത്തിൽ നിന്ന് 3.9 ശതമാനത്തിലേക്ക് താഴ്‌ന്നിട്ടുണ്ടെന്നാണ് മോർഗൻ സ്‌റ്റാൻലിയുടെ വിലയിരുത്തൽ.

എന്നാൽ, മൊത്തവില വർദ്ധിച്ചതിനാലും ലോക്ക്ഡൗൺ മൂലം വിതരണശൃംഖലയിൽ തടസങ്ങൾ ഉണ്ടായേക്കാമെന്നതിനാലും വരുംമാസങ്ങളിൽ റീട്ടെയിൽ നാണയപ്പെരുപ്പവും കൂടിയേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് കൊവിഡിൽ സാമ്പത്തികഞെരുക്കം നേരിടുന്ന സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകും. റീട്ടെയിൽ നാണയപ്പെരുപ്പം നാലു ശതമാനത്തിന് താഴെയാണെങ്കിലേ പലിശനിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറാകൂ. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ധനനയ നിർണയ സമിതിയുടെ നയപ്രഖ്യാപനം അടുത്തമാസം നാലിനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, INFLATION, WPI INFLATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360