ചെന്നൈ: നടി തൃഷയെ ലക്ഷ്യമിട്ട് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന ആക്ഷേപത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ. പാർട്ടിയുടെ ദേശീയ വക്താവ് പഴ സെൽവകുമാറാണ് പരാതി നൽകിയത്.
ഉദയനിധിയിൽ നിന്ന് വിശദീകരണം തേടണമെന്നും പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കമ്മിഷൻ നോട്ടീസ് അയയ്ക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഉദയനിധിക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദയനിധിക്കെതിരെ പൊലീസിലും പരാതിയെത്തിയിട്ടുണ്ട്. ടിവികെ വനിതാ വിഭാഗം നേതാവായ ഭൈരവിയാണ് തഞ്ചാവൂർ പൊലീസിൽ പരാതി നൽകിയത്. ഇന്ന് ഉദയനിധിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനുള്ള തീരുമാനത്തിലാണ് ടിവികെ.
ഉദയനിധിക്കെതിരെ ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. മുൻ ബിജെപി നേതാവ് അണ്ണാമലൈയും ഉദയനിധിയെ വിമർശിച്ചു. എന്നാൽ താൻ തൃഷയെക്കുറിച്ചല്ല പരാമർശം നടത്തിയതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉദയനിധി സ്റ്റാലിൻ.
കാവേരി നദീജല തർക്ക വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയ്‌യെ വിമർശിക്കുന്നതിനിടയിലായിരുന്നു പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയെ ലക്ഷ്യമിട്ട് ദ്വയാർത്ഥ പ്രയോഗം നടത്തിയത്. കവേരി നദീജല തർക്കത്തിൽ ഓഗസ്റ്റ് മൂന്നിന് തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു ഉദയനിധിയുടെ പരാമർശം.
കാവേരി നദീജല തർക്കം കൈകാര്യം ചെയ്ത രീതിയെ ഉദയനിധി സ്റ്റാലിൻ വിമർശിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കാവേരി നദിയിലെ വെള്ളത്തിനായി ഇടപെടുന്നതിന് പകരം മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധയെന്ന് ഉദയനിധി ആരോപിച്ചു. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാതെ സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുന്നു. ഡി.എം.കെ. പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്നതിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ എന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ.
പിന്നാലെ വേദിക്ക് താഴെയുണ്ടായിരുന്ന ഡി.എം.കെ പ്രവർത്തകർ തൃഷയുടെ പേര് വിളിച്ചുപറഞ്ഞു. ഇതിന് ചെറുചിരിയായിരുന്നു ഉദയനിധിയുടെ മറുപടി. പിന്നാലെയായിരുന്നു ദ്വയാർത്ഥ പ്രയോഗം നടത്തിയത്. ഉടനെ താൻ കാവേരി നദിയെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഉദയനിധി തിരുത്തുകയും ചെയ്തു. പിന്നാലെ ഉദയനിധിയുടെ വാക്കുകൾ വലിയ വിവാദമാവുകയും വിമർശനങ്ങൾക്കിടയാക്കുകയുമായിരുന്നു.
TVK has filed a complaint with the National Commission for Women against Udhayanidhi Stalin, alleging he made an inappropriate remark about actress Trisha. The party has sought an explanation, a public apology, and legal action, while planning statewide protests against him.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |