
ബംഗളൂരു: കൊടുംചൂടിൽ പണിയെടുത്ത് നട്ടംതിരിയുന്ന കർണാടകയിലെ ട്രാഫിക് പൊലീസുകാർക്ക് ആശ്വാസമായി എസി ഹെൽമറ്റുകൾ എത്തി. ചൂട് വർദ്ധിക്കുന്നതുമൂലം ട്രാഫിക് പൊലീസുകാർക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് 20 എസി ഹെൽമെറ്റുകളാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്‌തത്. സി 40 സിറ്റീസ്, ഹസിരുദല, സെൻസിംഗ് എന്നീ കൂട്ടായ്‌മകളുടെ സഹകരണത്തോടെയാണ് ബംഗളൂരു സിറ്റി കോർപ്പറേഷൻ ഹെൽമറ്റുകൾ വിതരണം ചെയ്‌തത്.
ഫുൾ ചാർജിൽ എട്ട് മണിക്കൂർവരെ പ്രവർത്തിക്കാൻ കഴിയുന്ന എസി ഹെൽമറ്റിന്റെ ഭാരം 850 ഗ്രാമാണ്. എസിയിലെ താപനില ആവശ്യത്തിനനുസരിച്ച് കൂട്ടുകയും കുറയ്‌ക്കുകയും ചെയ്യാം. 20,000 മുതൽ 30,000 രൂപ വരെയാണ് ഒരു ഹെൽമെറ്റിന് വില.
പുറം തൊഴിൽ ചെയ്യുന്നവർക്കായി ബംഗളൂരു സിറ്റി കോർപ്പറേഷൻ നേരത്തെയും ഇത്തരത്തിലുള്ള ഹെൽമറ്റുകൾ നൽകിയിട്ടുണ്ട്. ആശാവർക്കർമാർ, മാലിന്യം ശേഖരിക്കുന്ന തൊഴിലാളികൾ തുടങ്ങിയവർക്കാണ് നേരത്തെ ഹെൽമറ്റുകൾ നൽകിയത്. ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ ലഭിക്കുന്നതനുസരിച്ച് ഭാവിയിൽ കൂടുതൽപേർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പരിപാടി വിപുലീകരിക്കാനാണ് ബംഗളൂരു സിറ്റി കോർപ്പറേഷൻ പദ്ധതിയിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |