
ചെന്നൈ: നടി സുകന്യ നൽകിയ മാനനഷ്‌ട കേസിൽ പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ സൺ ടിവി നെറ്റ്‌വർക്കിനോട് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. 30 വർഷം മുമ്പ് സംപ്രേഷണം ചെയ്‌ത അഭിമുഖവുമായി ബന്ധപ്പെട്ട കേസിലാണ് നിർദേശം. 1996ൽ സൺ ടിവി സംപ്രേഷണം ചെയ്‌ത വീരപ്പന്റെ അഭിമുഖത്തിൽ സുകന്യയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയിരുന്നു.
നക്കീരൻ ഗോപാൽ വീരപ്പനുമായി നടത്തിയ അഭിമുഖത്തിലാണ് നടിയെക്കുറിച്ച് മോശമായ പരാമർശം നടത്തിയത്. ഒരു രാഷ്‌ട്രീയ നേതാവിന്റെ ബന്ധുവിനെ സുകന്യയുമായി ബന്ധപ്പെടുത്തിയായിരുന്നു പരാമർശം. ഇത് എഡിറ്റ് ചെയ്‌ത് ഒഴിവാക്കാതെയാണ് സൺ ടിവി അഭിമുഖം സംപ്രേഷണം ചെയ്‌തത്. പിന്നാലെ അഭിമുഖത്തിലെ പരാമർശം തനിക്ക് മാനഹാനി വരുത്തിയെന്ന് ആരോപിച്ച് നടി സിവിൽ കോടതിയെ സമീപിച്ചു. 10,00,500 രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹർജി. സൺ ടിവി, ഗോപാൽ, വീരപ്പൻ എന്നിവരായിരുന്നു എതിർകക്ഷികൾ.
അഭിമുഖത്തിലെ അഭിപ്രായങ്ങൾ വീരപ്പന്റേത് മാത്രമാണെന്നും തങ്ങൾക്ക് അതിൽ ഉത്തരവാദിത്തമില്ലെന്നും പ്രക്ഷേപണത്തിന് മുമ്പ് വിശദീകരിച്ചിരുന്നതായി സൺ ടിവി കോടതിയിൽ അവകാശപ്പെട്ടു. പരാമർശം ശ്രദ്ധയിൽപ്പെട്ടയുടൻ ഖേദം പ്രകടിപ്പിച്ചെന്നും അഭിമുഖം പുനഃസംപ്രേഷണം ചെയ്‌തിട്ടില്ലെന്നും സൺ ടിവി വാദിച്ചു. സുകന്യയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഗോപാലും കോടതിയെ അറിയിച്ചു. എന്നാൽ, ഇരുവരുടെയും വാദങ്ങൾ കോടതി തള്ളി.
കരാർ പ്രകാരം സൺ ടിവിക്കായിരുന്നു എഡിറ്റ് ചെയ്യാനുള്ള അവകാശം. സൺ ടിവിക്ക് അപകീർത്തികരമായ ഉള്ളടക്കത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും കമ്പനിയുടെ ചെയ്‌തി ദുരുദ്ദേശപരമാണെന്നും കോടതി നിരീക്ഷിച്ചു. കരാർപ്രകാരം അഭിമുഖം എഡിറ്റ് ചെയ്യാനുള്ള അവകാശം സൺ ടിവിക്ക് ഉണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിനെതിരെ സൺ ടിവി ഹൈക്കോടതിയെ സമീപിച്ചു. കീഴ്‌കോടതിയുടെ ഉത്തരവ് ശരിവച്ചാണ് ഹൈക്കോടതി ഇപ്പോൾ പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ നിർദേശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |