SignIn
Kerala Kaumudi Online
Monday, 24 August 2026 1.10 AM IST

ഛാത്രോം കി ഗൂഞ്ച് 'കോമഡി ഷോ'യെന്ന് ബിജെപി

j

ഭരണപ്പാർട്ടിക്ക് ഉറക്കം നഷ്ടപ്പെട്ടെന്ന് കോൺഗ്രസ്

ന്യൂഡൽഹി: വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകൾ പുറത്തുകൊണ്ടുവരാൻ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന സംവാദ പരിപാടിയായ ഛാത്രോം കി ഗൂഞ്ചിനെ വിമർശിച്ച് ബി.ജെ.പി. ശനിയാഴ്ച പൂനെയിൽ സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയെന്നതിലുപരി 'രാഷ്ട്രീയ കോമഡി ഷോ'യായി മാറിയെന്ന് ബി.ജെ.പി. മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് കേശവ് ഉപാധ്യേ ആരോപിച്ചു.

വിദ്യാർത്ഥികളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം രാഹുൽ രാഷ്ട്രീയ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും വിദ്യാർത്ഥി പരിപാടിയുടെ പേരിൽ കോൺഗ്രസ് രാഷ്ട്രീയ യോഗം സംഘടിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ബി.ജെ.പിയുടെ ആരോപണം കോൺഗ്രസ് തള്ളി. രാഹുലിന്റെ പരിപാടിക്ക് ലഭിച്ച അഭൂതപൂർവമായ പ്രതികരണം കണ്ട് ഭരണപക്ഷത്തിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കോൺഗ്രസ് ദേശീയ സെക്രട്ടറി സച്ചിൻ സാവന്ത് തിരിച്ചടിച്ചു.

ഡെറാഡൂൺ, കോട്ട, പ്രയാഗ്ഡരാജ് എന്നിവിടങ്ങളിലായി നടന്ന പരിപാടിയുടെ നാലാം ഘട്ടമാണ് പുനെയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. സമൂഹത്തിൽ തങ്ങളുടെ ഇടം ഉറപ്പിക്കാൻ ജെൻസി പെൺകുട്ടികൾ ശബ്ദമുയർത്തണമെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ട് വരണമെന്നും പുനെയിൽ നടന്ന പരിപാടിയിൽ രാഹുൽ പറഞ്ഞു.

'ശബ്ദമുയർത്തൂ, അഭിമാനത്തോടെ നിൽക്കൂ, നിങ്ങളുടെ ഇടത്തിനായി പോരാടൂ' എന്ന സന്ദേശമാണ് രാഹുൽ നൽകിയത്. സമൂഹത്തിൽ സ്ത്രീകൾക്ക് അനുവദിച്ചിരിക്കുന്ന പരമ്പരാഗത പരിധികൾ മറികടന്ന് സ്വന്തം ഇടം നേടിയെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതികളുടെ ശബ്ദം സമൂഹത്തിൽ കൂടുതൽ ശക്തമായി ഉയരേണ്ട സമയമാണിത്. രാഷ്ട്രീയത്തിലും വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലയിലും പൊതുജീവിതത്തിലുമടക്കം എല്ലാ മേഖലകളിലും സ്ത്രീകൾക്ക് തുല്യമായ അവസരവും സ്വാതന്ത്ര്യവും ലഭിക്കണമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP NEWS, NATIONALNEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360